അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, July 31, 2013

ആദരാഞ്ജലികള്‍!...

ഇത് പൊട്ടില്ല!.
ഇത് ചില്ലല്ല!
ഇത് ലോഹമാണ്!.
ഇത് ആറന്മുള കണ്ണാടി!.

Friday, February 8, 2013

അമ്മയ്ക്ക് ഒരു സ്മാരകം


അമ്മ മരിച്ചിട്ടേറെയായി
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ തടാകം കരകവിഞ്ഞു
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.

വേനലിലെ ഒറ്റമരത്തിന്റെ 
ഉപമ നിര്‍മ്മിച്ചു.
വാക്കുകള്‍ വിതുമ്പിവീണു
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ  പുകമഞ്ഞ്‌ 

പ്രചോദനമായി
അമ്മ ഒഴുകിയകന്നു.
പക്ഷെ ഞാന്‍  നന്ദി കെട്ടവനല്ല
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
പാസ് 
വേഡായി കൊടുത്തു
'എന്റെ അമ്മയുടെ പേര് .'

Tuesday, August 14, 2012

ജാതി ഭ്രാന്തരുടെ സ്വന്തം നാട്


എഴുതിയത് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

പണ്ടിവിടെ
വോട്ടെത്രയെന്ന്
ചൊല്ലിയിരുന്നത്,
മാർക്കിസ്റ്റുകോൺഗ്രസ്സുബിജെപി-
യെന്നായിരുന്നെങ്കിലിന്നത്;
നായരീഴവലത്തീങ്കത്തോലിക്ക-
സുറിയാനിവഹാബിമുജാഹിദ്
സുന്നിയെന്നെല്ലാമാണ്!
ഇത് ജാതി ഭ്രാന്തരുടെ സ്വന്തം നാട്!.

Tuesday, February 14, 2012

ഗ്രഹണം

 എന്റെ നിഴല്‍ വീണു ആണോ 
നിന്റെ മുഖം മറഞ്ഞതെന്നു 
തര്‍ക്കിച്ചു തര്‍ക്കിച്ചു
രാവു തീര്‍ന്നപ്പോഴേക്കും
പുലരിവണ്ടിയുടെ കൂക്ക് കേട്ടു.
തിരക്കില്‍ ഭ്രമണം തുടരാം നമുക്കിനി 
അടുത്ത ഗ്രഹണകാലം വരേയ്ക്കും.
    

Saturday, September 3, 2011

കരട്


ഊതി നോക്കി,
തണുത്തവെള്ളം ഒഴിച്ചു,
കണ്ണടച്ചിരുന്നു,
ഓര്‍ക്കില്ല എന്ന് ഉറപ്പിച്ചു ...
എന്നിട്ടൊന്നും പോകുന്നില്ല 
നിന്നെ കുറിച്ചുള്ള വിചാരം.
ബി മധു 

Tuesday, August 30, 2011

ഉപേക്ഷിക്കപ്പെട്ട ജന്മം


എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുക്കുവാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഓമനിക്കാൻ.

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഉമ്മവെക്കാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിന്റെ
ഇളം‌ചൂടിൽ മയങ്ങാൻ.

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിൽ ചുരത്തും
ഇത്തിരി മുലപ്പാലൊന്ന് നുണയാൻ…

എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
ഓടി എന്റെ ചാരത്തണയാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെയൊന്നാശ്വസിപ്പിക്കാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെ ഉപേക്ഷിച്ചൊരമ്മയെ
തേടിപ്പിടിച്ച്,
എൻ‌മുന്നിൽ ഹാജരാക്കാൻ…

എത്രയോ കൈകാലിട്ടടിച്ചു ഞാൻ, ആരോ കണ്ട്;
എന്നെ എടുത്ത്,
ആ അമ്മത്തൊട്ടിലിൽ
കൊണ്ടിടാൻ…

എത്രനേരം കിടന്നിട്ടും
എത്രനേരം കരഞ്ഞിട്ടും
എത്രനേരം കൈകാലിട്ടടിച്ചിട്ടും,
ഒത്തിരി ആളുകൾ എന്റെ
ചുറ്റുമായ് നടന്നിട്ടും,
വന്നില്ല,, ആരും?
കേട്ടില്ല,, ആരും?
കണ്ടില്ല,, ആരും?...

ഇത്രയും ദുരന്തമീഭൂമിയിൽ; എന്നെ
കാത്തിരിപ്പുണ്ടെങ്കിൽ???
എന്തിനെന്നെ?...
ഏതോ ഒരു കാമവെറിയന്റെ
ഇത്തിരി നേരത്തെ ആഘോഷ ശിഷ്ടമായൊരെന്നെ,
എന്തിന്? പത്ത് മാസം ഉള്ളിലാക്കി വെച്ചതും,
എന്തിന്? എന്നെ ഉയിരോടെ പുറത്താക്കിയതും...

എന്തിന്?
പൊക്കിൾക്കൊടിപോലും അറുത്ത്‌മാറ്റാതെ,
എന്നെയീ പട്ടണനടുവിലെ
ഓവുചാലിൽ
ഉപേക്ഷിച്ചതും,,
പറയൂ???,,, പരമദുഷ്ടയായോരു,,, ‘തള്ളെ’,,

Sunday, August 7, 2011

ഛെ !

സൈക്കിള്‍  ചവിട്ടുന്ന  പെണ്‍കുട്ടി അശ്ലീലമാണ് .
ഇടയ്ക്കിടെ ബെല്ലില്‍ അമര്‍ത്തി 
കൈകള്‍ വിടര്‍ത്തി 
കാലുകളങ്ങനെ അകത്തി.... 

ഛെ !

ഭാര്യയുടെ പ്ലഷറിനു 
പുറകിലങ്ങനെ 
പറ്റിയിരുന്ന്
പലചരക്കുകാരന്റെ 
മകളെ മറികടക്കുമ്പോള്‍ ,

മാഷ്‌ മുറുക്കിത്തുപ്പി. 


Friday, May 20, 2011

സൈബര്‍ അനാഥ

എന്റമ്മയെ അവര്‍ കൊന്നില്ല
എന്റമ്മയിലെ അമ്മയെ അവര്‍
കഴുത്ത്‌ ഞെരിച്ചു കൊന്നു .
അവര്‍ എന്റമ്മക്കു സ്വപ്‌നങ്ങള്‍ നല്‍കി ;
കരിയര്‍ സ്വപ്‌നങ്ങള്‍
അങ്ങനെ ഞാന്‍ ജനിക്കണ്ട എന്ന്‍
അമ്മ തീരുമാനിച്ചു
എന്നെ തുണ്ടം തുണ്ടമാക്കാന്‍;
കശാപ്പ് കാരന് * അമ്മ
സമ്മത പത്രം എഴുതിക്കൊടുത്തു
എന്റമ്മയുടെ സമയം അവര്‍
വിലക്ക് വാങ്ങി ....
ഇപ്പോള്‍ അമ്മ വാടക ഗര്‍ഭപാത്രം
തേടിയലയുന്നു ...
ഇനി ജനിച്ചാല്‍ കുപ്പിയും പാലും
നിബ്ബിളും വച്ച് എന്നെ ചതിക്കുന്നു.
കുപ്പിയും പാലുമല്ല എനിക്കെന്റെ അമ്മ
എന്റെ ജീവനാണ് സ്വര്‍ഗമാണ് ...
എനിക്കാരാ എന്റെ അമ്മയെ
തിരിച്ചു തരിക ....
വെറും നോക്കുകുത്തികളായ സമൂഹമോ ?

Tuesday, February 22, 2011

കാക ശാസ്ത്രം

പാടുവാറില്ല കുയിലിനെപ്പോലെ
ആടാറില്ല മയിലിനെ പോലെയും...
കുഞ്ഞിനെ 
പറ്റിച്ചെടുത്ത നെയ്യപ്പം
ഓര്‍ക്കുമ്പോഴെല്ലാം
കുറുക്കന്റെ കൂര്‍ത്ത മുഖവും
പാടിതീരാത്ത പാട്ടും തേട്ടി തേട്ടി  വരും  

എത്ര കല്ലെടുത്ത്‌ ഇട്ടിട്ടും പൊന്തി വന്നില്ല 
ഒരു തുള്ളി പോലും സ്നേഹവും 

എന്നിട്ടിതാ പാതിരാ വണ്ടിക്കു-
മുന്നില്‍ പെട്ട് പാതി ചത്ത പൂച്ച 
എന്നോടിതാ പ്രേമം കുറുകുന്നു..
തിരക്കിട്ട് പറന്നടുത്തു ചെല്ലാന്‍ 
ഞാനാര് ഉപഗുപ്തനോ...?

Sunday, October 31, 2010

കൂട്ട്



ഒരാള്‍ എപ്പോഴും കൂടെയുണ്ട് .
ഇടവഴിയിരുളിലും,
വീടകത്തും..
കാഴ്ചവെട്ടത്തിന്  പിടിതരാതെ...


പുലരിവണ്ടി പിടിക്കാന്‍ വെച്ച അലാറം ആരുമറിയാതെ 
നേരം തെറ്റിച്ചു വൈകിക്കുവാന്‍.

വിരല്‍ നീറുവോളം കല്ലില്‍ ഉരച്ചു വെളുപ്പിച്ചെടുത്ത
തുണികളില്‍ ആരുമറിയാതെ കറ തെളിക്കുവാന്‍ 

ചെന്നികുത്താല്‍  വലഞ്ഞ് ഞാന്‍ മിഴിയടക്കുമ്പോള്‍ 
കാതരികില്‍ ഇരുന്നാര്‍പ്പ് വിളിക്കാന്‍

മുറിയില്‍ നിന്നും മുറിയിലേക്ക് ഞാന്‍ തിരക്കിട്ടോടുമ്പോള്‍
കുഞ്ഞ്‌ കുസൃതികളുമായ് സാരി തുമ്പില്‍ തൂങ്ങാന്‍ 

വിയര്‍പ്പു വാടയും മുട്ടിയുരുമ്മലുകളും അണപ്പല്ലിടയില്‍ ഞെരിച്ചമര്‍ത്തി 
തൂങ്ങിയാടിയുള്ള  ബസ്സു യാത്രക്കിടയിലും 
പണ്ടെങ്ങോ ഓര്‍മയില്‍ നിന്നും 
പറിച്ചു കളഞ്ഞ  പ്രണയഗാനം  മൂളി മിഴി നനയ്കുവാന്‍.



ഏറെ ശപിക്കും ഞാനാ കാണാത്ത  കൂട്ടിനെ 
എന്നാലുമാവില്ലെനിക്ക് പിരിഞ്ഞു ജീവിക്കുവാന്‍

ഒറ്റക്കിരുന്നു മിഴി നനയ്കുംപോഴേക്കും എത്തും 
വിരല്‍ നീട്ടി കണ്ണീര്‍ തുടക്കുവാന്‍..

എല്ലാ വിളക്കും കെടുമ്പോള്‍  നിറയും  ഇരുളിനോട് 
എന്നെ അലിയിച്ചെടുക്കാന്‍ പ്രാര്‍ത്ഥിക്കവേ 
ഒക്കെയും പോട്ടെ 
ഞാനുണ്ട് നിന്‍ ചാരെ 
എന്നാശ്വസിപ്പിക്കുവാന്‍
അരുണ്ടെനിക്ക് 
നീയല്ലാതെ ഓമലെ....
                                  ബി മധു 

Saturday, September 18, 2010

പ്രണയം

പ്രണയമൊരു വാക്കിന്‍ 
കരുത്തിലിരുവര്‍   നമ്മ
ളൊരുമിച്ചു  യാത്രയാകുന്നു..

പുഴകളില്‍ , പാടത്തി-
നരുകില്‍ നാമിരുവരും 
പ്രണയമായ് പെയ്തൊഴുകുന്നു



നിന്നില്‍ ഞാന്‍ 
വെയിലായ്  മുളയ്ക്കുന്നു 
നീയെന്നി-
ലൊരു നിലാവായ് പടരുന്നു.

പലതും പലകുറി പറയുന്നുവെങ്കിലും 
പറയാതെ ഒക്കെയും ബാക്കി...
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കുമ്പോഴും 
കാണാന്‍ കിനാവുകള്‍ ബാക്കി...
പാതി തുറന്നിട്ട ജാലകത്തില്‍ കൂടി 
ഒരുമിച്ചു രാവു കാണുന്നു
രാപ്പുഴയ്ക്കപ്പുറം
കാറ്റ് മൂളീടുന്ന 
പാട്ടിന്നു കാത് നല്‍കുന്നു

ഇനി നമ്മള്‍ ഒരുമിച്ചു 
പരിഭവ കര്‍ക്കിടം
നനയുന്നു തമ്മിലറിയുന്നു
ഒരു കരം നീട്ടു നീ 
ഞാന്‍ പിടിച്ചോട്ടെ 
ഈ പെരുവഴി ഒന്നിച്ചു താണ്ടാം.


(എം മുകുന്ദന്റെ 'പേടി' എന്ന കഥ വായിച്ചപ്പോള്‍ )
ബി മധു

Monday, August 16, 2010

അവളും കുഞ്ഞുസൂര്യനും .


അവള്‍, ഋതുക്കളില്‍ വസന്തമായ്‌, നേര്‍ത്തോ-
രരുവിതന്‍ ഗാനമായ്‌ തെന്നലായ്‌
അവളേ കുരുത്തോല മാല ചാര്‍ത്തും ചൈത്ര-
രജനിയായ് മുന്നിലൊരുങ്ങിനിന്നു .
അവള്‍, ശിലയായ്‌ നീതിസാരങ്ങള്‍ തന്‍
ഫലകമായ്‌ പെരുവഴി വക്കില്‍ നിന്നു
അവളഗ്നികുന്ടത്തിലുയിരോടെ ചാടിയോ-
രമൃത കണം പോലുയര്‍ന്നു വന്നു .
അവളെ ചാരമിഴികള്‍ തന്‍ കരടായി , പതിയുടെ
കഠിനഹൃത്തിന്‍ ദണ്ഡനമേറ്റു വാങ്ങി,
അവള്‍ ഘോരവിപിനത്തിന്‍ വിരഹിയായ്‌ ,
ഭീതിയായ്‌ ഒരു പെരുമ്പാമ്പിന്‍പിടിയിലായോള്‍.
അവളെ ഗ്രീഷ്മഭൂവിന്‍റെ പൊരിയും കിനാക്കള്‍ക്ക്
കുളിര്‍തൂകി വര്‍ഷാംബുവായ്‌ വന്നു!
അവളലമുറയിട്ടു തലതല്ലി വീഴുമൊ-
രലകടലായ്‌, അമ്മയായ്‌ നിന്നു.
അവള്‍ ശതാബ്ധങ്ങളായബലയായടിമയായ്‌
ഉഴറിപ്പിടഞ്ഞു കരഞ്ഞു വീണോള്‍.
അവളുടെ നിശ്വാസമൊരു കൊടുംകാറ്റായ്
കുലപര്‍വതങ്ങള്‍ കടപുഴക്കും.
അവളുടെ ഗര്‍ഭപാത്രത്തിലൊരു കുഞ്ഞു
സൂര്യനിന്നുണരുന്നു, മുഷ്ടി ചുരുട്ടുന്നു.

Friday, June 25, 2010

മുറിവുകള്‍


ആഴക്കയത്തിലെ
നീര്‍പ്പക്ഷികളെപ്പോല്‍
നി
¨Ê മൌനത്തില്‍
പതിയിരിപ്പുണ്ട്‌

നെടുവീര്‍പ്പുകളായി,
മറ്റ്‌ ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍ !!

നി
¨Ê മൌനം
ആവര്‍ത്തനമാകുമ്പോള്‍
എനിക്ക്‌ പറയാനുള്ളത്‌
അവസാനമില്ലാത്ത
നിലവിളി മാത്രമാകുന്നു..


ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.

Thursday, June 24, 2010

വില്പന

 ഇന്നലെയെന്റെ ബൈക്ക് വിറ്റു.
തൊണ്ണൂറുകളുടെ രാജകുമാരന്‍..

ചിരിച്ചും കരഞ്ഞും തിരക്കിട്ടോടിയും
എന്നോടൊപ്പം ഒരു പതിറ്റാണ്ടിലേറെ 
ഉഴുതു തീര്‍ത്തത് ...

ഒറ്റച്ചവിട്ടില്‍ സ്റാര്‍ട്ടായി,  ഇരമ്പി,
വിരല്‍ സ്പര്‍ശം ഏല്ക്കുമ്പോഴേ
ഗിയറു മാറി,
ക്ലച്ചു വിട്ടാല്‍ മനസ് കണക്കു  കുതിക്കുന്ന 
പഴയകാലമല്ല 
അതിനിപ്പോള്‍.

സമയത്തെ അരച്ച് കളഞ്ഞു പായുന്ന 
മണല്‍ ലോറികളോട്
മത്സരിച്ചു പറന്ന്  ,
പെണ്‍ കോളെജിനു മുന്‍പിലൂടെ 
പ്രണയ ഹോണ്‍ മുഴക്കി ഒഴുകി നീങ്ങുന്ന 
വാലന്റൈന്‍ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

പിന്നെ ഇടയ്ക്കിടെ 
പിണങ്ങിയും, പരിഭവിച്ചും 
ഏറെ ചവിട്ടിയിട്ടും സ്റാര്‍ട്ട്   ആവാതെ ,
കൈക്കരുത്താല്‍ ഗിയര്‍ മാറുമ്പോള്‍ 
പൊട്ടിത്തെറിച്ചും ,
അത്യാവശ്യങ്ങള്‍ക്ക്  ഇറങ്ങുമ്പോള്‍ 
അനാവശ്യ വാശികളുമായി
അരിശം കൊള്ളിച്ചു കൊണ്ടിരിക്കുന്നതിന്നിടയില്‍ 
പെട്ടന്ന് മുന്നറിയിപ്പില്ലാതെ 
പിണക്കം മറന്ന്  
സ്കൂളിലേക്കും ഓഫീസിലേക്കും 
ഫസ്റ്റ്‌ ഷോക്കും  
കുടുംബത്തെ മുഴുവന്‍ ചുമന്ന്
ചുമ പോലും അടച്ചു പിടിച്ച്
ഒരു കാലം....


ഒടുക്കം തണുത്തു,തനിച്ച്
പുത്തന്‍ സ്വിഫ്റിനു കാവലായി 
സ്ഥലവും പണവും ചുമ്മാ 
തിന്നുന്നുവെന്ന പഴി കേട്ട്,
'എന്നെയൊന്നു കൊടുത്ത് കളഞ്ഞേക്കണേ '
എന്ന് അമ്പല യാത്രകളില്‍ പ്രാര്‍ഥിച്ച്,
അമ്മ വടിയുമായി തിരികെ വിളിക്കും വരെ 
തൊട്ടും തടവിയും ഗിയറു മാറ്റിയും കളിക്കുന്ന 
കുട്ടികളെയും ചുമലിലേറ്റി 
മനപ്പാതയിലൂടെ പാഞ്ഞ്
ഉച്ചച്ചൂടില്‍ 
തൊലി അടര്ന്നും 
ചുളിഞ്ഞും 
അവസാനിക്കുമായിരുന്നു ...


വില്പന നടന്ന തിങ്കളാകട്ടെ
ഒറ്റച്ചവിട്ടില്‍ സ്റാര്‍ട്ടായി,  ഇരമ്പി,
വിരല്‍ സ്പര്‍ശം എല്ക്കുമ്പോഴേ
ഗിയറു മാറി,
ക്ലച്ചു വിട്ടാല്‍ മനസ് പോലെ പറന്ന്
പടികടന്ന്
എന്റെ ബൈക്ക് ...
ബി മധു 

Monday, June 14, 2010

മറയില്ലാക്കാഴ്ചകള്‍ കാണാം

പുതു മണ്ണുപുതയ്ക്കും പുതുപാ‍ടങ്ങള്‍-
കൊടിനാട്ടികള്‍ ഉഴുതുമറിപ്പതു കാണാം.
അഞ്ചരസെന്റില്‍ കടമേറിക്കെഞ്ചും-
കണ്ണീര്‍ വാര്‍ക്കും കര്‍ഷകനെക്കാണാം.

പൊട്ടിയൊലിക്കും ഓടക്കരികില്‍-
കരിക്കലം കഴുകും കൈകള്‍ കാണാം.
ഇലയില്ലാത്തൊരു മരത്തിലാടും തൊട്ടിലില്‍-
റൊട്ടിപ്പൊടികള്‍ പറുക്കും കാക്കകള്‍ കാണാം.

നാളെ ജനിക്കേണ്ട ആ കുരുന്നിനെ-
ഇന്നു ജനിപ്പിക്കും കാഴ്ചകള്‍ കാണാം.
ഇന്നു ജനിച്ചുടന്‍ കരിഞ്ചന്തയില്‍-
ഗാന്ധിത്തലകളില്‍ തൂക്കം വെയ്പതുകാണാം.

ചുമടുചുമന്നു നടന്നകലുന്ന കുരുന്നിന്‍-
പാദം കൊണ്ടമരും പാതകള്‍ കാണാം.
പാതയിലെക്കുഴിയില്‍ വാഴനടും-
വിപ്ലവത്തിന്‍ വെളിപാടിനെക്കാണാം.

വീതിപെരുത്തൊരു റോഡിന്നരുകില്‍-
പാതിപൊളിഞ്ഞ പല നിര്‍മ്മിതി കാണാം.
കെട്ടിമറച്ചൊരു കൊച്ചുകടയില്‍-
മദ്യക്കുപ്പികള്‍ അടുങ്ങിയിരുപ്പതുകാണാം.

അമ്പലമുക്കില്‍ അരയാല്‍ത്തറയില്‍-
കഴുത്തറത്ത പല കുപ്പികള്‍ കാണാം.
ഉടുതുണിയില്ലാതിഴയും കൂലിപ്പടതന്‍ കുടുംബം‍-
പെരുവെയിലില്‍ പെട്ടുഴലുന്നതുകാണാം.

കുത്തിനിറച്ചോരാ ലോറികളില്‍ പല-
പല മൂലകളില്‍ മൂക്കയറുകള്‍ കാണാം.
വരിവരി നിരയായ് അറവിന്‍ ശാലയില്‍-
ഊഴം കാത്തുകിടക്കും മാടുകളെക്കാണാം.

സമയം തെറ്റിയതോടും ബസ്സില്‍ കാശിനു-
വളയം പിടിക്കും മരണപ്പാച്ചിലുകാണാം.
നിലയില്ലാത്താ നിയന്ത്രണമോ ഒടുവില്‍-
തറയില്‍ രക്തം ചീറ്റി ചിതറിപ്പതുകാണാം.

പ്രതിഫലനങ്ങള്‍ നിലച്ചോരാറിനു കുറുകെ-
കൈവരിയില്ലാത്തൊരു പാലം കാണാം.
കട്ടുമുടിച്ചിട്ടാ കൊടികെട്ടിയകാറില്‍-
കാട്ടാളന്മാര്‍ കാട്ടും ഗോഷ്ടികള്‍ കാണാം.

മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.
മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
പലരും കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.

Saturday, June 12, 2010

നോട്ടം

ഒരു നോട്ടത്തില്‍ നിന്ന്‌
ഗ്രഹിക്കാമൊരുപാട്‌ !!

എങ്ങോ കൊളുത്തിയ
നോട്ടത്തില്‍ നിന്നാവാം
അനുരാഗത്തിന്‍ നാമ്പിലൊന്ന്‌ ....

ചിലപ്പോളൊരു നോട്ടമേറ്റ്‌
മനസ്സ്‌ കളഞ്ഞു പോയേക്കാം

നോട്ടത്തില്‍ നിന്നൊരു
മുറിവുണ്ടായേക്കാം,
മുറിവില്‍ നിന്നൊരു പുഴയും..

ദൈന്യമായ ചില നോട്ടങ്ങള്‍
ചില നേരങ്ങളില്‍
കണ്ടില്ലെന്നു നടിച്ചേക്കാം..

ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്‌
അസ്വസ്തമായ സ്വപ്നങ്ങളില്‍
പതുങ്ങിയെത്താറുണ്ട്‌
കള്ളനെപ്പോലെ...

ഒരു വാക്കു പോലുമില്ലാതെ
യാത്രാമൊഴി ചൊല്ലുവാനും
ചിലപ്പോളൊരു നോട്ടം മതി..

F¨Ê വാചാലതയെ
നോട്ടം കൊണ്ടളന്ന്‌
ഒരു വാക്കും മിണ്ടാതെ കടന്നവളേ,
ഞാനിന്നറിയുന്നു
കാകദൃഷ്ടിയായിരുന്നു നിണ്റ്റേതെന്ന്‌....

Saturday, June 5, 2010

മാവോവാദി ജനിക്കുന്നത്

വിപ്ളവം തോക്കിന്‍ കുഴലി-
ലൂടെയെന്ന് മാവോ

ഇറ്ക്കിവിട്ട ഭൂമിയില്‍നിന്ന്
ഇരവിലെപ്പശിയില്‍
ഉതിര്‍ന്ന് വീണ കണ്ണീരില്‍
കയ്യില്‍പിടിക്കാന്‍ തന്ന
തോക്കില്‍ മാവോയുണ്ടോ
എന്നെനിക്കറിയില്ലെങ്കിലും
ശീതീകരിച്ച മുറികളിലെ
പിണ - റായികള്‍ ക്കറിയാത്ത
നിര്‍ബന്ധിതാവസ്ഥയുണ്ട്

Wednesday, May 26, 2010

സ്നേഹം

പാത്തുമ്മോ...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എന്നു പറയുമ്പോഴേക്കും
നീ എന്തിനിത്ര പതഞ്ഞുപൊങ്ങുന്നു

വട്ടമാവിന്‍ ചുവട്ടിലെ
നിന്‍റെ ആട്ടിന്‍ കുട്ടിയോടും
എനിക്കു പെരുത്തിഷ്ടം തന്നെ

പിന്‍കഴുത്തില്‍ മൂര്‍ച്ചയേറിയ കത്തിവച്ച്‌
കണ്ണീരോ കരച്ചിലോ ഉതിരാതെ
കഴുത്തറത്ത്‌ സ്വന്തമാക്കും

പിന്നെ മേല്‍വസ്ത്രമുരിയും പോലെ
തോലുരിഞ്ഞു നഗ്നയാക്കും
കുടല്‍ മാലകള്‍ അറുത്തുമാറ്റി ശുദ്ധമാക്കും.

ചെറുതായരിഞ്ഞ്‌ മുളകും മല്ലിയും ഉള്ളിയും
അളവുപോലെ ചേര്‍ത്ത്‌
ഉരുളിയില്‍ വഴറ്റിയെടുക്കുമ്പോള്‍
കുമുകുമാ പൊങ്ങുന്ന മണത്തിനോടൊപ്പം തന്നെ
എന്‍റെ സ്നേഹവും നുരഞ്ഞുപൊന്തും

പാത്തുമ്മോ...
നിന്‍റെ ആടിനേക്കാളും എനിക്കിഷ്ടം
എന്‍റെ ആട്ടിടയത്തിയെ

ഉടയാടകളുരിഞ്ഞ്‌
നിന്നെ പച്ചക്കു കടിച്ചു തിന്നാന്‍ മോഹം
ആത്മാവിനെ ഊരിയെടുത്ത
നല്ല മാംസളത മാത്രമാവുന്ന
നിന്നില്‍ പല്ലുകളും നാവുമിറക്കി
കടിച്ചും നക്കിയും
പച്ചമാംസം രുചിക്കാന്‍ മോഹം

നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല
തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.
--------------------------
ഭാനു കളരിക്കല്‍

Friday, May 14, 2010


കീനാലൂര്‍

വികസനം എല്ലാവര്‍ക്കുമല്ല ;
പാവപ്പെട്ടവന്റെ തലയടിച്ചു പൊട്ടിച്ചു
ബൂര്‍ഷകള്‍ക്ക് വേണ്ടി വികസനം .
അരുതെന്ന് പറയുന്നവര്‍
മതഭ്രാന്തര്‍ തീവ്രവാദികള്‍ .
ഇളമരക്കോമാരങ്ങള്
ഉറഞ്ഞു തുള്ളുമ്പോള്‍
ഒരു കണ്ണീരിനും വിലയില്ല .

ചരിത്രം അതിന്റെ
ആണുങ്ങളെ തേടുന്നു
സത്യം സത്യമെന്ന് വിളിച്ചുപറയുന്നവരെ
പാവപ്പെട്ടവന്റെ ചോരയില്‍ വളര്‍ന്ന
പാര്‍ട്ടി അത്‌ കുടിക്കുമ്പോള്‍ ,
ചെങ്കൊടി പരവതാനിയായി
ബൂര്‍ഷകള്‍ക്ക് വിരിച്ചുകൊടുക്കുമ്പോള്‍
മൌനം കുറ്റകരമാകുന്നു.


 (© സുധീര്‍ കെ . മുഹമ്മദ്‌ ‌ )

Wednesday, May 12, 2010

“ ഏകാന്തത ”

സന്ധ്യമറഞ്ഞു കഴിഞ്ഞേയുള്ളെങ്കിലും
തനിച്ചാക്കി മയങ്ങിക്കഴിഞ്ഞൂ പ്രകൃതിയും....
കറുത്തരാവിന്‍ ഭീതി പടരുന്നു മനസ്സിൽ
സാന്ത്വനമായി തെളിയുവാനില്ലിന്നു ചന്ദ്രനും
നിഴലുകള്‍ പോലും വരാന്‍ മടിച്ചിരുന്നൊരെന്‍
കോലായിലിന്നിതാ രാവിന്റെ ഇരുളിമ...........
എന്തിനായ് ദീപം തെളിക്കേണ്ടു ഞാനിനി.......
മിഴികളൊന്നായിന്നു വിടരാന്‍ മടിക്കവേ....

കൂട്ടായിട്ടിന്നെനിക്കോര്‍മ്മകള്‍ മാത്രമായ്......
ഏകാന്തമായുള്ളൊരീ അന്ത്യയാമങ്ങളില്‍.......
കൈവിട്ടതൊക്കെയും സത്യങ്ങളെന്നതും
നേടിയതൊക്കെയും മിഥ്യയാണെന്നതും
വൈകിയറിയുന്നിതാ ഇന്നിലേക്കത്തവേ.....

മനസില്‍ കുളിര്‍മ്മയായ് വന്നിരുന്നന്നൊക്കെ
പുലരിയില്‍ നല്‍കുമെന്‍ അമ്മ തന്‍ പുഞ്ചിരി
തൊടിയിലൂടെന്നെ പിച്ചവപ്പിച്ചൊരെന്‍
അച്ഛന്‍ പകര്‍ന്നൊരാ അറിവിന്റെ തുണ്ടുകള്‍.........
ഇന്നെന്റെ മിഴി തൂവും കണ്ണീരിനാകുമൊ .............
തിരികെ തരുവാനാ കൈവിട്ട ബന്ധങ്ങളെ..........
യൌവനം തൂകിയ നിറമുള്ള സ്വപ്നത്തിനായ്...
തിരിച്ചറിവില്ലാതെ മറന്ന മൂല്യങ്ങളെ..........

വാത്സല്യമേറ്റു വളര്‍ന്ന ബാല്യത്തിലും
തെല്ലൊരു ശാഠ്യമുദിച്ച കൌമാരത്തിലും
ഞാനെന്ന ഭാവം മുളച്ച യൌവനത്തിലും
സ്വാര്‍ത്ഥമാം ചിന്തയാല്‍ മദ്ധ്യവയസ്സിലും
കാണാതെ കേള്‍ക്കാതെ പോയെന്‍‍ മനസ്സാക്ഷിയെ
ആദ്യമായറിയുന്നീ ഏകാന്തവേളയില്‍.......

സ്വാര്‍ത്ഥമാം ചിന്തയാല്‍ കാണാന്‍ മറന്നന്നു
ആത്മാര്‍ത്ഥമായുള്ള സ്നേഹബന്ധങ്ങളെ........
സ്നേഹത്തിനര്‍ത്ഥം ഗ്രഹിക്കാതെ കൈവിട്ടു
ജീവനായെന്നെ നിനച്ചവരെപ്പോലും........
സൌഹൃദം പോലും കണക്കിനാല്‍ തീര്‍ത്തു ഞാന്‍
ലാഭങ്ങള്‍ മാത്രം വരും മാനദണ്ഡങ്ങളാല്‍........
പുച്ഛിച്ചു തള്ളിയാ വാര്‍ദ്ധക്യ വചസ്സുകള്‍
പരിഷ്ക്കാരമേകിയ വര്‍ണ്ണപ്പകിട്ടിനാല്‍..........
ഞാനെന്തെന്ന സത്യം തിരിച്ചറിഞ്ഞില്ലന്ന്
അഹന്തനിറഞ്ഞൊരെന്‍ ചോരതിളപ്പിനാല്‍...

മൌനത്തിന്‍ മൂടുപടം മാത്രമുണ്ടിന്നിനി
മായാത്ത ദു:ഖത്തിന്‍ മുഖം മറച്ചീടുവാന്‍.......
മൂല്യമറിയാതെ ഞാന്‍ കൈവിട്ടതൊക്കെയും
തിരിച്ചെടുത്തീടുവാന്‍ ആവുകില്ലെങ്കിലും
കാണുവാനാശിപ്പെന്‍ നഷ്ടസ്വര്‍ഗ്ഗങ്ങളെ
എന്നെ തിരഞ്ഞെത്തുമാ ഓര്‍മ്മകളിലൂടിപ്പൊഴും.......
.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP