അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________
Showing posts with label പത്രാധിപകുറിപ്പുകള്‍. Show all posts
Showing posts with label പത്രാധിപകുറിപ്പുകള്‍. Show all posts

Thursday, March 25, 2010

ലോഡ് ഷെഡ്ഡിങ് തല്‍ക്കാലം ഇല്ല

സംസ്ഥാനത്തെ വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുധനാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ പരിധി 200 യൂണിറ്റായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം വൈകുന്നേരങ്ങളില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ബോര്‍ഡ് തീരുമാനിച്ചു.

ഗാര്‍ഹിക ഉപയോക്താക്കള്‍ പ്രതിമാസം 200 യൂണിറ്റിലധികം ഉപയോഗിച്ചാല്‍ അധികം വരുന്ന ഓരോ യൂണിറ്റിനും കൂടിയ നിരക്ക് നല്‍കണം. ഗാര്‍ഹികം ഒഴികെയുള്ള എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും 25 ശതമാനം വൈദ്യുതി നിയന്ത്രണമുണ്ടാവും. ഈ ഉപയോക്താക്കള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനമാണ് ക്വാട്ടയായി അനുവദിക്കുക. ഈ 75 ശതമാനം വൈദ്യുതിക്ക് സാധാരണ നിരക്കിലുള്ള വിലയും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്കിലുള്ള വിലയും ഈടാക്കും. താപവൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് ചെലവാകുന്ന തുക കണക്കാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് എല്ലാ വിഭാഗത്തിലെയും അധിക വൈദ്യുതിയുടെ യൂണിറ്റ് വില നിശ്ചയിക്കുക.

ഇപ്പോഴത്തെ രൂക്ഷമായ പ്രതിസന്ധി മറികടക്കാന്‍ വൈകുന്നേരങ്ങളില്‍ അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നു തന്നെയായിരുന്നു ബോര്‍ഡ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍, ലോഡ് ഷെഡ്ഡിങ് തത്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച തീരുമാനത്തിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം നേടുന്നതിനുള്ള അപേക്ഷ ബുധനാഴ്ച തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, വന്‍കിട വൈദ്യുതി ഉപയോക്താക്കളുടെ പ്രതിനിധികള്‍ക്ക് ബോര്‍ഡ് നല്‍കിയ ഉറപ്പിനു വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബോര്‍ഡ് ആസ്ഥാനത്ത് ചെയര്‍മാന്‍ രാജീവ് സദാനന്ദന്റെ അധ്യക്ഷതയിലാണ് വ്യാവസായിക -വാണിജ്യ ഉപയോക്താക്കളുടെ യോഗം ചേര്‍ന്നത്. പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതിനെ ആ യോഗത്തില്‍ എതിര്‍ത്ത ഉപയോക്താക്കള്‍ 20 ശതമാനം വൈദ്യുതി നിയന്ത്രണം ആകാമെന്നു സമ്മതിച്ചു. ഇതു സംബന്ധിച്ച കത്ത് സര്‍ക്കാരിനും കമ്മീഷനും നല്‍കാമെന്ന് ബോര്‍ഡ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം വന്നപ്പോള്‍ നിയന്ത്രണം 20ല്‍ നിന്ന്25 ശതമാനമായി. ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാന്‍ ആവശ്യമായി വരുന്ന ചെലവ് വന്‍കിടക്കാര്‍ക്ക് അഞ്ചു ശതമാനം കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി ലഭിക്കുന്ന വരുമാനത്തിലൂടെ നികത്തിയെടുക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.


Friday, March 19, 2010

കാടെവിടെന്റെ മക്കളെ


ഞായറാഴ്ച വനദിനം
ഇനി ഇവര്‍ ഇവിടെ എത്ര നാള്‍
ദത്തന്‍ പുനലൂര്‍ എടുത്ത ചിത്രം

Tuesday, February 2, 2010


അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് തനതുമുദ്ര പതിപ്പിച്ച കൊച്ചിന്‍ ഹനീഫ (61) ഓര്‍മച്ചിത്രമായി.

ചെന്നൈ പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു അന്ത്യം.
കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍ കമലഹാസന്‍ ആസ്​പത്രിയിലെത്തി ഏതാനും മിനിറ്റുകള്‍ക്കകമായിരുന്നു അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഹനീഫ അന്തരിച്ചതായി വാര്‍ത്ത പരന്നിരുന്നു. പിന്നീട് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് ആസ്​പത്രിഅധികൃതര്‍ വ്യക്തമാക്കി. നാലുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹനീഫയുടെ മൃതദേഹം ചൊവ്വാഴ്ചരാത്രി വൈകി ആംബുലന്‍സ് മാര്‍ഗം ജന്മനാടായ കൊച്ചിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച ഉച്ചമുതല്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 4.30 ന് എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ഹനീഫയുടെ മൃതദേഹം ശ്രീരാമചന്ദ്ര മെഡിക്കല്‍കോളേജില്‍നിന്ന് വിരുഗംപാക്കം ഭാസ്‌കര്‍കോളനിയിലെ വാടകവീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു. ഭാര്യ ഫാസിലയും മൂന്നു വയസ്സ് പ്രായക്കാരായ ഇരട്ടക്കുട്ടികള്‍ മര്‍വ, ഷഫ എന്നിവരും ബന്ധുക്കളും വാവിട്ടുകരഞ്ഞു.

ആസ്​പത്രിയില്‍ മലയാള നടിമാരായ സീമ, ലിസി, ഉര്‍വ്വശി എന്നിവരും ചലച്ചിത്രനിര്‍മാതാവും മെഡിമിക്‌സ് ഡയരക്ടറുമായ എ.വി.അനൂപ്, വിടുതലൈ ചിരുതൈ കക്ഷിനേതാവ് തോള്‍ തിരുമാവളവന്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

കഴിഞ്ഞ നാലുമാസമായി ഹനീഫ ശ്രീരാമചന്ദ്ര മെഡിക്കല്‍കോളേജില്‍ ചികിത്സതേടിവരികയായിരുന്നു.
28ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചശേഷം മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു.

സഹോദരങ്ങളായ അഷറഫ്, മസൂര്‍, നൗഷാദ് എന്നിവരും അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു.നാസിര്‍, റസിയ, നജ്മ എന്നിവരും സഹോദരങ്ങളാണ്.

സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ എറണാകുളം പുല്ലേപ്പടി വെളുത്തേടത്ത് എ.വി. മുഹമ്മദ് -ഹാജിറ ദമ്പതിമാരുടെ മകനാണ്. 1948ല്‍ ജനനം. കലൂര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോട്ടണി ബിരുദധാരി. പഠിക്കുമ്പോള്‍ ഏകാഭിനയവേദിയിലൂടെയാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നാടകങ്ങളിലും സജീവമായിരുന്നു. മിമിക്രി കലാരൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെയാണ് കൊച്ചിന്‍ ഹനീഫയായത്. പിന്നീട് സിനിമാമോഹവുമായി ചെന്നൈയിലേക്ക് പോയി. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം. ഒരു ചലച്ചിത്രതാരത്തിന് വേണ്ട ആകാരസൗഷ്ഠവം പോലുമില്ലാതിരുന്നിട്ടും തന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ഹനീഫ നടത്തിയ പ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നു.

ഇതുവരെ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വില്ലനായും ഹാസ്യതാരമായുമൊക്കെ തിളങ്ങി. ദിലീപ് നായകനായ 'ബോഡിഗാര്‍ഡാ'ണ് ഹനീഫ അഭിനയിച്ച് റിലീസായ അവസാന മലയാള ചിത്രം. വിജയ് നായകനായ 'വേട്ടൈക്കാരന്‍' അവസാന തമിഴ് ചിത്രം. 2001ല്‍ 'സൂത്രധാരന്‍' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.

പഴയ മദ്രാസില്‍ തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ ഹനീഫ നിറഞ്ഞുനിന്നിരുന്നു. 'വാത്സല്യം', 'ഒരു സന്ദേശം കൂടി', 'മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്', 'ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Monday, January 25, 2010

അറുപതിന്റെ നിറവില്‍


ഇന്ത്യ റിപ്പബ്ലിക്കായിട്ട്‌ 60 വര്‍ഷമായിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, അഭിമാനിക്കാന്‍ പലതുമുണ്ട്‌. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കുന്നുവെന്നതുതന്നെയാണ്‌ അവയില്‍ ഏറ്റവും പ്രധാനം. സായുധസാമ്രാജ്യത്വശക്തിയില്‍നിന്ന്‌ ഐക്യവും ആത്മബലവുംകൊണ്ട്‌ നേടിയെടുത്ത സ്വാതന്ത്ര്യം, ആഭ്യന്തരമായും ബാഹ്യമായുമുണ്ടായ വെല്ലുവിളികളെയെല്ലാം തരണംചെയ്‌ത്‌ സംരക്ഷിക്കാന്‍ നമുക്കു കഴിഞ്ഞു. ലോകത്തിലെ ഏറ്റ വും ബൃഹത്തായ ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക്‌ നീതിയും മതവിശ്വാസത്തിനും ആശയപ്രകാശനത്തിനും മറ്റുമുള്ള സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. ഇവിടത്തെ ജനാധിപത്യസംവിധാനത്തെ അന്യൂനമാക്കുന്നതും മറ്റൊന്നല്ല. ഇന്ത്യയോടൊപ്പമോ അതിനുശേഷമോ സ്വാതന്ത്ര്യംനേടിയ രാജ്യങ്ങളില്‍ പലതിലും ജനാധിപത്യം തകരുകയോ ദുര്‍ബലമാകുകയോ ചെയ്‌തു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യത്തിനു തിളക്കം കൂട്ടാന്‍ ഇന്ത്യക്ക്‌ കഴിയുന്നുവെന്നത്‌, അമൂല്യമായ നേട്ടംതന്നെയാണ്‌. സാര്‍ഥകമായ ജനാധിപത്യത്തിനുവേണ്ടി, തികഞ്ഞ ചുമതലാബോധത്തോടെ നിലകൊള്ളുന്ന പ്രബുദ്ധമായ സമൂഹമാണ്‌ അതിനു പിന്നിലുള്ളത്‌.
നമ്മുടെ റിപ്പബ്ലിക്കിന്റെ ആധാരശിലകളില്‍, സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നപോലെ, പ്രധാനമാണ്‌ മതനിരപേക്ഷതയും. നാനാത്വത്തില്‍ ഏകത്വം പുലരുന്ന സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള ഭാരതീയരെസംബന്ധിച്ചിടത്തോളം മതനിരപേക്ഷസ്വഭാവം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുവെന്നതും അഭിമാനകരമാണ്‌. ആറു ദശാബ്ദംമുന്‍പ്‌ ഇന്ത്യ പരിമിതികളും വെല്ലുവിളികളുംകൊണ്ട്‌ ഏറെ ക്ലേശിച്ചിരുന്നു. ആ സ്ഥിതിയില്‍നിന്ന്‌ എത്രയോ മുന്നോട്ടുപോയിരിക്കുന്നു. പലരംഗങ്ങളിലും രാജ്യത്തിന്‌ വന്‍പുരോഗതി കൈവരിക്കാനായി. ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള ആദ്യകാലഭരണകര്‍ത്താക്കള്‍ വികസനത്തിന്‌ അതിശക്തമായ അടിത്തറതന്നെ ഒരുക്കിയിരുന്നു. അതിന്റെ ഫലമായി കാര്‍ഷിക, വ്യാവസായിക, ശാസ്‌ത്ര, സാങ്കേതികരംഗങ്ങളില്‍ കാര്യമായ വളര്‍ച്ചയുണ്ടായി. ബഹിരാകാശഗവേഷണം, വിവരസാങ്കേതികവിദ്യ തുടങ്ങിയ ചില മേഖലകളിലാകട്ടെ ഇന്ത്യ ഇന്ന്‌ ഒരു വന്‍ശക്തിതന്നെയായിട്ടുണ്ട്‌. എന്നാല്‍, വിവിധരംഗങ്ങളില്‍ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയില്‍ അര്‍ഹമായ പങ്ക്‌ സമൂഹത്തിന്റെ അടിത്തട്ടുകളില്‍ കിടക്കുന്നവര്‍ക്ക്‌ ഇപ്പോഴും ലഭിക്കുന്നില്ലെന്നത്‌ വലിയ പോരായ്‌മതന്നെയാണ്‌. ജനങ്ങളില്‍ വലിയൊരു വിഭാഗം ദാരിദ്ര്യം അനുഭവിക്കുന്നു. വികസനനയങ്ങളുടെ പാളിച്ചകളിലേക്കാണ്‌ അതു വിരല്‍ചൂണ്ടുന്നത്‌.

കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ഭക്ഷ്യസുരക്ഷയെപ്പോലും ബാധിക്കുന്നവിധം രൂക്ഷമായി. വന്‍തോതില്‍ ധാന്യങ്ങള്‍ ഇറക്കുമതിചെയ്യാന്‍ രാജ്യം നിര്‍ബദ്ധമായിരിക്കുകയാണ്‌. വിലക്കയറ്റമാണ്‌ മറ്റൊരു പ്രധാന പ്രശ്‌നം. ഇവയുടെയെല്ലാം ദുഷ്‌ഫലം ഏറെയും അനുഭവിക്കേണ്ടിവരുന്നത്‌ സാധാരണക്കാരും പാവപ്പെട്ടവരുമാണ്‌. പരിഷ്‌കരണങ്ങള്‍ക്ക്‌ മാനുഷികമുഖംനല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം പൂര്‍ണമായിത്തന്നെ പാലിച്ചാലേ ദാരിദ്ര്യം തുടച്ചുനീക്കാനാവൂ. രാഷ്ട്രീയത്തിലെ മൂല്യച്യുതി, വര്‍ഗീയ വൈരമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍, പ്രാദേശികവാദത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്റെ പുരോഗതിയെ മാത്രമല്ല, യശസ്സിനെയും ബാധിക്കും. ഈ പ്രവണതകള്‍ക്കെതിരെയും ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവരുന്നുണ്ടെന്നത്‌ ആശ്വാസകരമാണ്‌. അടുത്തകാലത്തായി രാജ്യത്തിന്‌ ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത്‌ ഭീകരരില്‍നിന്നാണ്‌. അവരുടെ ഭീഷണി നിലനില്‍ക്കെയാണ്‌ നാം ഇന്ന്‌ റിപ്പബ്ലിക്‌ദിനം ആഘോഷിക്കുന്നത്‌. വൈവിധ്യങ്ങളും വൈരുധ്യങ്ങളും മാറ്റിവെച്ച്‌ ഭാരതീയസമൂഹം ഒരൊറ്റ മനസ്സോടെനിന്നാല്‍ ഇത്തരം ഏതു ഭീഷണിയെയും നേരിടാനാവും. ക്ഷേമരാഷ്ട്രസങ്കല്‌പം യാഥാര്‍ഥ്യമാക്കാനുതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ഭരണാധികാരികള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്കും ഈ ആഘോഷവേള പ്രേരകമാകട്ടെ എന്ന് അമ്മ മലയാളം സാഹിത്യ മാസിക പ്രത്യാശിക്കുന്നു.

Sunday, January 17, 2010

ധീര സഖാവിന്‌ ആദരാഞ്ജലികള്‍..!!

രാജ്യത്തെ കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാള്‍, പ്രഗല്‌ഭനായ തൊഴിലാളിനേതാവ്‌, മികച്ച ഭരണാധികാരി, ഇടതുപക്ഷമുന്നണിയുടെ പ്രമുഖശില്‌പി എന്നിങ്ങനെ ജ്യോതിബസുവിന്‌ വിശേഷണങ്ങള്‍ ഏറെയാണ്‌. സാര്‍ഥകമായ ഈ വിശേഷണങ്ങള്‍ക്കെല്ലാം അതീതമായ ഔന്നത്യത്തില്‍ അദ്ദേഹം എന്നേ എത്തിക്കഴിഞ്ഞിരുന്നു. വിദേശവാസമോ അവിടത്തെ പഠനമോ ബംഗാളിലെ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങാന്‍ ബസുവിനു തടസ്സമായില്ല. പില്‍ക്കാലത്തുണ്ടായ കമ്യൂണിസ്റ്റ്‌പാര്‍ട്ടിനിരോധവും അറസ്റ്റുമെല്ലാം അദ്ദേഹത്തിന്റെ ആവേശവും പ്രതിബദ്ധതയും വര്‍ധിപ്പിച്ചതേയുള്ളൂ. ബ്രിട്ടനില്‍നിന്ന്‌ ബാരിസ്റ്റര്‍പഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു പിന്നീട്‌ മുഴുവന്‍സമയ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം പോരാട്ടംതന്നെയായിരുന്നു. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ബസു ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തു. നീതിക്കും അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള പല സമരങ്ങളുടെയും മുന്‍നിരയിലും അദ്ദേഹം ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ ചരിത്രം 1946ല്‍ ആരംഭിക്കുന്നു. പിന്നീട്‌ ബംഗാളില്‍ ഡെപ്യൂട്ടിമുഖ്യമന്ത്രിയായ ബസു 1977ല്‍ കോണ്‍ഗ്രസ്‌ ഭരണം അവസാനിപ്പിച്ച്‌ മുഖ്യമന്ത്രിയായപ്പോള്‍ ബംഗാളിലും ബസുവിലും പുതിയയുഗം പിറന്നു.


കാല്‍നൂറ്റാണ്ടോളം തുടര്‍ച്ചയായി ബസു ബംഗാളിന്റെ ഭരണനായകനായി. രാജ്യത്തിനകത്തുംപുറത്തും കമ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിനുണ്ടായ പ്രശ്‌നങ്ങള്‍ പശ്ചിമബംഗാളിനെ ബാധിച്ചില്ല. അങ്ങനെ ബസു ബംഗാളിന്റെ പ്രതീകംപോലെയായി. രാഷ്ട്രീയസാഹചര്യങ്ങള്‍ക്കും സംസ്ഥാനത്തിന്റെ സവിശേഷതകള്‍ക്കുമനുസൃതമായ നയങ്ങളും നടപടികളും സ്വീകരിക്കാന്‍ മുന്‍കൈയെടുത്തുകൊണ്ടാണ്‌ ഭരണകര്‍ത്താവ്‌ എ ന്നനിലയില്‍ ബസു മുന്നേറിയത്‌. ഭൂപരിഷ്‌കാരവും അധികാരവികേന്ദ്രീകരണവും ബംഗാളില്‍ ഇടതുഭരണത്തിന്റെ അടിത്തറ ഉറപ്പിച്ചു. സ്വകാര്യവത്‌കരണം, വ്യവസായം, വൈദ്യുതി തുടങ്ങിയ മേഖലകളിലെല്ലാം പ്രായോഗികതയ്‌ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കിയപ്പോള്‍, പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌ പലപ്പോഴും അതുള്‍ക്കൊള്ളാനായില്ല. ഇത്തരം നയങ്ങളുടെയും നടപടികളുടെയും സാംഗത്യം പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക്‌ ബോധ്യമാക്കിക്കൊടുക്കലും തന്റെ ദൗത്യമായിക്കണ്ട്‌ ബസു പ്രവര്‍ത്തനം തുടര്‍ന്നു. വര്‍ഗീയലഹളയും പ്രകൃതിക്ഷോഭവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണംചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.


പ്രാദേശിക, ദേശീയ, അന്താരാഷ്ട്രസംഭവങ്ങളും പ്രശ്‌നങ്ങളും അപഗ്രഥിച്ച്‌, അവയുടെ അന്തസ്സത്തയുള്‍ക്കൊണ്ടാണ്‌ ബസു മുന്നോട്ടുനീങ്ങിയത്‌. ഛിദ്രശക്തികള്‍ക്കെതിരെ അദ്ദേഹം കര്‍ശനമായ നിലപാടെടുക്കുകയും ചെയ്‌തു. നേതൃത്വത്തിലിരിക്കെ ബംഗാളില്‍ ഇടതുമുന്നണിയുടെ ശക്തിയും ഐക്യവും വര്‍ധിപ്പിക്കാനും ജ്യോതിബസുവിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ സമുന്നതവ്യക്തിത്വവും മുന്നണിമര്യാദകള്‍ പാലിക്കുന്നതിലുള്ള നിഷ്‌കര്‍ഷയുംതന്നെയാണ്‌ അതിനു സഹായകമായത്‌. ഭരണ രാഷ്ട്രീയതലങ്ങളില്‍ ഒരുപോലെ തിള ങ്ങിയ ആ നേതാവിന്റെ പ്രതിബദ്ധതയെയും ഉദ്ദേശ്യശുദ്ധിയെയും ചോദ്യംചെയ്യാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രായോഗികരാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു. ഈ സമീപനംകൊണ്ട്‌ പാര്‍ട്ടിയുടെ മാത്രമല്ല, ഇടതുപക്ഷത്തിന്റെയാകെ പ്രസക്തി ദേശീയരാഷ്ട്രീയത്തില്‍ വര്‍ധിക്കുമെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ സാമൂഹിക,വികസനവീക്ഷണങ്ങള്‍ ഭരണത്തില്‍ സമന്വയിപ്പിച്ച ബസു ഒരിക്കലും വിമര്‍ശനങ്ങളിലോ വിയോജിപ്പുകളിലോ പതറിയില്ല. ഭരണരംഗത്ത്‌ തനിക്ക്‌ പറ്റിയ തെറ്റുകള്‍ സമ്മതിക്കാന്‍ അദ്ദേഹം സന്നദ്ധനായി.

1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ ദേശീയമുന്നണികക്ഷികള്‍ ഏറ്റവും യോഗ്യനായി കണ്ടത്‌, ദശാബ്ദങ്ങളോളം ബംഗാളിന്റെ ഭാഗധേയം നിര്‍ണയിക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ അതികായനായിത്തീരുകയുംചെയ്‌ത, ജ്യോതിബസുവിനെയാണ്‌. ആ നിര്‍ദേശം നിരാകരിച്ച തന്റെ പാര്‍ട്ടിയുടെ നടപടിയെ 'ചരിത്രപരമായ വിഡ്‌ഢിത്തം' എന്നു വിശേഷിപ്പിക്കാന്‍, പ്രായോഗികരാഷ്ട്രീയത്തിലെ ആ ബുദ്ധിരാക്ഷസന്‍ മടിച്ചില്ല. പാര്‍ട്ടിയുടെ തീരുമാനത്തെപ്പറ്റി ജ്യോതിബസു പ്രകടിപ്പിച്ച ആ അഭിപ്രായം സത്യമായിരുന്നുവെന്ന്‌ ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കാന്‍ പിന്നീട്‌ പല പാര്‍ട്ടിനേതാക്കളും നിര്‍ബദ്ധരായി. തുടക്കംമുതല്‍ ഒടുക്കംവരെ താന്‍ കമ്യൂണിസ്റ്റുകാരനാണെന്ന്‌ ബസു പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്‌. പാര്‍ട്ടിക്കുള്ളിലായാലും ഭരണരംഗത്തായാലും പല പ്രശ്‌നങ്ങളും തന്ത്രജ്ഞതകൊണ്ട്‌ നേരിടാന്‍ അദ്ദേഹത്തിനായി. വെല്ലുവിളികളെ തരണംചെയ്‌ത്‌, അനുഭവങ്ങള്‍ പാഠമാക്കി, ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകുമ്പോഴാണ്‌ രാഷ്ട്രീയപ്രവര്‍ത്തനം സഫലമാകുന്നതെന്ന്‌ സ്വന്തം ജീവിതത്തിലൂടെ ജ്യോതിബസു തെളിയിച്ചു.

മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു.

അന്തരിച്ച സമരനായകനു അമ്മ മലയാളം മാസികയുടെ ആദരാഞ്ജലികള്‍..!!
ലാല്‍ സലാം സഖാവേ

Saturday, November 14, 2009

“നിങ്ങളാരാ? ഗാന്ധിയോ?”

“നിങ്ങള്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ? സത്യാഗ്രഹം നടത്താന്‍?”


സത്യാഗ്രഹം നടത്തി പ്രതിഷേധിച്ചതിന് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി അതിനെതിരെ നടത്തിയ അവസാന നിയമയുദ്ധത്തിന്റെ പരിസമാപ്തിയില്‍ ബഹുമാനപ്പെട്ട ഒരു സുപ്രീം കോടതി ജഡ്ജി അങ്ങനെയൊരു പരാമര്‍ശം നടത്തിയത്രേ. ഒരു പക്ഷേ അസഹിഷ്ണുതാപരമായ ചില വാദഗതികള്‍ മൂലം പറഞ്ഞു പോയതായിരിക്കാം. കേസ് തീര്‍ച്ചയായും തള്ളേണ്ടതായിരുന്നിരിക്കാം. എങ്കിലും പരമോന്നത നീതിപീഠത്തില്‍ നിന്നും അത്തരമൊരു അഭിപ്രായം വന്നെന്ന് കേട്ടപ്പോള്‍ എവിടെയോ ഒരു വേദന. ഒരു തിരിച്ചറിവ്. ഇന്നും ഗാന്ധിയുടെ ഇടം കോടതിമുറിയില്‍ തന്നെയല്ലോ എന്ന് ഒരു അസ്വസ്ഥത.

ഇല്ല. ആ കുട്ടി ഗാന്ധിയാവാന്‍ വഴിയില്ല. സത്യാഗ്രഹവും സമരവും നടത്തി ഗാന്ധി പ്രവര്‍ത്തിച്ചപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ കുറ്റാരോപിതനാക്കി. ബ്രിട്ടീഷുകാരനായ ഒരു ജഡ്ജിയുടെ മുന്നില്‍ അദ്ദേഹത്തെ കുറ്റവിചാരണചെയ്യാന്‍ കൊണ്ടുവന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124-A വകുപ്പ് - ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ “രാഷ്ട്രീയ കുറ്റങ്ങളുടെ രാജകുമാരന്‍” എന്നറിയപ്പെടുന്ന കുറ്റം. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ ശിക്ഷിക്കരുതെന്നും ഒന്നും ഗാന്ധി വാദിച്ചില്ല. താന്‍ ആ കുറ്റം ചെയ്തു എന്നുമാത്രമല്ല, അത് ചെയ്യേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും കൂടി മഹാത്മാവ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞില്ല, നിയമം ആ കുറ്റത്തിന് അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തനിക്ക് നല്‍കണം എന്ന് കോടതിയോടഭ്യര്‍ത്ഥിച്ചു. അതാണ് ഗാന്ധി.

കോടതിയില്‍ തന്റെ വിശ്വാസങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തന്നെ ശിക്ഷിച്ച മാനേജ്മന്റിനെതിരെ കേസ് നല്‍കിയ ഇന്ദുലേഖയെന്ന പെണ്‍കുട്ടിയോട് “നിങ്ങളാ‍രാ ഗാന്ധിയോ” എന്ന ചോദ്യമായിരുന്നില്ല കോടതി ഉയര്‍ത്തേണ്ടിയിരുന്നത്. “നിങ്ങള്‍ ഗാന്ധിയാകൂ” എന്ന് പറയുകയായിരുന്നു.

നമ്മുടെ യുവത്വം ഗാന്ധിയാകാന്‍ നമ്മള്‍ ആശിക്കുന്നില്ല. നമ്മുക്ക് വേണ്ടത് തിരഞ്ഞെടുപ്പിനെക്കാള്‍ iplനെ സ്നേഹിക്കുന്ന, ദരിദ്രനായ സഹോദരനെ കാണാതെ സൌന്ദര്യ മത്സരങ്ങളില്‍ അഭിരമിക്കുന്ന, കാതടപ്പിക്കുന്ന സംഗീതവും ആരോഗ്യമില്ലാതാക്കുന്ന ഫാസ്റ്റ് ഫുഡും ഇഷ്ടപ്പെടുന്ന ഒരു യുവതയെ ആണ്. അവര്‍ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും സഹിക്കാത്ത ഒരു സംവിധാനമാണ് നമ്മുടേത്. പരാജിതന്‍ തീവ്രവാദിയും വിജിഗേഷു സ്വാതന്ത്ര്യസമരസേനാനിയുമാകുന്ന ചരിത്രമാണ് നമുക്കുള്ളത്.

പ്രതിഷേധിക്കുന്ന യുവതയോട് “നിങ്ങളാരാ? ഗാന്ധിയോ” എന്ന് ചോദിക്കുന്ന ഒരു സംവിധാനമായിരുന്നോ പുഞ്ചിരിയോടെ ജയില്‍ വാസം വാങ്ങിയ രാഷ്ട്രപിതാവ് ആശിച്ചതെന്ന ചോദ്യം അപ്രസക്തമാണ്. ചോദ്യം ചെയ്യാതെയുള്ള വിധേയത്വം തന്നെയാണ് ഏത് സംവിധാനവും ആഗ്രഹിക്കുന്നതെന്ന വസ്തുത നമ്മളും മനസ്സിലാക്കുക. ഒരു വിപ്ലവവും അനുവാദത്തോടെ നടക്കുന്നില്ല എന്ന സത്യം ഇന്ദുലേഖയും മനസ്സിലാക്കട്ടെ. ഏത് ആദര്‍ശത്തെ മുന്‍‌നിറുത്തിയാണെങ്കിലും ആത്മാര്‍ത്ഥതയോടെ പ്രതിഷേധിക്കാന്‍ നമ്മുടെ യുവാക്കള്‍ക്ക് കഴിയട്ടെ എന്നും നമുക്കാശിക്കാം.
തുറന്ന ഏട്, അതിലെ പശു

ഒടുവില്‍ ഭരണഘടനയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാവലാളായ ബഹു: സുപ്രീം കോടതി ജഡ്ജിമാര്‍ അവരുടെ ധനസ്ഥിതികള്‍ വ്യക്തമാക്കാന്‍ തീരുമാനിച്ചു. സമ്പത്ത് വിവരങ്ങള്‍ രേഖാമൂലം സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കുവാന്‍ തീരുമാനമായി. ശല്യക്കാരായ പൊതുജനങ്ങള്‍ക്ക് അതൊക്കെ കാണിച്ച് കൊടുക്കേണ്ട യാതൊരാവശ്യവും ഉള്ളതായി നീതിപീഡത്തില്‍ വിരാജിക്കുന്നവര്‍ക്ക് തോന്നിയിട്ടില്ല. നമ്മുടെ ജനാധിപത്യത്തിന്റെ അപജയം പൊതുജനം ശല്യക്കാരനായതു തന്നെ. സ്വതന്ത്രമായ നീതിനിര്‍വഹണ സംവിധാനം ഏതൊരു ഭരണകൂടത്തിനും ആവശ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പ് നല്‍കാന്‍ വളരെയേറെ സംരക്ഷണം നമ്മുടെ ന്യായാധിപന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പോരാത്ത സ്വാതന്ത്ര്യങ്ങള്‍ കാരണവരുടെ ‌‌‌‌സര്‍വ മുക്ത്യാര്‍ കിട്ടിയ അനന്തിരവനെ പോലെ കോടതി “സ്വയം എഴുതി” എടുത്തിട്ടുമുണ്ട്. നിയമനിര്‍മാണസംവിധാനത്തിലെ രാഷ്ട്രീയരാക്ഷസരില്‍ നിന്നും കാര്യനിര്‍വഹണസംവിധാനത്തിലെ ഉദ്യോഗദുഷ്പ്രഭുക്കന്മാരില്‍ നിന്നുമൊക്കെ അങ്ങിനെ നമ്മുടെ കോടതികള്‍ സര്‍വ സ്വതന്ത്രരായി. പോര... ഇനി പൊതുജനം എന്ന ഒരു ഭീഷണികൂടി നില നില്‍ക്കുന്നു കോടതിയുടെ സ്വാതന്ത്ര്യത്തിന്. അവരില്‍ നിന്നുകൂടി രക്ഷിക്കണം കറുത്ത ഗൌണിനെ. തിരഞ്ഞെടുത്തധികാരത്തില്‍ വരുന്ന രാഷ്ട്രീയക്കാര്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടണം എന്നത് “ഉന്നതമായ ജനാധിപത്യ മര്യാദയായി” കണ്ട സുപ്രീം കോടതിക്ക് എങ്ങിനെ ജഡ്ജിമാര്‍ക്കാ മര്യാദ വേണ്ട എന്ന് തീരുമാനിക്കാനാവും എന്നത് വിചിത്രമായിരിക്കുന്നു. ഒരിടത്ത് വായിച്ച വിചിത്രന്യായം (അതിനൊരു പഞ്ഞവുമില്ലല്ലോ കോടതികളില്‍) വരവില്‍ കവിഞ്ഞ സ്വത്ത് തടുത്തുകൂട്ടിയ ഒരാളെ വിചാരണ ചെയ്യുന്ന ജഡ്ജിയോട് അയാള്‍ ജഡ്ജിയുടെ സ്വത്തിന്റെ ഉറവിടം അന്വേഷിച്ചാലോ എന്നാണ്. സ്വത്തും അതിന്റെ ഉറവിടവുമൊക്കെ ആദ്യം തന്നെ പരസ്യമാക്കിയാല്‍ പിന്നെ എന്തിനാണ് അയാള്‍ അത് വിചാരണ സമയത്ത് അന്വേഷിക്കുന്നതെന്നും, ഇനി അങ്ങിനെ ചോദിച്ചാല്‍ നെഞ്ച്‌ വിരിച്ച്.. “ന്നാ പിടിച്ചോ” എന്ന വിധം മറുപടി നല്‍കാന്‍ എന്താണ് ജഡ്ജിക്കൊരു ബുദ്ധിമുട്ടെന്നും എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മേല്‍ ചോദ്യത്തെ “എന്നെ കണ്ടാല്‍ കിണ്ണം കട്ടതാന്ന് തോന്നുമോ?” എന്ന് തര്‍ജ്ജമ ചെയ്യുന്ന പൊതുജനം ശല്യക്കാരനല്ല. ബുദ്ധിമാനാണ്. ഞങ്ങള്‍ക്ക് മറക്കാനൊന്നുമ്മില്ലെന്ന് പറഞ്ഞ് മുന്നില്‍ വന്ന ചില ഹൈക്കോടതി ജഡ്ജിമാര്‍ കാണിച്ച ധൈര്യം കുറച്ച് കാണരുത്. അവര്‍ ചെറിയ ത്യാഗമല്ല ചെയ്തത്. അവരുടെ സ്ഥലം മാറ്റവും പ്രമോഷനും ഒക്കെ തീരുമാനിക്കുന്ന സുപ്രീം കോടതിയുടെ മുതിര്‍ന്ന ജഡ്ജിമാരുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കയാണവര്‍ ചെയ്തത്. ആ സൌകര്യങ്ങളെക്കാള്‍ അവരുടെ സ്വാതന്ത്ര്യത്തെയും, വിശ്വാസതയെയും, പൊതുജനത്തെയും അവര്‍ വില മതിച്ചു. അതിനി “വിലകുറഞ്ഞ പ്രസിദ്ധിക്ക്” വേണ്ടിയാണെങ്കില്‍ പോലും ചരിത്രത്തില്‍ അവര്‍ അവരുടെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സ്വത്ത് വിവരങ്ങള്‍ ഉയര്‍ന്ന നീതിപീഠത്തിലെ ജഡ്ജിമാര്‍ ഫയലാക്കുന്നുണ്ടോ എന്ന വിവരം നല്‍കണം എന്ന കേന്ദ്രവിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആ വിഷയത്തില്‍ പൊതുവേദിയില്‍ സംസാരിക്കുന്നത് ശരിയോ എന്ന ഒരു സംശയം ആദ്യം മുതല്‍ക്കേ എനിക്കുണ്ട്. ഇതൊരു സാധാരണക്കാരന്‍ ഫയലാക്കിയ ഹര്‍ജിയെങ്കില്‍ അയാളുടെ സമാനമായ പരസ്യ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാവില്ലേ? അത് കോടതിയുടെ സ്വാതന്ത്ര്യത്തിനൊരു ഭീഷണിയല്ലേ? ഏയ്.. അങ്ങിനെ ഒന്നും ഹൈക്കോടതി ജഡ്ജിമാര്‍ അവരുടെ മുന്നിലെ കേസില്‍ സ്വാധീനിക്കപ്പെടില്ല എന്ന മറുപടി എനിക്ക് കേള്‍ക്കാം. ഇല്ല എന്ന് തന്നെ വിശ്വസിക്കാം. അങ്ങിനെ സ്വാധീനിക്കപ്പെടാത്ത - ഉയര്‍ന്ന സ്വാതന്ത്ര്യബോധമുള്ള - ആ ജഡ്ജിമാര്‍ എന്തിനവരുടെ സ്വത്ത് വിവരത്തെ ഭയക്കണം? ഇം‌പീച്ച്മെന്റ് പോലെ അസാധ്യമായ പുറത്താക്കലും, സേവന വേതന വ്യവസ്ഥകളുടെ സംരക്ഷണവും, കോടതിയലക്ഷ്യനിയമവും, കൊളീജിയം വഴിയുള്ള നിയമനവും ഒന്നും അല്ല സ്വാതന്ത്ര്യത്തിനുള്ള ഉറപ്പ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി അയാള്‍ തന്നെയാണ്. അയാളുടെ ഉള്ളിലെ (പട്ടിട്ട് മൂടേണ്ടതും അല്ലാത്തതുമായ) വിധേയത്വങ്ങളാണ്. അവയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഭരണഘടനക്കും അയാളെ സഹായിക്കാന്‍ കഴിയില്ല. തന്നില്‍ നിന്ന് തന്നെ സ്വതന്ത്രനായവനു മാത്രമേ, മറ്റുള്ളവരില്‍ നിന്ന് സ്വതന്ത്രനായിരിക്കാനാവൂ. അതുവരെ എത്ര സുതാര്യവും ശക്തവുമായ സംവിധാനവും പ്രയോജനരഹിതവും ശക്തിഹീനവുമായിരിക്കും.

മുഖ്യ പത്രാധിപര്‍


.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP