അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, July 31, 2013

ആദരാഞ്ജലികള്‍!...

ഇത് പൊട്ടില്ല!.
ഇത് ചില്ലല്ല!
ഇത് ലോഹമാണ്!.
ഇത് ആറന്മുള കണ്ണാടി!.

Friday, February 8, 2013

അമ്മയ്ക്ക് ഒരു സ്മാരകം


അമ്മ മരിച്ചിട്ടേറെയായി
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ തടാകം കരകവിഞ്ഞു
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.

വേനലിലെ ഒറ്റമരത്തിന്റെ 
ഉപമ നിര്‍മ്മിച്ചു.
വാക്കുകള്‍ വിതുമ്പിവീണു
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ  പുകമഞ്ഞ്‌ 

പ്രചോദനമായി
അമ്മ ഒഴുകിയകന്നു.
പക്ഷെ ഞാന്‍  നന്ദി കെട്ടവനല്ല
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
പാസ് 
വേഡായി കൊടുത്തു
'എന്റെ അമ്മയുടെ പേര് .'

Tuesday, August 14, 2012

ജാതി ഭ്രാന്തരുടെ സ്വന്തം നാട്


എഴുതിയത് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

പണ്ടിവിടെ
വോട്ടെത്രയെന്ന്
ചൊല്ലിയിരുന്നത്,
മാർക്കിസ്റ്റുകോൺഗ്രസ്സുബിജെപി-
യെന്നായിരുന്നെങ്കിലിന്നത്;
നായരീഴവലത്തീങ്കത്തോലിക്ക-
സുറിയാനിവഹാബിമുജാഹിദ്
സുന്നിയെന്നെല്ലാമാണ്!
ഇത് ജാതി ഭ്രാന്തരുടെ സ്വന്തം നാട്!.

Tuesday, May 29, 2012

കാറ്റില്‍ ഉയരെ ...

നല്ല കാറ്റുള്ള ദിവസമായിരുന്നു അന്ന്..
പോസ്റ്റുമാന്‍   മുട്ടിയപ്പോള്‍ തന്നെ അമ്മ  വാതില്‍ തുറന്നു .കൈയ്യില്‍ വാങ്ങുന്നതിന് മുന്‍പ് തന്നെ കാറ്റ് കത്തിനെ വീടിനകത്തേക്ക് പറത്തിക്കളഞ്ഞു...വാതില്‍ വലിച്ചടച്ച് അമ്മ കത്തിന് പിറകെ ഓടിയെത്തി ...
                         ജനല്പാളികള്‍ അടച്ചും തുറന്നും കളിക്കുകയായിരുന്ന കുഞ്ഞു ടോം അമ്മയെ നോക്കി "ഞാന്‍ പുറത്തു പോയി കളിച്ചോട്ടേ?"
"സൂക്ഷിക്കണം... പുറത്തു ഭയങ്കര കാറ്റാണ്‌."മുഴുവന്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ  ജനലരികില്‍ നിന്നും ഊര്‍ന്നിറങ്ങിയ   ടോം വാതില്‍ ഒച്ചയോടു കൂടി വലിച്ചു തുറന്നു. കാറ്റ് വീടിനകത്തെയ്ക്കു പാഞ്ഞ് കയറി അമ്മയുടെ കൈയ്യിലെ കത്തിനെ വീണ്ടും പറത്തിക്കളഞ്ഞു.
 "ഓ..."അമ്മ കത്തിന് പിറകെ ഓടുമ്പോള്‍ കുഞ്ഞ്‌ ടോം വീടിനു പുറത്തു കടന്നു വാതില്‍ ആഞ്ഞടച്ചു.
ശക്തമായ കാറ്റില്‍ ആടി ഉലയുന്ന മരങ്ങളില്‍ നിന്നും ഇലകള്‍ പറന്ന് വരുന്നുണ്ടായിരുന്നു ., പച്ചയും,മഞ്ഞയും ചുവപ്പും കലര്‍ന്ന ഇലകളുടെ കാറ്റ് ...
അവ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നു മുറ്റത്തെയ്ക്കും തിരിച്ചും പറന്ന് കളിച്ചു ...
ഒരു ചെറിയ ചുഴിയില്‍  പെട്ട് കറങ്ങി കൊണ്ടെന്ന വണ്ണം കുറെ ഇലകള്‍ പരസ്പരം കലപില കൂട്ടികൊണ്ട് ആഹ്ലാദത്തോടെ തെരുവിലേക്ക് ഒഴുകി പോകുന്നുണ്ടായിരുന്നു.
ടോം അവയെ ആഹ്ലാദത്തോടെ നോക്കി  നിന്നു
       " ഒരു ഇലയായിരുന്നെങ്കില്‍ എനിക്കും അവയോടൊപ്പം  പറന്ന് കളിക്കാമായിരുന്നു.."    ഇങ്ങനെ പറഞ്ഞു കൊണ്ട് കുഞ്ഞ്‌ ടോം പറന്ന് നടക്കുന്ന ഇലകളുടെ നിറങ്ങളുടെ ഇടയിലേക്ക് ഉയര്‍ന്നു പോയി !!
                 

 "ടോം നിന്റെ കമ്പിളി കുപ്പായമിടൂ.." അമ്മ അവനെ ഉറക്കെ വിളിച്ചു കൊണ്ട് വരാന്തയിലേക്ക്‌ വന്നു .പക്ഷെ ടോം മുറ്റത്ത്‌ ഉണ്ടായിരുന്നില്ല ."ടോം ..."അമ്മ അവനെ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു.
                       കുഞ്ഞ്‌ ടോമാകട്ടെ ഒരു ഇലയായി മാറിക്കഴിഞ്ഞിരുന്നു.തെരുവിലെ  മറ്റു ഇലകള്‍ക്കൊപ്പം പറക്കുമ്പോള്‍ അവന്‍ കാറ്റിനോടൊപ്പം ഉയരുകയും താഴുകയും ചെയ്തു .നിര്‍ത്തിയിട്ട വണ്ടികളിലും ഇലക്ട്രിക് പോസ്റ്റുകളിലും അവന്‍ ഉരുമ്മി.ഒരു പേരമരത്തിന്റെ ഇല അവനെ തൊട്ടു കടന്നു പോയി.

             ഇത് കൊള്ളാമല്ലോ .. അവന് തോന്നി  .പേരയുടെ തളിരിലയുമായി ഒരു പറക്കല്‍ മത്സരം ആയാല്‍ എന്താ...?
അവന്‍ പേരയിലയുടെ  തൊട്ടു പിറകേ കുതിച്ചു പറഞ്ഞു.തുടുത്ത പച്ച നിറമായിരുന്നു അതിന്.അവന്റെ ദേഹത്തെ പച്ച ഞരമ്പുകള്‍ തെളിഞ്ഞു കാണാമായിരുന്നു.സൂര്യന്റെ വെളിച്ചം കുഞ്ഞ്‌ ടോമിലയുടെ കണ്ണുകളില്‍ തട്ടി. അവര്‍ രണ്ട് പേരും ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു.
"നമ്മള്‍ എവിടെക്കാണ്‌ പോകുന്നത് ..?" ടോം കൂട്ടുകാരനോട് ചോദിച്ചു.
"എവിടെക്കായാലെന്താ ..?"കൂട്ടുകാരന്‍ പറഞ്ഞു "പോകാവുന്നിടത്തോളം നന്നായി രസിക്കണം എന്നെ എനിക്കുള്ളൂ "
"അങ്ങനെ അല്ല കൂട്ടരേ" അപ്പോള്‍ അവരോടൊപ്പം പറന്നെത്തിയ പ്ലാവില പറഞ്ഞു."യാത്ര ചെറുതായിരിക്കും പക്ഷെ അതിനെ ആവുന്നത്ര മനോഹരമാക്കുന്നതിലാണ് കാര്യം..മാത്രവുമല്ല അവസാനം എന്നത് വേറെ പലതിന്റെയും തുടക്കവും ആയേക്കാമല്ലോ  "
'ഒരു ഇലയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും ഏറെ വലിയൊരു കാര്യം' കുഞ്ഞ്‌ ടോമില ആലോചിച്ചു
"നമ്മള്‍ എവിടെയാണ് അവസാനം എത്തുക?" അവന്‍ വീണ്ടും ചോദിച്ചു.
 "കാറ്റ് ഈ ദിശയിലാണെങ്കില്‍ നഗരത്തിലെ ചവറു  കൂനയില്‍ ആണ് നമ്മള്‍ എത്തുക " പ്ലാവില പറഞ്ഞു .
"അയ്യേ... എനിക്കങ്ങോട്ട് പോണ്ടാ .." ടോം പറഞ്ഞു
"ങെ ചവറു  കൂനയിലെക്കോ അവിടെ എന്റെ കുറെ കൂട്ടുകാര്‍ ഉണ്ടല്ലോ  നീ എന്റെ കൂടെ വാ ..നല്ല രസമായിരിക്കും  " പേരയില ടോമിനെ വിളിച്ചു.

       "നോക്ക് ..ഈ ദിശയിലേക്കു പറന്നാല്‍ കാറ്റ്  നമ്മളെ മുകളിലേക്ക് ഉയര്‍ത്തും.ഇത് വരെ കാണാത്ത പല കാഴ്ചകളും നമുക്ക് കാണാം " തന്റെ ചുവപ്പും മഞ്ഞയും ഇട കലര്‍ന്ന ശരീരം വേറൊരു ദിശയിലേക്കു തിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പ്ലാവില പറഞ്ഞു.
ടോം എന്തു വേണമെന്ന് ചിന്തിച്ചു.കാറ്റ് അപ്പോഴും അവരെ പറത്തുകയായിരുന്നു.
"ചവറുകൂനയ്ക്ക്    അരികില്‍ പുതിയ കൂട്ടുകാരോടൊപ്പം കളിക്കാന്‍ എന്തു രസമാണെന്നോ "പേരയില അവനോടു പറഞ്ഞു.
"അത് ശരിയാണ് ..പക്ഷെ മുകളില്‍..." ടോം തല ഉയര്‍ത്തി നോക്കി..കാറ്റ് അവന്റെ മുഖത്തേയ്ക്ക്   ആഞ്ഞു വീശി ..കണ്ണു തുറക്കാന്‍ പോലും അവന്‍ പ്രയാസപ്പെട്ടു.
"ഓ അല്ലെങ്കില്‍ തന്നെ ഈ മുടിഞ്ഞ കാറ്റില്‍ ദിശ മാറ്റുന്നതൊന്നും അത്ര എളുപ്പമാവില്ല " പേരയില വീണ്ടും പറഞ്ഞു
"ശരി തന്നയാണ് കൂട്ടുകാരാ...,നമുക്ക് വേഗം ചവറു കൂനയുടെ അരികില്‍ എത്താം...  " അവന്‍ പേരയിലയോടൊപ്പം പറക്കാന്‍ തീരുമാനിച്ചു.കാറ്റും അവരെ അങ്ങോട്ട്‌ തന്നെയാണ് പറത്തിയിരുന്നത് .
പ്ലാവിലയാകട്ടെ അവരോടൊപ്പം ചേരാതെ കെട്ടിടങ്ങളുടെ ഇടയിലേക്ക് ചെരിഞ്ഞു പറന്നു.കാറ്റ് അതിനെ പെട്ടന്ന് ഉയരങ്ങളിലേക്ക് പറത്തി .
" ഹായ് ..ഇവടെ നിന്നും കാഴ്ചകള്‍ കാണാന്‍ എന്തു രസമാണെന്നോ..വേഗം എന്നോടൊപ്പം വരൂ .."ടോമും പേരയിലയും അയാള്‍ക്ക്‌ ചെവി കൊടുത്തില്ല . 
 "നോക്ക്...  എനിക്ക് ചവറു കൂന കാണാന്‍ ഉണ്ട്... " പ്ലാവില മുകളില്‍ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.  " ഹേയ് അവിടെ എന്തോ കുഴപ്പമുണ്ടല്ലോ..എനിക്ക് പുക കാണാനുണ്ട്...അയ്യോ !  അവിടെ തീയുണ്ട്‌ ..അവര്‍ പറന്നു വരുന്ന ഇലകളെ അടിച്ചു കൂട്ടി തീയിലേക്ക് ഇടുകയാണ് !! " പ്ലാവിലയുടെ ശബ്ദത്തില്‍ പേടി ഉണ്ടായിരുന്നു.
"ഓ.. എനിക്കൊന്നും കാണാന്‍ ഇല്ല... ഈ ബോറന്മാരുടെ ഒരു കാര്യം ..അവര്‍ക്ക് ഒരു കാര്യത്തിലും രസം കാണാന്‍ അറിയില്ല... എല്ലാത്തിനും പേടിയും.."പേരയില ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു .
"ശരി തന്നെ " കുഞ്ഞ്‌ ടോമിലയും അവനോടു  യോജിച്ചു.
ചവറു കൂനയ്ക്ക് ചുറ്റും ഒരു മതിലുണ്ടായിരുന്നു.  'വേഗം അവിടെ എത്തി കളിക്കണം' അതായിരുന്നു അവന്റെ മനസ്സില്‍.    
"ഏയ്‌ പതുക്കെ .." കുഞ്ഞ്‌ ടോമിന്റെ അമ്മയുടെ ശബ്ദമായിരുന്നു അത്   "ചവറു കൂനയുടെ  അടുത്ത് കളിക്കരുതെന്ന് നിനക്കറിയില്ലേ അവിടെ നിന്നും പുക വരുന്നത് കണ്ടോ ? അവിടെ തീയുണ്ടാകും ..." ഓടി വരുന്നതിനിടയില്‍ അവര്‍ വിളിച്ചു പറഞ്ഞു .
പേരയില മതില് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.ടോം അതിന്റെ ഒപ്പമെത്താന്‍ ശ്രമിച്ചു...
പക്ഷെ അപ്പോഴേയ്ക്കും അമ്മ അവര്‍ക്കരികില്‍ എത്തി
അവര്‍ ആ ഇല കയ്യിലെടുത്തു.
" ഇനി വീട്ടില്‍ എത്തും വരെ ഇതിനൊന്നും പറ്റാതെ നോക്കണം" അവര്‍ ആ ഇല കുഞ്ഞ്‌ ടോമിന്റെ പോക്കറ്റില്‍ തിരുകി കൊടുത്തു. ടോം അമ്മയെ നോക്കി ചിരിച്ചു.അമ്മയുടെ കയ്യും പിടിച്ച് വീട്ടിലേക്കു നടക്കുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കി
"ആ പ്ലാവില ഇപ്പോള്‍ എവിടെ എത്തിക്കാണും....അവന്‍ കണ്ട കാഴ്ചകള്‍ ഇനിയൊരിക്കല്‍ ഞാനും തീര്‍ച്ചയായും കാണും !! " 

Original :High and Lifted Up 
                                 by Mike Krath 
വിവര്‍ത്തനം :  ബി മധു      

Sunday, April 29, 2012

പ്രണയ പാത

എത്ര നടന്നിട്ടും 
പുതുമ പോകാത്തതാണ് 
നിന്നിലേക്കുള്ള വഴികള്‍ 
.
      
      പെയ്തു തോരാത്ത 
     ഇലക്കണ്ണുകള്‍......
      ഉമ്മകള്‍ ഒളിപ്പിച്ചു വെച്ച  
     നിഴലിടങ്ങള്‍.......
    പ്രണയഗന്ധം  ചുരത്തുന്ന 
    ചെമ്പക മുടിക്കാടുകള്‍....

 ഒരിയ്ക്കലും നിന്നിലേക്ക്‌    
എത്താതിരിക്കണേ 
എന്നാണു 
എന്റെ പ്രാര്‍ത്ഥന  !   

Tuesday, February 14, 2012

ഗ്രഹണം

 എന്റെ നിഴല്‍ വീണു ആണോ 
നിന്റെ മുഖം മറഞ്ഞതെന്നു 
തര്‍ക്കിച്ചു തര്‍ക്കിച്ചു
രാവു തീര്‍ന്നപ്പോഴേക്കും
പുലരിവണ്ടിയുടെ കൂക്ക് കേട്ടു.
തിരക്കില്‍ ഭ്രമണം തുടരാം നമുക്കിനി 
അടുത്ത ഗ്രഹണകാലം വരേയ്ക്കും.
    
.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP