അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും അമ്മദിനം
ഒരു ചെറുതരിയായി ഉരുവായി
ഉലയാതെ ഉടയാതെ കാത്ത്
ചോര കൊടുത്തു ചുമന്ന മുതല്‍
അമ്മയ്ക്കെന്നും മകന്‍ദിനം
ഇരുള്‍ കുടിച്ചു, പകല്‍ കൊതിച്ചു
പൊരുള്‍ തിരഞ്ഞു ഞാനിരുന്നു
തുണയിരുന്നു ചെറുതുടിപ്പു താളമെണ്ണി
ഏകാന്തതയില്‍, ഏകത്വബന്ധമായ്
ഒടുവില്‍, നൊമ്പരം നല്‍കി, യുടല്‍
പകുത്തെതെ, ന്നസ്തിത്വമോഹം
പിന്നെ സ്നേഹം വലിച്ചു കുടിച്ചു വളര്‍ന്നു ഞാന്‍
ചെറുതായി അമ്മയെന്‍ "പരിധിക്കു വെളിയിലായ്"
ഇന്നമ്മ ദിനം. ഒരു നിമിഷം, ഒന്നു ഫോണ്‍ ചെയ്യട്ടെ...
നാഴികനീണ്ട ഫോണ്‍ (വീണ്‍?) വാക്കുകള്‍
പാതിമാഞ്ഞ സ്ലേറ്റില്‍ വരക്കോലം തൊട്ട്
"ഇതമ്മയാണെ"ന്നൊളികണ്ണു നോക്കി
നാണിച്ചൊരു നിമിഷാര്‍ദ്ധമേകിയോ?
രണ്ടാം തരത്തില്‍ തീരാവിശേഷങ്ങള്‍
തുള്ളിപ്പറഞ്ഞൂ നായ്ക്കുട്ടിയായി ഞാന്‍
മൊഴിക്കഷണങ്ങള്‍ പെറുക്കിയെടുക്കുവാന്‍
ഇന്നാ നായ്ക്കുട്ടിയില്ലയെന്‍ കൂട്ടിന്...
എന്നിട്ടും,
"വല്ലോം കഴിച്ചോ?"യെന്നു പാല്‍ ചുരന്ന്
ഇടറിയ സ്വരത്തില്‍ രാഗമിട്ട്
"സുഖമോ കുട്ടി"യെന്നു താരാട്ടു പാടി
ഇന്നും മനസ്സിന്‍ തൊട്ടിലാട്ടിയെന്നമ്മ
അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം
@വഷളന്‍
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Subscribe to:
Post Comments (Atom)
.
6 അഭിപ്രായ(ങ്ങള്‍):
'അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം'
അമ്മദിനമില്ലെങ്കിലും
അമ്മ ദിനമായില്ലെങ്കിലും
എന്നും എപ്പോഴും
ആ ഗര്‍ഭപാത്രത്തിലെ ചൂട്
അമ്മിഞ്ഞപ്പാലിന്റെ മണം...
എല്ലാ അമ്മമാര്‍ക്കും എന്നും ഹാപ്പിയായിരിക്കട്ടെ..
അമ്മയെ മണക്കുന്നെനിക്ക്
അമ്മയെ പൊള്ളുന്നെനിക്ക്
അമ്മയെ തണുക്കുന്നെനിക്ക്
അമ്മ അകലുന്നെനിക്ക്
ഒറ്റയാകുന്നമ്മ
ഒറ്റയാകുന്നു ഞാന്‍
ഒറ്റയാകുമോ ഈ പ്രപഞ്ചം.
കുറ്റബോധം കൂട്ടാന്‍ സഹായിച്ചു.
നന്ദി വഷളാ.
അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം - എല്ലാം ഒരു ദിനത്തിലൊതുങ്ങുന്നോ ...
ദിനങ്ങളില്‍ വിശ്വസിയ്ക്കുന്നില്ല..എങ്കിലും ഈ കവിതയില്‍ വിശ്വസിയ്ക്കുന്നു...ആശംസകള്‍..
അമ്മയ്ക്കെന്നും മകന്‍ദിനം
എനിക്കു വല്ലപ്പോഴും ഒരമ്മദിനം
ഈ രണ്ടു വരികളിലുണ്ട് എല്ലാം.
വൈകീലോ എത്താന്‍ വഷളാ.....നന്നായി..എനിക്കിപ്പോ എന്റെ അമ്മേ കാണണം
Post a Comment