അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, March 25, 2010

ലോഡ് ഷെഡ്ഡിങ് തല്‍ക്കാലം ഇല്ല

സംസ്ഥാനത്തെ വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുധനാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ പരിധി 200 യൂണിറ്റായി നിജപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം വൈകുന്നേരങ്ങളില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് തല്‍ക്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ബോര്‍ഡ് തീരുമാനിച്ചു.

ഗാര്‍ഹിക ഉപയോക്താക്കള്‍ പ്രതിമാസം 200 യൂണിറ്റിലധികം ഉപയോഗിച്ചാല്‍ അധികം വരുന്ന ഓരോ യൂണിറ്റിനും കൂടിയ നിരക്ക് നല്‍കണം. ഗാര്‍ഹികം ഒഴികെയുള്ള എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും 25 ശതമാനം വൈദ്യുതി നിയന്ത്രണമുണ്ടാവും. ഈ ഉപയോക്താക്കള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനമാണ് ക്വാട്ടയായി അനുവദിക്കുക. ഈ 75 ശതമാനം വൈദ്യുതിക്ക് സാധാരണ നിരക്കിലുള്ള വിലയും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്കിലുള്ള വിലയും ഈടാക്കും. താപവൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് ചെലവാകുന്ന തുക കണക്കാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് എല്ലാ വിഭാഗത്തിലെയും അധിക വൈദ്യുതിയുടെ യൂണിറ്റ് വില നിശ്ചയിക്കുക.

ഇപ്പോഴത്തെ രൂക്ഷമായ പ്രതിസന്ധി മറികടക്കാന്‍ വൈകുന്നേരങ്ങളില്‍ അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നു തന്നെയായിരുന്നു ബോര്‍ഡ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍, ലോഡ് ഷെഡ്ഡിങ് തത്കാലം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച തീരുമാനത്തിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം നേടുന്നതിനുള്ള അപേക്ഷ ബുധനാഴ്ച തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, വന്‍കിട വൈദ്യുതി ഉപയോക്താക്കളുടെ പ്രതിനിധികള്‍ക്ക് ബോര്‍ഡ് നല്‍കിയ ഉറപ്പിനു വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബോര്‍ഡ് ആസ്ഥാനത്ത് ചെയര്‍മാന്‍ രാജീവ് സദാനന്ദന്റെ അധ്യക്ഷതയിലാണ് വ്യാവസായിക -വാണിജ്യ ഉപയോക്താക്കളുടെ യോഗം ചേര്‍ന്നത്. പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതിനെ ആ യോഗത്തില്‍ എതിര്‍ത്ത ഉപയോക്താക്കള്‍ 20 ശതമാനം വൈദ്യുതി നിയന്ത്രണം ആകാമെന്നു സമ്മതിച്ചു. ഇതു സംബന്ധിച്ച കത്ത് സര്‍ക്കാരിനും കമ്മീഷനും നല്‍കാമെന്ന് ബോര്‍ഡ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം വന്നപ്പോള്‍ നിയന്ത്രണം 20ല്‍ നിന്ന്25 ശതമാനമായി. ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാന്‍ ആവശ്യമായി വരുന്ന ചെലവ് വന്‍കിടക്കാര്‍ക്ക് അഞ്ചു ശതമാനം കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി ലഭിക്കുന്ന വരുമാനത്തിലൂടെ നികത്തിയെടുക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.


0 അഭിപ്രായ(ങ്ങള്‍):

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP