നമ്മുടെ റിപ്പബ്ലിക്കിന്റെ ആധാരശിലകളില്‍, സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നപോലെ, പ്രധാനമാണ് മതനിരപേക്ഷതയും. നാനാത്വത്തില്‍ ഏകത്വം പുലരുന്ന സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള ഭാരതീയരെസംബന്ധിച്ചിടത്തോളം മതനിരപേക്ഷസ്വഭാവം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുവെന്നതും അഭിമാനകരമാണ്. ആറു ദശാബ്ദംമുന്‍പ് ഇന്ത്യ പരിമിതികളും വെല്ലുവിളികളുംകൊണ്ട് ഏറെ ക്ലേശിച്ചിരുന്നു. ആ സ്ഥിതിയില്‍നിന്ന് എത്രയോ മുന്നോട്ടുപോയിരിക്കുന്നു. പലരംഗങ്ങളിലും രാജ്യത്തിന് വന്‍പുരോഗതി കൈവരിക്കാനായി. ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള ആദ്യകാലഭരണകര്‍ത്താക്കള്‍ വികസനത്തിന് അതിശക്തമായ അടിത്തറതന്നെ ഒരുക്കിയിരുന്നു. അതിന്റെ ഫലമായി കാര്‍ഷിക, വ്യാവസായിക, ശാസ്‌ത്ര, സാങ്കേതികരംഗങ്ങളില്‍ കാര്യമായ വളര്‍ച്ചയുണ്ടായി. ബഹിരാകാശഗവേഷണം, വിവരസാങ്കേതികവിദ്യ തുടങ്ങിയ ചില മേഖലകളിലാകട്ടെ ഇന്ത്യ ഇന്ന് ഒരു വന്‍ശക്തിതന്നെയായിട്ടുണ്ട്. എന്നാല്‍, വിവിധരംഗങ്ങളില്‍ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയില്‍ അര്‍ഹമായ പങ്ക് സമൂഹത്തിന്റെ അടിത്തട്ടുകളില്‍ കിടക്കുന്നവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ലെന്നത് വലിയ പോരായ്‌മതന്നെയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം ദാരിദ്ര്യം അനുഭവിക്കുന്നു. വികസനനയങ്ങളുടെ പാളിച്ചകളിലേക്കാണ് അതു വിരല്‍ചൂണ്ടുന്നത്.
കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ഭക്ഷ്യസുരക്ഷയെപ്പോലും ബാധിക്കുന്നവിധം രൂക്ഷമായി. വന്‍തോതില്‍ ധാന്യങ്ങള്‍ ഇറക്കുമതിചെയ്യാന്‍ രാജ്യം നിര്‍ബദ്ധമായിരിക്കുകയാണ്. വിലക്കയറ്റമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇവയുടെയെല്ലാം ദുഷ്‌ഫലം ഏറെയും അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്. പരിഷ്‌കരണങ്ങള്‍ക്ക് മാനുഷികമുഖംനല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം പൂര്‍ണമായിത്തന്നെ പാലിച്ചാലേ ദാരിദ്ര്യം തുടച്ചുനീക്കാനാവൂ. രാഷ്ട്രീയത്തിലെ മൂല്യച്യുതി, വര്‍ഗീയ വൈരമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍, പ്രാദേശികവാദത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്റെ പുരോഗതിയെ മാത്രമല്ല, യശസ്സിനെയും ബാധിക്കും. ഈ പ്രവണതകള്‍ക്കെതിരെയും ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. അടുത്തകാലത്തായി രാജ്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത് ഭീകരരില്‍നിന്നാണ്. അവരുടെ ഭീഷണി നിലനില്‍ക്കെയാണ് നാം ഇന്ന് റിപ്പബ്ലിക്‌ദിനം ആഘോഷിക്കുന്നത്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും മാറ്റിവെച്ച് ഭാരതീയസമൂഹം ഒരൊറ്റ മനസ്സോടെനിന്നാല്‍ ഇത്തരം ഏതു ഭീഷണിയെയും നേരിടാനാവും. ക്ഷേമരാഷ്ട്രസങ്കല്‌പം യാഥാര്‍ഥ്യമാക്കാനുതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ഭരണാധികാരികള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്കും ഈ ആഘോഷവേള പ്രേരകമാകട്ടെ എന്ന് അമ്മ മലയാളം സാഹിത്യ മാസിക പ്രത്യാശിക്കുന്നു.
0 അഭിപ്രായ(ങ്ങള്‍):
Post a Comment