അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, July 27, 2010

അത്യന്താപേക്ഷിതമായ മൗനം.

 ഓഫീസില്‍നിന്ന്‌ ഇറങ്ങുമ്പോഴേ പതിവുള്ള തലവേദന രാമനാഥനെ പിടികൂടിക്കഴിഞ്ഞിരുന്നു.
സിമന്‍റ് അടര്‍ന്നു പൊട്ടിപ്പൊളിഞ്ഞ നീളന്‍ വാരാന്ത പിന്നിട്ടു പൂപ്പല്‍ പിടിച്ച് കറുത്ത പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ രാമനാഥന്‍ ചിന്തിച്ചിരുന്നത് ഈ ഓഫീസിനും തനിക്കും മാത്രമാണോ ഇവിടെ മാറ്റങ്ങളിലാത്തത് എന്നായിരുന്നു.
ഓഫീസ് മതിലിനോട് ചേര്‍ത്ത് ചാരിവെച്ചിരുന്ന സ്കൂട്ടര്‍ എടുത്തു ഗെയിറ്റിനപ്പുറത്തെക്ക് തള്ളിനടക്കുന്നതിന്നിടയില്‍ അതിന്‍റെ കേടുവന്ന സ്റ്റാന്‍റെങ്കിലും നാളെ ശെരിയാക്കണമെന്ന വിചാരം എന്നത്തേയും പോലെ അന്നും രാമനാഥനുണ്ടായി.
സ്കൂട്ടര്‍ റോഡ്‌സൈഡിലേക്ക് കയറ്റിനിറുത്തി സീറ്റിലേക്ക് കയറിയിരുന്ന രാമനാഥന്‍ വലതുകാല്‍ നിലത്തൂന്നി സ്കൂട്ടര്‍ കുറച്ചുനേരം ആ ഭാഗത്തേക്ക് ചെരിച്ചുപിടിച്ചശേഷം നേരെ നിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാനുള്ള തീവ്രശ്രമം തുടരവേ ആറാമത്തെ ശ്രമം ലക്ഷ്യം കണ്ട നിമിഷം 'ഹാവൂ' എന്നൊരു ആശ്വാസ ശബ്ദം രാമനാഥനില്‍നിന്നുണ്ടായി.
ആക്സിലേറ്റര്‍ മെല്ലെ തിരിച്ചു സ്കൂട്ടര്‍ റൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിന്‍റെ പഴഞ്ചന്‍ ബോഡിക്കൊപ്പം രാമനാഥനും ചെറിയ വിറയല്‍ അനുഭവപ്പെട്ടു, സൈലന്സറിനുള്ളില്‍ നിന്നുമുള്ള സാധാരണ പൊട്ടലിനും ചീറ്റ്ലിനും പുറമേ എന്തൊക്കെയോ വേര്‍പെട്ട്കിലുങ്ങുന്ന അസഹ്യമായ ശബ്ദവും കൂടി കേള്‍ക്കാന്‍ തുടങ്ങിയ നിമിഷങ്ങളിലൊന്നിലാണ് അയാള്‍ ഭാര്യ സുജാതയെകുറിച്ചോര്‍ത്തത്.  ആ ഓര്‍മ്മയാണോ അതല്ല സ്കൂട്ടറിന്‍റെ ശബ്ദമാണോ തലവേദനയുടെ കാഠിന്യം കൂട്ടിയതെന്നൊന്നും വേര്‍തിരിച്ചെടുക്കാന്‍ സമയം പാഴാക്കാതെ നാലുദിവസങ്ങളിലായി സുജാത ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഫേസ്ക്രീമിന്‍റെ പേരെഴുതിയ തുണ്ട് പോക്കറ്റില്‍തന്നെയുണ്ടെന്നു ഉറപ്പുവരുത്തുകയാണ് രാമനാഥന്‍ ചെയ്തത്.
ലളിതമായ തവണവ്യവസ്ഥയില്‍ ഒരു ടെലിവിഷന്‍ സ്വന്തമാക്കുക എന്ന് പരസ്യം ചെയ്ത ഷോപ്പുകാരനെയും ടിവി പരസ്യങ്ങളിലൂടെ സ്ത്രീ മനസ്സുകളെ മായാവലയത്തിലാക്കുന്ന സകലമാന കമ്പനികളെയും മനസ്സാ ശപിക്കാനും രാമനാഥന്‍ മറന്നില്ല.
ടിവി വീട്ടിലെത്തിയതിന്‍റെ നാലാംപക്കം മുതലാണ്‌ സുജാതയില്‍ ഈ നവസൌന്ദര്യബോധം ഉടലെടുക്കാന്‍ തുടങ്ങിയത്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ തന്നെക്കാള്‍ ശുഷ്കാന്തി കാട്ടിയിരുന്നവളാണ്, പക്ഷെ ഇന്നവളില്‍ ഒരുപാടുമാറ്റം കാണുന്നു. കാച്ചെണ്ണയുടെ ആസ്വാദ്യഗന്ധവുമായി തുമ്പ്കെട്ടി ഇട്ടിരുന്ന ആ മുടിയിഴകള്‍ ഇപ്പോള്‍ ശ്വസിച്ചുമടുത്ത ഷാമ്പൂഗന്ധവുമായി പാറിപ്പറക്കുകയാണ്. കാക്ക എത്ര സോപ്പിട്ട് കുളിച്ചാലും കൊക്കാകില്ല എന്ന വിചാരം പെണ്ണായിപ്പിറന്ന ഒറ്റയൊന്നിനും ഇല്ലാതെപോയതെന്തുകൊണ്ടായിരിക്കും..!

ഈ വിധ ചിന്തകള്‍ തലക്കുള്ളില്‍ കിടന്ന് വട്ടത്തില്‍ കറങ്ങുമ്പോള്‍ നഗരത്തിന്‍റെ മാറ്പിളര്‍ന്നു നീണ്ടുനിവര്‍ന്നു കിടക്കുന്ന എംജി റോഡിന്‍റെ ഒരരികുപറ്റി സാവധാനം മുമ്പോട്ടുനീങ്ങുകയായിരുന്നു രാമാനാഥന്‍റെ സ്കൂട്ടര്‍. ഗട്ടറുകള്‍ അതീവ ശ്രദ്ധയോടെ ഒഴിവാക്കിയും റോഡ്‌ നിയമങ്ങള്‍ യഥാവിധി പാലിച്ചും കൊണ്ടുള്ള ആ യാത്രയുടെ ലാളിത്യം ജീവിതത്തിലും പുലര്‍ത്തിപ്പോരുന്നവനായിരുന്നു രാമനാഥന്‍. എന്നാല്‍ ഈയ്യിടെയായി ആ ചിട്ടവട്ടങ്ങളുടെ താളം തെറ്റിതുടങ്ങിയെന്നൊരു തോന്നല്‍ അയാളെ മഥിക്കുന്നു. മാസാദ്യത്തില്‍
കിട്ടുന്ന ശമ്പളക്കാശില്‍ നിന്നും  ഒരു
പത്തുരൂപയെങ്കിലും മാസാന്ത്യത്തില്‍  പോക്കറ്റില്‍ബാക്കിവെക്കാന്‍ ശ്രദ്ധിച്ചിരുന്ന രാമനാഥന് രണ്ടു മാസമായി തീയ്യതി രണ്ടക്കത്തിലേക്ക് കടക്കുമ്പോഴേക്കും പോക്കറ്റിലെ ശേഷിപ്പും രണ്ടക്കമായി മാറാന്‍ തുടങ്ങിയതില്‍ അതിയായ വിഷമമുണ്ട്. അനാവശ്യ തലവേദനകള്‍ പരമാവധി ഒഴിവാക്കണമെന്ന മനസ്ഥിതിക്കാരനായതുകൊണ്ട് മാത്രമാണ് രാമനാഥന്‍ വൈക്ലബ്യത്തോടെയാണെങ്കിലും സുഹൃത്തുക്കളുടെ സഹായം പോലും തേടാന്‍ തുടങ്ങിയത്.
സുജാതയുടെ കുറിപ്പടി പ്രകാരമുള്ള ഉല്‍പന്നം മൂന്നാമതുകയറിയ ഷോപ്പിലും സ്റ്റോക്കില്ലെന്ന അറിവിനേക്കാള്‍ രാമാനാഥനെ അസ്വസ്ഥനാക്കിയത് ഓരോ തവണയും സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തെടുക്കാനുള്ള ബദ്ധപ്പാടായിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രമല്ല സാധനം കിട്ടാനില്ലെന്ന് പറഞ്ഞാല്‍ അക്കാര്യം ഒരു കാരണവശാലും സുജാത വിശ്വസിക്കില്ലെന്ന ബോധവും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അവശ്യസാധനത്തെക്കാള്‍ പത്തുരൂപ കൂടുതലുള്ള മറ്റൊരു ഉല്പന്നം ഒടുവില്‍ കയറിയ കടയില്‍നിന്നും രാമനാഥന്‍ വാങ്ങിയത്.
'പരസ്യങ്ങളിലൊന്നും വലിയ കഴമ്പില്ല സാര്‍ അതിനേക്കാള്‍ ക്വാളിറ്റിയും ക്വാണ്ടിറ്റിയും കൂടുതല്‍ ഇതിനുണ്ട്..'
സാധനം ഒരു കവറിലിട്ട് പിന്‍ ചെയ്തു രാമനാഥനെ എല്‍പിക്കുനതിന്നിടയില്‍ പറഞ്ഞുവന്നതിന്‍റെ തുടര്‍ച്ചയെന്നോണം സെയില്‍സ്‌മേന്‍ പറഞ്ഞു.
തന്‍റെ ഈ വാചകങ്ങളിലും വലിയ കഴമ്പൊന്നുമില്ലെന്ന് എനിക്ക് അറിയാമെടോ എന്നൊരു ഡയലോഗ് അയാളോട് പറയാതെ രാമാനാഥന്‍ മനസ്സില്‍ത്തന്നെ കുഴിച്ചുമൂടാന്‍ കാരണം വാചകങ്ങള്‍ അയാളുടെ തൊഴിലിന്‍റെ ഭാഗമാണല്ലോ എന്ന വിചാരത്താലായിരുന്നു. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു സാധനം കൈപറ്റി അയാള്‍ കടയില്‍നിന്നും ഇറങ്ങി.
സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോള്‍ പതിവിനു വിപരീതമായി സുജാത വാരാന്തയിലേക്ക് തിടുക്കപ്പെട്ട് എത്തിയത് രാമനാഥന്‍ ശ്രദ്ധിച്ചു.
സ്കൂട്ടര്‍ വീടിന്‍റെ ഇറയത്തെക്ക് ഉരുട്ടികയറ്റി ചുവരിലേക്ക് മെല്ലെ ചായ്ച്ചുവെച്ചു അതിന്‍റെ സൈഡ് ബോക്സില്‍ നിന്നും ബ്രൌണ്‍ കവര്‍ എടുത്ത് രാമനാഥന്‍ സുജാതയുടെ നേര്‍ക്ക്‌ വെറുതെ ഒന്ന് നോക്കി. അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും കണ്ണുകളില്‍ പ്രത്യേകമായൊരു തിളക്കവും കണ്ടെങ്കിലും നിര്‍വികാരനായാണയാല്‍ വാരാന്തയിലേക്ക് കയറിയത്.
'ഞാന്‍ കാപ്പിയെടുത്തോണ്ട് വരാം..'
രാമാനാഥനില്‍നിന്നും കവര്‍ കൈപറ്റി അകത്തേക്ക് പോകുന്നതിന്നിടയില്‍ സുജാത പറഞ്ഞു.
തലവേദനക്ക് നേരിയൊരു കുറവ് അനുഭവപ്പെട്ട രാമനാഥന്‍ ഒന്ന് മൂരിനിവര്‍ന്നു കുറഞ്ഞൊരു ആലസ്യത്തോടെ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു മുന്നില്‍ കിടന്ന ടീപോയിക്കു മേലേക്ക് കാലുകയറ്റിവെക്കാന്‍ തുടങ്ങവേയാണ് അയാളുടെ മടിയിലേക്ക് പൊളിച്ച ബ്രൌണ്‍ കവറോടുകൂടി ഫേസ്ക്രീം ശരവേഗത്തില്‍ വന്നുവീണത്. വാതില്‍പ്പടിയില്‍ കുത്തിവീര്‍ത്ത മുഖവുമായി സുജാതയേയും രാമാനാഥന്‍ കണ്ടു .
'ആര്‍ക്കുവേണം ഈ ചവറുസാധനം..!ഇതു വെണോങ്കില്‍ അപ്പുണ്ണി നായര്‍ടെ മുറുക്കാന്‍ കടേന്ന് ഞാനെന്നേ വാങ്ങിച്ചേനേ..'
സുജാതയുടെ പുച്ഛവും അവജ്ഞയും നിറഞ്ഞ സ്വരം രാമനാഥനെ തളര്‍ത്തി.
'താന്‍ പറഞ്ഞ കടകളിലൊന്നും അതില്ലാത്തതുകൊണ്ടാണിത് വാങ്ങിച്ചതെന്‍റെ സുജേ..മാത്രോമല്ല..അതിനേക്കാള്‍ പത്തുരൂപ..'
രാമനാഥന് പറഞ്ഞു പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കാതെ സുജാത കത്തിക്കയറി .
'ഓ..പത്തുലുവേടെ മഹത്വമൊന്നും പറയണ്ട..എന്തായാലും ഐറിന്‍ സക്ലീവയും ഐശ്വര്യാ റായിയും മറ്റും അതുപയോഗിക്കുന്നത് ആ വ്യത്യാസം നോക്കിയൊന്നുമായിരിക്കില്ലല്ലോ..!'
ഭാര്യയുടെ പുത്തന്‍ അറിവുകളില്‍ തെല്ലൊരതിശയം രാമാനാഥനില്‍ ഉളവായെങ്കിലും പൂര്‍വാധികം ശക്തമായി തിരിച്ചെത്തിയ തലവേദനയുടെ പിടിയിലമര്‍ന്ന് നിസ്സംഗതനായി; ചുവരിലേക്ക് ഒരുവശം ചെരിഞ്ഞിരിക്കുന്ന തന്‍റെ സ്കൂട്ടറിലേക്ക് കണ്ണുംനട്ട് അയാളിരുന്നു. കുടുംബത്തിന്‍റെ ഭദ്രതക്കും നിലനില്‍പ്പിനും ആ നിസ്സംഗത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയവരില്‍ ഒരാളായിരുന്നു രാമനാഥനും .

2 അഭിപ്രായ(ങ്ങള്‍):

Muralee Mukundan , ബിലാത്തിപട്ടണം said...

എന്താചെയ്യുക
എല്ലാപുത്തനറിവുകൾക്കും അടിയറവുപറയുക അല്ലെ...

ചെമ്മരന്‍ said...

പുതിയ ലോകം!
പുതിയ ജീവിത രീതി!
പുത്തന്‍ ചിന്തകള്‍!

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP