അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Sunday, April 25, 2010

അച്ഛന്‍

മരണവണ്ടിയേറിയച്ഛനെന്നെയും
വഴിയിതൊന്നിലേകനാക്കിയെങ്കിലും
കനിവു കണ്ടിടാമെനിക്കു, കാറ്റു പോല്‍
വിരലുതന്‍ തലോടലാണു ജീവിതം.

നിഴലു രണ്ടു കണ്ടു ഞാനറിഞ്ഞിതു
പുറകിലുണ്ടു ഭീതി വേണ്ട തെല്ലുമേ
ചിറകരിഞ്ഞു വാനമന്യമായൊരാ
പറവ തന്റെ ജീവനാണിതെങ്കിലും.

പകലു പാവമാണു പാരമോര്‍ക്കുകില്‍
ഇരവു, തന്‍ മനസ്സു കാര്‍ന്നു നോവിനാല്‍
പിടയുമോര്‍മ്മ തള്ളിവിട്ട കുരിരുള്‍
ചകിത,മാശുകന്‍ പതിച്ച കൂടുപോല്‍.

ഇല പൊഴിഞ്ഞു ചേലു കെട്ടു മാമരം
നില മറന്നു പൂ കൊതിച്ചു തേങ്ങിനാന്‍
വരുമൊരിക്കലീ വഴിക്കു സൌരഭം
അവനൊരുക്കിടുന്നെനിക്കു മാധവം.

ചിതയെരിഞ്ഞു കാലമേറെയാകിലും
ചിതലരിച്ചിടുന്നതില്ലയോര്‍മ്മകള്‍
ചില പഥങ്ങള്‍ പിന്നിടുമ്പൊഴാധിയായ്
വരു,മൊരിക്കല്‍ നീ പറഞ്ഞ വാക്കുകള്‍.

മല തിരഞ്ഞു പോക നാ,മൊരിക്കലും
മല തിരഞ്ഞു വന്നിടില്ല നമ്മെയും,
പല മരങ്ങള്‍ പൂക്കളാര്‍ന്നു നില്‍ക്കിലും
ചില മരങ്ങളുണ്ടു പൂത്തിടാതെയും.

1 അഭിപ്രായ(ങ്ങള്‍):

ഭ്രാന്തനച്ചൂസ് said...

നല്ല അക്ഷര ശുദ്ധിയോടെയുള്ള ഒരു കവിത. വളരെ വിരളമായി മാത്രം വായിക്കുവാന്‍ ലഭിക്കുന്നത്. അഭിനന്ദനങ്ങള്‍...!!

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP