അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Friday, May 21, 2010

വഴി തെറ്റിപ്പോയ ഒരു വെടിയുണ്ട.

ഉഗ്രവാദി ആക്രമണങ്ങളും അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റങ്ങളും കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് കാശ്മീര്‍. കാര്‍ഗ്ഗില്‍ യുദ്ധം നടക്കുമ്പോള്‍ ഞാന്‍ കാശ്മീരിലെ അതിര്‍ത്തി ജില്ലയായ "കുപ്പുവാര"യില്‍ ആണ് ജോലി നോക്കിയിരുന്നത്. ഒരിക്കല്‍ ഒരു ലീവ് കഴിഞ്ഞു തിരിച്ചു കുപ്പുവാരയിലേയ്ക്ക് പോകുന്ന വഴിയില്‍ ജമ്മുവില്‍ എത്തിയപ്പോഴുണ്ടായ ഒരു സംഭവമാണ് ഇത്.


ജമ്മു ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത അന്നു തന്നെ നൈറ്റ്‌ ഡ്യൂട്ടി കിട്ടി. ക്യാമ്പിനു പുറത്തുള്ള ഓഫീസര്‍ മെസ്സിന്റെ മെയിന്‍ ഗേറ്റിലെ കാവല്‍ ഡ്യുട്ടിയാണ് കിട്ടിയത്. രണ്ടു ഹിന്ദിക്കാരും മലയാളിയായ ഗാര്‍ഡ് കമാണ്ടര്‍ ഹവില്‍ദാര്‍ കേശവന്‍ സാറുമായിരുന്നു എന്നോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് . കായംകുളംകാരനാണ് ഹവില്‍ദാര്‍ കേശവന്‍ സാര്‍.


വൈകിട്ട് ആറു മണി മുതല്‍ അടുത്ത ദിവസം രാവിലെ ആറുമണിവരെയാണ് ഡ്യുട്ടി സമയം. ഒരാള്‍ക്ക്‌ നാലു മണിക്കൂറാണ് ഡ്യുട്ടി. അതായത് ആദ്യത്തെ ആള്‍ക്ക് ആറുമണി മുതല്‍ എട്ടുമണി വരെ. രണ്ടാമത്തെ ആള്‍ക്ക് എട്ടു മുതല്‍ പത്തു വരെ. മൂന്നാമന് പത്തു മുതല്‍ പന്ത്രണ്ടു വരെ. പന്ത്രണ്ടു മുതല്‍ രണ്ടുവരെ ആദ്യത്തെ ആളും രണ്ടു മുതല്‍ നാലുവരെ രണ്ടാമത്തെ ആളും നാലു മുതല്‍ രാവിലെ ആറു മണി വരെ മൂന്നാമത്തെ ആളും ചെയ്യുന്നതോടെ ഡ്യുട്ടി തീരുന്നു. രാത്രി എട്ടു മുതല്‍ പത്തു മണി വരെയും വെളുപ്പിന് രണ്ടു മുതല്‍ നാലു മണിവരേയുമായിരുന്നു എന്റെ ഡ്യുട്ടിസമയം. അതായത് സെക്കണ്ട് ഡ്യുട്ടി.


ജമ്മുവില്‍ മഞ്ഞു വീഴ്ച കുറവാണ് എങ്കിലും നല്ല തണുപ്പുണ്ട്. ലീവ് കഴിഞ്ഞു പോകുന്നതിനാല്‍ ഒരു കമ്പിളി കോട്ടും ബെഡ് ഷീറ്റും കിടക്കയും മാത്രമേ കയ്യിലുള്ളൂ. ഡ്യുട്ടിസമയത്ത് പട്ടാളത്തിന്റെ കോട്ടല്ലാതെ ബെഡ് ഷീറ്റോ പുതപ്പോ ഉപയോഗിക്കുന്നത് കുറ്റമാണ്. ഡ്യുട്ടിസമയം മുഴുവന്‍ തോക്കും ചൂണ്ടി ഒരേ നില്പ് നിക്കണം. ഗേറ്റിന്റെ അരികുകളില്‍ നാലടിയോളം പൊക്കത്തില്‍ മണല്‍ ചാക്കുകള്‍ അടുക്കി വച്ചിട്ടുണ്ട്. അതിന്റെ മറ പറ്റി വേണം നില്‍ക്കാന്‍‍. ഏത് സമയത്തും ഉഗ്രവാദി ആക്രമണം ഉണ്ടാകാം എന്നുള്ളത് കൊണ്ട് ബുള്ളറ്റ് പ്രൂഫ്‌ ചട്ടയും ഹെല്‍മറ്റും ധരിച്ച്, മുന്‍പിലും പിറകിലും വശങ്ങളിലും നിരീക്ഷിച്ച്, മണല്‍ ചാക്കിന് പുറത്തു തോക്ക് ഉറപ്പിച്ചു വച്ച് , ഞാന്‍ നിന്നു.


അല്പം അകലെ ഒരു കൂടാരം അടിച്ചിട്ടുണ്ട്. കൂടെ ഡ്യുട്ടി ചെയ്യുന്നവരും ഗാര്‍ഡ് കമാണ്ടറും അതിലാണ് ഉറങ്ങുന്നത്. ഗേറ്റിനു വെളിയില്‍ മെയിന്‍ റോഡാണ്. റോഡില്‍ ഏകദേശം അമ്പതടി ദൂരത്തായി ഒരു കലുങ്കുണ്ട്. ഗേറ്റില്‍ വെളിച്ചമില്ല. കുറച്ചു ദൂരത്തുള്ള ഒരു വഴി വിളക്കിന്റെ അരണ്ട വെളിച്ചം കലുങ്കിന്റെ അടുത്ത്‌ വരെ എത്തുന്നുണ്ട്.പക്ഷെ പുക മഞ്ഞിന്റെ ആവരണം മൂലം പത്തടി ദൂരത്തില്‍ കൂടുതല്‍ കാഴ്ച കിട്ടുന്നില്ല. ഞാന്‍ കമ്പിളി കോട്ടിന്റെ പുറത്തു വീഴുന്ന മഞ്ഞുകണികകളെ വക വെക്കാതെ തണുത്തു മരവിച്ച തോക്കിന്റെ പാത്തിയില്‍ മുറുകെ പിടിച്ചു ഇരുട്ടിലേക്ക് മിഴിച്ചു നോക്കി ഇരുന്നു.


ധരിച്ചിരിക്കുന്ന കമ്പിളി കോട്ടിനേയും കനത്ത ബുള്ളറ്റ് പ്രൂഫ്‌ ചട്ടയും ഭേദിച്ച് തണുപ്പ് സൂചി മുനകളായി ശരീരത്തില്‍ കുത്തുന്നുണ്ട്. ബൂട്ടിനുള്ളില്‍ കാലുകള്‍ മരവിച്ചു തുടങ്ങി. ഹെല്‍മെറ്റില്‍ വീഴുന്ന മഞ്ഞു തുള്ളികള്‍ കവിളിലേക്കു ഒലിച്ചിറങ്ങി. പിശറന്‍കാറ്റു വീശുന്നുണ്ട്. ഞാന്‍ പോക്കറ്റില്‍ കിടന്ന തൂവാല എടുത്ത്‌ മൂക്കും വായയും മൂടത്തക്ക വിധത്തില്‍ കെട്ടിയിട്ടു ഹെല്‍മെറ്റ്‌ അല്പം കൂടി താഴ്ത്തി വച്ചു.


പെട്ടെന്നാണ്‌ കലുങ്കിന്റെ അടുത്തതായി എന്തോ ഒരനക്കം പോലെ എനിക്ക് തോന്നിയത്. നേര്‍ത്ത ഇരുട്ടില്‍ക്കൂടി ആരോ ഒരാള്‍ കലുങ്കിനു താഴെ നിന്നും നിലത്തു കൂടി ഇഴഞ്ഞു വരുന്നതു പോലെ. ഞാന്‍ സൂക്ഷിച്ചു നോക്കി. രൂപം വ്യകതമല്ല. ഒരു പക്ഷെ അതൊരു പട്ടിയോ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കുട്ടിയോ ആകുമോ? ഞാന്‍ സംശയിച്ചു.


ടോര്‍ച്ചടിച്ചു നോക്കിയാലോ? ഞാന്‍ ഒരു നിമിഷം ആലോചിച്ചു. പക്ഷെ അങ്ങനെ ചെയ്യുന്നത് ബുദ്ധിയല്ല. കാരണം ഇഴഞ്ഞു വരുന്നത് ഒരു ഉഗ്രവാദി ആണെങ്കില്‍ അയാളുടെ കൂടെയുള്ളവര്‍ കലുങ്കിന്റെ പുറകിലോ മറ്റു എവിടെയെങ്കിലുമോ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ടോര്‍ച്ചു തെളിക്കുമ്പോള്‍ മറഞ്ഞിരിക്കുന്നവര്‍ക്ക് ഗേറ്റില്‍ നില്‍ക്കുന്ന കാവല്‍ക്കാരന്റെ പൊസിഷന്‍ പിടി കിട്ടാനും അയാളുടെ നേരെ ഫയര്‍ ചെയ്യാനും എളുപ്പമാകും.


ഏതായാലും ഞാന്‍ സെര്‍ച്ച് ലൈറ്റ് കയ്യിലെടുത്തു. മണല്‍ ചാക്കിന്റെ മറ പറ്റി അതിന്റെ അരികിലായി നിന്നു. വലതു കയ്യില്‍ തോക്ക് മണല്‍ ചാക്കിന്റെ പുറത്തു കൊള്ളിച്ചു വിരല്‍ കാഞ്ചിയില്‍ അമര്‍ത്താന്‍ പാകത്തില്‍ വച്ചു. പിന്നെ ഇടതു കൈ കൊണ്ട് സെര്‍ച്ച് ലൈറ്റ് ശരീരത്തില്‍ നിന്നും അകത്തി പിടിച്ചുകൊണ്ട് അനക്കം കണ്ട ഭാഗത്തേക്ക് തെളിച്ചു.


ഒരു നിമിഷം മാത്രം....! വെടി പൊട്ടി!!.


ഒപ്പം എന്റെ കയ്യിലിരുന്ന സെര്‍ച്ച് ലൈറ്റ് കഷണങ്ങളായി ചിതറിത്തെറിച്ചു. . !!


എവിടെ നിന്നാണ് ആ വെടിയുണ്ട ചീറിപ്പാഞ്ഞു വന്നതെന്ന് എനിക്ക് മനസിലായില്ല. ഒറ്റ നിമിഷത്തെ അങ്കലാപ്പ്!. അതിനുള്ളില്‍ത്തന്നെ എന്റെ വിരലും ട്രിഗറില്‍ അമര്‍ന്നു. ഒപ്പം ഞാന്‍ തോക്കുമായി നിലത്തേക്കു കമിഴ്നു വീണു.


അടുത്ത നിമിഷങ്ങളില്‍ കലുങ്കിന്റെ ഇരു വശങ്ങളില്‍ നിന്നും ഒന്നിലധികം യന്ത്രത്തോക്കുകള്‍ ഒന്നിച്ചു ശബ്ദിച്ചു. നിലത്തു വീണ ഞാന്‍ കലുങ്ക് ലക്ഷ്യമാക്കി തുരു തുരെ നിറയൊഴിച്ചു കൊണ്ടിരുന്നു. വെടി ശബ്ദം കേട്ടതോടെ ഉറങ്ങി കിടന്നിരുന്ന ഗാര്‍ഡ് കമാണ്ടറും മറ്റുള്ളവരും ഉണര്‍ന്നു. ഒരു നിമിഷത്തിനുള്ളില്‍ അവരും എന്നോടൊപ്പം ചേര്‍ന്നു. അവര്‍ ഗേറ്റിന്റെ ഇരു വശങ്ങളിലുമുള്ള മണല്‍ ചാക്കുകളുടെ മറ പറ്റി നിന്നു പത്തു മിനിട്ടോളം വെടിയുതിര്‍ത്തു.


പിന്നെ എല്ലാം ശാന്തം.


ഇതിനിടയില്‍ പെട്രോളിംഗ് നടത്തിയിരുന്ന പട്ടാളക്കാരും അവിടെ എത്തിച്ചേര്‍ന്നു. അവര്‍ കലുങ്കിന്റെ മൂന്ന് വശത്ത്‌ നിന്നും വളഞ്ഞ ശേഷം മുന്‍പോട്ടു നീങ്ങി. കലുങ്കിനു ചുറ്റും ഇരുട്ടും മൂടല്‍ മഞ്ഞും ചേര്‍ന്നു ഒരാവരണം തീര്‍ത്തിരുന്നു. പെട്രോളിംഗ് നടത്തിയിരുന്നവര്‍ ശക്തിയേറിയ സെര്‍ച്ച് ലൈറ്റുകള്‍ കരുതിയിരുന്നു. അതിന്റെ പ്രകാശത്തില്‍ കലുങ്കിന്റെ മുകളില്‍ റോഡില്‍ ഒരാള്‍ കിടക്കുന്നത് കണ്ടു. പക്ഷെ അടുത്ത്‌ പോകാന്‍ പറ്റില്ല. ഇനിയും ആരെങ്കിലും അവിടെ ഉണ്ടെങ്കിലോ?


അനക്കമൊന്നും കേള്‍ക്കാനില്ല. അവര്‍ കലുങ്കിന്റെ ഇരുപതടിയോളം അടുത്തെത്തി. അവിടെ നിന്നും വളരെ ശ്രദ്ധിച്ച് വീണ്ടും മുന്‍പോട്ടു നീങ്ങി.


അടുത്ത വെടി ഉടന്‍ പൊട്ടി. !!!


പട്ടാളക്കാരുടെ തോക്കുകളും തീ തുപ്പി. ഒരു ഗ്രനേഡ് കലുങ്കിന്റെ പുറത്തു വീണു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അരണ്ട വെളിച്ചത്തില്‍ അതിന്റെ കറുത്ത പുക ഒരു ഭൂതം പോലെ വളരുന്നത്‌ ഞാന്‍ കണ്ടു.


പിന്നെ വീണ്ടും ശാന്തത. തണുത്തു വിറച്ചിരുന്ന എന്റെ കവിളിലൂടെ വിയര്‍പ്പു കണങ്ങള്‍ മുഖത്തോടു ചേര്‍ത്തു വച്ചിരിക്കുന്ന തോക്കിലേയ്ക്ക് ഇറ്റു വീണു കൊണ്ടിരുന്നു. ഇടതു കയ്യിലെ വിരലുകളില്‍ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഞാന്‍ മുഖത്ത്‌ കെട്ടിയിരുന്ന തൂവാല അഴിച്ചു വിരലുകള്‍ക്ക് മുകളിലൂടെ ചുറ്റി, കലുങ്കിന്റെ നേരെ തന്നെ ഉന്നം വച്ചു അതെ കിടപ്പ് കിടന്നു.


കുറച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ പട്ടാളക്കാരെത്തി. അവര്‍ സെര്‍ച്ച് ലൈറ്റുകള്‍ തെളിച്ചു കലുങ്കിന്റെ നാല് ചുറ്റും പ്രകാശം പരത്തി. എന്നിട്ട് അടുത്ത നടപടിക്ക് വേണ്ടി കാത്തു. കുറച്ചു നേരത്തോളം അനക്കമൊന്നും കണ്ടില്ല. ഒടുവില്‍ മൂന്ന് നാല് പേര്‍ നീട്ടിപ്പിടിച്ച തോക്കുമായി കലുങ്കിന്റെ അടുത്തേക്ക്‌ ഇരച്ചു കയറി.


കലുങ്കിനു മുകളില്‍ റോഡില്‍ കിടന്ന ആള്‍ മരിച്ചിരുന്നു. അയാളുടെ വിദേശ നിര്‍മിത തോക്ക് അടുത്ത്‌ തന്നെ കിടന്നിരുന്നു. കലുങ്കിന്റെ അടിയില്‍ ഒരു വശത്ത് ഗ്രനേഡ് ചിതറിച്ച ഒരു ശരീരം. അയാളുടെ അടുത്ത്‌ ഒരു വലിയ ഭാണ്ഡം. അതിനുള്ളില്‍ എന്തൊക്കെയോ സാധനങ്ങള്‍. ഒരു ദേശം തന്നെ നശിപ്പിക്കാന്‍ പോരുന്ന വെടിക്കോപ്പുകള്‍.!!


ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്നെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് കുഴപ്പമുള്ളതല്ല. സെര്‍ച്ച് ലൈറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായതാണ്. പക്ഷെ സെര്‍ച്ച് ലൈറ്റ് തകര്‍ത്ത ആ വെടിയുണ്ട അല്പം മാറിയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഒരു പക്ഷെ ഞാന്‍ കാണുമായിരുന്നില്ല.!!


എല്ലാം ഈശ്വരാനുഗ്രഹം. അത്രയേ പറയാനുള്ളൂ. !


എഴുതിയത് : രഘുനാഥന്‍

10 അഭിപ്രായ(ങ്ങള്‍):

അലി said...

(((((((ഠേ))))))))))
തേങ്ങയടിച്ചു!

ഒഴാക്കന്‍. said...

ഈശ്വരാനുഗ്രഹം!

kambarRm said...

ശരിക്കും മനസ്സിൽ തട്ടിയ വിവരണം..
ഹെന്റെ ദൈവമേ..എന്ത് മാത്രം കഷ്ടപ്പാടുകളെ തരണം ചെയ്താ നമ്മുടെ പട്ടാളക്കാർ നമ്മെയും നമ്മുടെ രാജ്യത്തെയും കാത്ത് രക്ഷിക്കുന്നത്..
ഭാരത് മാതാ കീ ജയ്...

അലി said...

എല്ലാം ഈശ്വരാനുഗ്രഹം!
മനസ്സിൽ കൊണ്ട നല്ല വിവരണം.

അശാന്തിയുടെയും കൊടും തണുപ്പിന്റെയും അതിർത്തിയിൽ മനസ്സും ശരീരവും രാജ്യത്തിന്റെ സുരക്ഷയ്ക്കായ് സമർപ്പിക്കുന്ന ധീരജവാൻ‌മാർക്ക് മനസ്സുകൊണ്ടൊരു സലാം!

Manoraj said...

നല്ല വിവരണം മാഷേ.. പട്ടാളക്കാരന്റെ ത്യാഗങ്ങൾക്ക് മുൻപിൽ എന്റെ പ്രണാമം

കൂതറHashimܓ said...

നുണ.
ഇതാണ്‍ ശരിക്കും പട്ടാള വെടി.. :)

ശ്വാസം വിടാതെയാ വായിച്ചെ, ....... !!

mini//മിനി said...

ത്യാഗങ്ങൾക്ക് മുന്നിൽ കൂപ്പുകൈ

Unknown said...

ഒരു സല്യൂട്ട്, ജീവന്‍ ത്യജിച്ചും രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്ക്!

മനു - Manu said...

നല്ല വിവരണം............

SUMESH KUMAR .K.S said...

വൌ .... ഗ്രേറ്റ്‌... ആരുടെ തോക്ക് ഉതിര്‍ത്ത വെടിയുണ്ടയാണ് ആ ഉഗ്ര വാദിയെ തീര്‍ത്തത് എന്ന് അറിയില്ല...എന്നാലും ആ ഉഗ്ര വാദി ഏതോ ഒരു ബ്ലോഗില്‍ എഴുതെണ്ടിയിരുന്ന ഒരു പോസ്റ്റ്‌ ഇല്ലാതായി പോയി... പക്ഷെ അത് ഇല്ലതായതില്‍ ഞാന്‍ സന്തോഷിക്കുന്നു... എന്നോടൊപ്പം ഒരുപാട് ഇന്ത്യക്കാരും... സ്കൂളിലും കോളേജിലും ആയി എട്ടു വര്ഷം NCC യില്‍ ഉണ്ടായിരുന്നു എന്ന കാര്യം കൊണ്ടും A,B,C Certificates നേടിയത് കൊണ്ടും നന്നായി സല്യൂട്ട് അടിക്കാന്‍ അറിയാം... സല്യൂട്ട് ലഭിക്കാന്‍ നിങ്ങളുടെ തോളില്‍ നക്ഷത്രങ്ങള്‍ ഇല്ലെങ്കിലും രഘുനാഥന്‍ ജി ഞാന്‍ നിങ്ങളുടെ മുന്‍പില്‍ മനസ് കൊണ്ട് ഞാന്‍ നല്‍കുന്നു...സല്യൂട്ട് ....!

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP