അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, May 5, 2010

അവതാരങ്ങള്‍

സിദ്ധീഖ് തൊഴിയൂര്‍

ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയ ഒരു സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ വെക്കേഷനില്‍ ചെന്നയിലേക്ക് ഒരു യാത്ര വേണ്ടിവന്നു, പെട്ടെന്നായതിനാലും; പൊണ്ടാട്ടിയും മോളും കൂടെ ഉള്ളതിനാലും; സ്ലീപ്പെര്‍ക്ലാസ്സ്‌ ഫുള്ലായതിനാലും (ഇതാണ് പ്രധാന കാരണമെന്ന് ഭാര്യയോട് ഇതുവരെ പറഞ്ഞിട്ടില്ല) ട്രെയിനില്‍ ഫസ്റ്റ് ക്ലാസ്സിന് തന്നെ ആവട്ടെ യാത്ര എന്ന് വെച്ചു.
രാത്രിയാത്ര ആയതിനാല്‍ തൃശൂര്‍ നിന്നും വണ്ടി വടക്കാഞ്ചേരി എത്തുമ്പോഴേക്കും ഞാന്‍ സായിപ്പിന്‍റെ കളസങ്ങള്‍ മാറ്റി ലുങ്കിയും ബനിയനും ധരിച്ച് തനി നാടനായി മാറിയത് വാമഭാഗത്തിന് തീരെ പിടിച്ചില്ലെന്നു അവളുടെ നോട്ടത്തില്‍ നിന്നും മനസ്സിലായെങ്കിലും അത് മൈന്‍ഡ് ചെയ്യാതെ സീറ്റിലേക്ക് ചമ്രം പടിഞ്ഞിരുന്നു പുറകാഴ്ച്ചകളിലേക്ക് ഞാന്‍ കണ്ണ് നീട്ടി,
അല്ലെങ്കിലും ഈ ലെഡിസിനുണ്ടോ അറിയുന്നു ഫ്രീ ആയി കാറ്റുംകൊണ്ടിരിക്കുന്നതിന്‍റെ ആ ഒരു സുഖം!
ആ കൂപ്പയില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ റെയില്‍വേയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹാപ്പി ജേണി ആയി ഞങ്ങള്‍  നീങ്ങുന്നതിന്നിടയിലാണ് ഒലവക്കോട് നിന്നും ആ സ്വര്‍ഗത്തിലേക്ക് ഒരു നെയ്യുറുമ്പ് കയറിവന്നത്,  കോട്ട്, സൂട്ട്, കൂള്‍ഗ്ലാസ്സ്, ഗോള്‍ഡ്‌സ്ട്രാപ് വാച്ച്, ബ്ലാക്ക്‌ ബെറി  മൊബൈല്‍ കയ്യിലൊരു ലെതര്‍ബാഗ്‌ എല്ലാം കൂടി ഒരു ഒന്നൊന്നര അവതാരം. അങ്ങേരെ കണ്ടതും സീറ്റില്‍ മടക്കി വെച്ചിരുന്ന എന്‍റെ കാലുകള്‍ ഞാന്‍ അറിയാതെ തന്നെ താഴോട്ട്‌ തൂങ്ങിപ്പോയി എന്നത് പച്ചപരമാര്‍ത്ഥം,എങ്കിലും അയ്യാളെ കണ്ട നിമിഷം ഒരു അഴകിയ രാവണന്‍ സ്മെല്ല് എനിക്ക് കിട്ടി,  വന്നപാടേ ഞങ്ങളെ നോക്കി ഒന്നു വിഷ് ചെയ്ത് കോട്ടിന്‍റെ പോക്കറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തുനോക്കി സീറ്റ്‌ നമ്പര്‍ ഉറപ്പാക്കി കാലില്‍ കാലും കയറ്റിവെച്ചു അപാര സ്റ്റൈലില്‍ ഇഷ്ടന്‍ അങ്ങോട്ടിരുന്നു, പിന്നെ മൊബൈലില്‍ വളരെ കാര്യമായി എന്തോ സെര്‍ചിംഗ് തുടങ്ങി,
അതിന്നിടയില്‍ ഞങ്ങള്‍ കുറഞ്ഞ വാക്കുകളിലൂടെ പരസ്പരം യാത്രാ ഉദ്ദേശം കൈമാറി, ഇതെല്ലാം കണ്ണും മിഴിച്ച് ഒരു ആരാധനാ ഭാവത്തോടെ നോക്കി ഇരിക്കുന്ന എന്‍റെ പൊണ്ടാട്ടി അതിന്നിടയില്‍ അര്‍ഥം വെച്ച് എന്നെ ഒന്ന് രണ്ടു നോട്ടംനോക്കിയത് ഞാന്‍ കണ്ടില്ലെന്നു വെച്ചു. അല്പം കഴിഞ്ഞപ്പോള്‍ അങ്ങേര് ബാഗില്‍ നിന്നും മാറാനുള്ള ഡ്രെസ്സും എടുത്ത് ബാത്ത്റൂമില്‍ പോയി.
അയാള്‍ പോകാന്‍ കാത്തിരുന്നപോലെ എന്‍റെ ഭാര്യ കുത്തുവാക്കുകള്‍ കൊണ്ട് എന്നെ അഭിഷേകം ചെയ്യാന്‍ തുടങ്ങി,  അങ്ങിനെയാണ് മാന്യന്മാര്‍, അയാളെ കണ്ടു പഠിക്കണം ഡ്രസ്സിങ്ങ്; അയാളെ കണ്ടു പഠിക്കണം പെരുമാറ്റം; അയാളെ കണ്ടു പഠിക്കണം ഇരിക്കാന്‍, നില്‍കാന്‍, നടക്കാന്‍ എന്ന് തുടങ്ങി അയാളുടെ  ഒരു നൂറു നൂറു സ്വഭാവ വിശേഷങ്ങള്‍ അവളുടെ നാവില്‍ നിന്നും അനര്‍ഗനിര്‍ഗളം പ്രവഹിച്ചു. അങ്ങോട്ട്‌ അപ്പോള്‍  എന്ത് പറഞ്ഞാലും വെള്ളത്തില്‍ ആണി അടിക്കുന്നതിന് തുല്യമാണ് എന്നറിയാവുന്നതിനാല്‍ ഞാന്‍ മൌനം വിദ്വാന് ഭൂഷണം എന്ന് പറഞ്ഞ ആ മഹാത്മാവിന്‍റെ ഒരു അനുയായി ആയി തല്‍കാലം മാറി, ഞങ്ങളുട മോള് ബാലരമ അരച്ച് കലക്കി കുടിക്കുന്ന ശ്രമത്തില്‍ ആയിരുന്നതിനാല്‍ ഞാനീ നാട്ടുകാരി അല്ല എന്ന മട്ടിലായിരുന്നു ഇരുപ്പ്,  അപ്പോഴേക്കും ഭാര്യയുടെ മാതൃകാ പുരുഷ കേസരി പളപളാ തിളങ്ങുന്ന നൈറ്റ്‌ഡ്രെസ്സും ധരിച്ച് തിരിച്ചു വന്നു ബോസ്സ് സ്പ്രേയുടെ സുഗന്ധം കൂടിയായപ്പോള്‍ സത്യത്തില്‍ എനിക്കും തെല്ല് വൈക്ലബ്യം തോന്നാതിരുന്നില്ല,  തെല്ലൊരു അസൂയയും.
ഗുഡ്നൈറ്റ്‌ പറഞ്ഞ് ആ അവതാര പുരുഷന്‍ മേലെ ബര്‍ത്തിലേക്ക് കയറി കിടന്നു, അപ്പോഴും എന്‍റെ വാമഭാഗത്തിന്‍റെ കണ്ണ് അയാളെ പിന്തുടരുന്നുണ്ടായിരുന്നു, അവളുടെ ആരാധനാ ഭാവം ഒന്നൂടെ കൂടിയപോലെ തോന്നി.
അങ്ങിനെ കുറച്ചു കഴിഞ്ഞ് ഞങ്ങളും ഉറങ്ങാന്‍ കിടന്നു ഞാനും പോണ്ടാട്ടിയും താഴെ ബര്‍ത്ത്കളിലും മോള്‍ മേലെ ബര്‍ത്തിലും ആയാണ് കിടന്നത്.
ഭയന്ന ശബ്ദത്തിലുള്ള ഭാര്യയുടെ വിളിയൊച്ച കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്, മോളും താഴെ ഇറങ്ങി നില്കുന്നുണ്ടായിരുന്നു, ആദ്യം ഒന്നും എനിക്ക് വ്യക്തമായില്ല, പൊണ്ടാട്ടി മിണ്ടാട്ടം മുട്ടിയപോലെ മേലെ അവതാരം കിടക്കുന്ന ബര്‍ത്തിലേക്ക് വിരല്‍ ചൂണ്ടി .
"പന്ന കഴുവേറീടെ മോനെ..@@##@@..@@##@@...കേറ്റും ഞാന്‍..നീ ആരോടാടാ കളിക്കുന്നേ..പട്ടി..@@##@@.. അവള്‍ടെ അമ്മേടെ..@@"
ഉറക്കത്തിലെ വീരശൂര പരാക്രമങ്ങളിലായിരുന്നു അയാള്‍. കേട്ടാലറക്കുന്ന വികട സരസ്വതി നാവിന്‍ തുമ്പില്‍ വിളയാടുന്നു, തന്‍റെ ആരാധ്യ പുരുഷന്‍റെ യഥാര്‍ത്ഥ രൂപം കണ്ട് അന്തംവിട്ടു നിന്ന ഭാര്യയും മോളും അന്നുവരെ കേട്ടിരിക്കാന്‍ യാതൊരു വിധ സാധ്യതയും ഇല്ലാത്ത കടുത്ത പച്ചതെറികളുടെ സമ്പൂര്‍ണ വെടിക്കെട്ട്‌ കേട്ട് ആകെ ഭയന്നും പോയിരുന്നു. ഞാന്‍ അയാളെ ഒന്ന് തൊട്ടുവിളിച്ചപ്പോള്‍ എന്തൊക്കെയോ പിന്നെയും പുലമ്പിക്കൊണ്ട് ഒന്ന് തിരിഞ്ഞു കിടന്നു , അതോടെ ആ ഭരണിപ്പാട്ട് തല്‍ക്കാലം നിലച്ചു.
പന്തം കണ്ട പെരുച്ചാഴിയെ പോലെ കണ്ടതും കേട്ടതുമൊന്നും വിശ്വസിക്കാനാവാതെ എന്‍റെ ഭാര്യയുടെ അപ്പോഴത്തെ ആ നില്‍പ്പും ഭാവവും ഇന്നും എന്‍റെ കണ്മുന്നിലുണ്ട്.

സിദ്ധീഖ് തൊഴിയൂര്‍

5 അഭിപ്രായ(ങ്ങള്‍):

mini//മിനി said...

അത് നന്നായി ‘പളപളാ മിന്നുന്നതെല്ലാം പൊന്നല്ല, എന്ന് മനസ്സിലാക്കാൻ കഴിഞ്ഞല്ലൊ. നർമ്മം നന്നായി.

കുഞ്ഞൂസ് (Kunjuss) said...

അതെ, പുറം പകിട്ടിലല്ല കാര്യം എന്ന് ഭാര്യ മനസ്സിലാക്കിക്കാണുമല്ലോ.

ശ്രീ said...

ഇത് ഒരിയ്ക്കല്‍ വായിച്ചിരുന്നല്ലോ. റീ പോസ്റ്റ് ആണോ?

Ashly said...

ഹ..ഹ.ഹ....നന്നായി.

പിന്നെ ബ്ലൂബെറി ആയിരുന്നോ അതോ ബ്ലാക്ക്ബെറി ആയിരുന്നോ? ഇനി ഇപ്പൊ ബ്ലു ബെറി എന്ന് ഒരു സംഭവം ഉണ്ടോ ?

Sidheek Thozhiyoor said...

@ സത്യം അതുതന്നെ, അഭിപ്രായത്തില്‍ സന്തോഷം
@ കുഞ്ഞൂസ് - തീര്‍ച്ചയായും അനുഭവങ്ങള്‍ ഗുരുനാഥന്മാര്‍ ..
@ ശ്രീ- എന്‍റെ ബ്ലോഗില്‍ ഇട്ടതു വായിക്കാതവര്‍കായി ഇവിടെയും..
@ ശെരിയാണ് ബ്ലാക്ക്‌ ബെറി തന്നെ , നമ്മള്‍ വെറും നോക്കിയാ ആയതിനാല്‍ ബെറിയുടെ നിറം ശ്രദ്ധിച്ചില്ല , തിരുത്തി , നന്ദി.

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP