അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് തനതുമുദ്ര പതിപ്പിച്ച കൊച്ചിന്‍ ഹനീഫ (61) ഓര്‍മച്ചിത്രമായി.
ചെന്നൈ പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു അന്ത്യം.
കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറുദിവസമായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍ കമലഹാസന്‍ ആസ്പത്രിയിലെത്തി ഏതാനും മിനിറ്റുകള്‍ക്കകമായിരുന്നു അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഹനീഫ അന്തരിച്ചതായി വാര്‍ത്ത പരന്നിരുന്നു. പിന്നീട് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് ആസ്പത്രിഅധികൃതര്‍ വ്യക്തമാക്കി. നാലുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹനീഫയുടെ മൃതദേഹം ചൊവ്വാഴ്ചരാത്രി വൈകി ആംബുലന്‍സ് മാര്‍ഗം ജന്മനാടായ കൊച്ചിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച ഉച്ചമുതല്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് വൈകിട്ട് 4.30 ന് എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ഹനീഫയുടെ മൃതദേഹം ശ്രീരാമചന്ദ്ര മെഡിക്കല്‍കോളേജില്‍നിന്ന് വിരുഗംപാക്കം ഭാസ്‌കര്‍കോളനിയിലെ വാടകവീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു. ഭാര്യ ഫാസിലയും മൂന്നു വയസ്സ് പ്രായക്കാരായ ഇരട്ടക്കുട്ടികള്‍ മര്‍വ, ഷഫ എന്നിവരും ബന്ധുക്കളും വാവിട്ടുകരഞ്ഞു.
ആസ്പത്രിയില്‍ മലയാള നടിമാരായ സീമ, ലിസി, ഉര്‍വ്വശി എന്നിവരും ചലച്ചിത്രനിര്‍മാതാവും മെഡിമിക്‌സ് ഡയരക്ടറുമായ എ.വി.അനൂപ്, വിടുതലൈ ചിരുതൈ കക്ഷിനേതാവ് തോള്‍ തിരുമാവളവന്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
കഴിഞ്ഞ നാലുമാസമായി ഹനീഫ ശ്രീരാമചന്ദ്ര മെഡിക്കല്‍കോളേജില്‍ ചികിത്സതേടിവരികയായിരുന്നു.
28ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചശേഷം മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു.
സഹോദരങ്ങളായ അഷറഫ്, മസൂര്‍, നൗഷാദ് എന്നിവരും അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു.നാസിര്‍, റസിയ, നജ്മ എന്നിവരും സഹോദരങ്ങളാണ്.
സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ എറണാകുളം പുല്ലേപ്പടി വെളുത്തേടത്ത് എ.വി. മുഹമ്മദ് -ഹാജിറ ദമ്പതിമാരുടെ മകനാണ്. 1948ല്‍ ജനനം. കലൂര്‍ സെന്റ് ആന്റണീസ് സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോട്ടണി ബിരുദധാരി. പഠിക്കുമ്പോള്‍ ഏകാഭിനയവേദിയിലൂടെയാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നാടകങ്ങളിലും സജീവമായിരുന്നു. മിമിക്രി കലാരൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെയാണ് കൊച്ചിന്‍ ഹനീഫയായത്. പിന്നീട് സിനിമാമോഹവുമായി ചെന്നൈയിലേക്ക് പോയി. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം. ഒരു ചലച്ചിത്രതാരത്തിന് വേണ്ട ആകാരസൗഷ്ഠവം പോലുമില്ലാതിരുന്നിട്ടും തന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ഹനീഫ നടത്തിയ പ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നു.
ഇതുവരെ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വില്ലനായും ഹാസ്യതാരമായുമൊക്കെ തിളങ്ങി. ദിലീപ് നായകനായ 'ബോഡിഗാര്‍ഡാ'ണ് ഹനീഫ അഭിനയിച്ച് റിലീസായ അവസാന മലയാള ചിത്രം. വിജയ് നായകനായ 'വേട്ടൈക്കാരന്‍' അവസാന തമിഴ് ചിത്രം. 2001ല്‍ 'സൂത്രധാരന്‍' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.
പഴയ മദ്രാസില്‍ തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ ഹനീഫ നിറഞ്ഞുനിന്നിരുന്നു. 'വാത്സല്യം', 'ഒരു സന്ദേശം കൂടി', 'മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്', 'ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
0 അഭിപ്രായ(ങ്ങള്‍):
Post a Comment