മലപ്പുറത്തെ വിഷക്കള്ള് ദുരന്തം സംസ്ഥാന സര്‍ക്കാരിന്റെ തലതിരിഞ്ഞ അബ്കാരി നയം കൊണ്ട് സംഭവിച്ചതാണെന്ന് പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു. ജനങ്ങളുടെ ആരോഗ്യവും ജീവിതവും അപകടത്തിലാകാനുള്ള സാധ്യതകളെക്കുറിച്ച് സൂചനകളും മുന്നറിയിപ്പുകളും നിരവധി ഉണ്ടായിരുന്നു. ഓണാഘോഷം അമിതമായി ലഹരിപിടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഒരുമാസം മുമ്പുതന്നെ കേരളത്തില്‍ നടന്നുവരികയായിരുന്നു. പതിവുള്ള പരിശോധനയും വഴിപാടുകളും നടത്തി ഉദ്യോഗസ്ഥര്‍ കണ്ണടച്ചതുകൊണ്ടാണ് ഓണം കഴിഞ്ഞതിന് തൊട്ടുപിന്നാലെ നിരവധി മനുഷ്യര്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്കിയ ഷാപ്പുകളില്‍ നിന്ന് കള്ളുകുടിച്ച് പുഴുക്കളെപ്പോലെ പിടഞ്ഞുമരിക്കേണ്ടിവന്നത്. കുറ്റിപ്പുറത്തും പേരശ്ശനൂരിലും വാണിയമ്പലത്തും അടക്കം മലപ്പുറം ജില്ലയുടെ പലഭാഗങ്ങളില്‍ വിഷക്കള്ള് വില്‍ക്കുന്ന വിവരം നാട്ടുകാര്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വളരെ മുമ്പുതന്നെ പരാതിരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കള്ളില്‍ കലര്‍ത്താന്‍ കൊണ്ടുപോയ രാസവസ്തുക്കളും സ്പിരിറ്റും അവിടെ ഒരു ഓട്ടോറിക്ഷയില്‍ നിന്ന് ഈയിടെ പൊലീസ് കണ്ടെടുത്തതായും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ ആരുടെയോ സ്വാധീനങ്ങള്‍ക്ക് വഴങ്ങി അനന്തര നടപടികളെല്ലാം മുടങ്ങി. അന്നുതന്നെ ഷാപ്പുകളില്‍ പരിശോധന നടത്തി വിഷക്കള്ള് കണ്ടെത്തുകയും ജില്ലയിലെ ഷാപ്പുകളെല്ലാം തല്‍ക്കാലത്തേക്കെങ്കിലും പൂട്ടിയിടുകയും ചെയ്തിരുന്നെങ്കില്‍ നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദാരുണമായ ഈ കൂട്ടക്കുരുതി ഉണ്ടാകുമായിരുന്നില്ല. പരാതി ലഭിച്ചാല്‍ പോലും കര്‍ശന നടപടിയെടുക്കാന്‍ കഴിയാത്തവിധം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുകയാണ് കേരളത്തില്‍. ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും അബ്കാരികളും തമ്മിലുള്ള അവിശുദ്ധമായ ബന്ധം ഈ നാടിന്റെ (മാത്രം ശാപം) ആത്മാവിനെത്തന്നെ കീറിമുറിച്ചുകൊണ്ടിരിക്കുകയാണ്. എത്ര ദുരന്താനുഭവങ്ങള്‍ ഉണ്ടായാലും പഠിക്കാത്ത മനുഷ്യര്‍!
സമൂഹത്തില്‍ ലഹരിമരുന്നിന്റെയും മദ്യത്തിന്റെയും വ്യാപനം ഭീകരമാംവിധം വര്‍ധിച്ചപ്പോള്‍ പടിപടിയായെങ്കിലും കുറവുചെയ്യാന്‍ 1996ലെ യു.ഡി.എഫ്. സര്‍ക്കാര്‍ ചാരായനിരോധനം ഏര്‍പ്പെടുത്തി. അത് വലിയ പാതകമായിപ്പോയി എന്നാണ് ഇപ്പോഴും സി.പി.എം. നേതാക്കള്‍ അടക്കം ഇടതുഭരണകൂടത്തെ നിയന്ത്രിക്കുന്നവര്‍ അവസരം കിട്ടുമ്പോഴെല്ലാം പറയുന്നത്. ചാരായഷാപ്പുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ രഹിതരായിത്തീര്ന്നവരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ ലക്കും ലഗാനുമില്ലാതെ നാടുനീളെ കള്ളുഷാപ്പുകള്‍ അനുവദിച്ചത് അച്യുതാനന്ദന് സര്‍ക്കാരാണ്. വിഷം വിറ്റ് സമൂഹത്തെ തകര്‍ക്കുന്ന ജോലി ചെയ്തവര്‍ക്ക് മാന്യവും മഹിമയുമുള്ള തൊഴില്‍ കണ്ടുപിടിച്ച് നല്‍കുന്നതിന് പകരം മദ്യവില്പന മാത്രമേ ഏല്പിക്കൂ എന്നത് എവിടുത്തെ നയം?
സംസ്ഥാനത്ത് ഇപ്പോള്‍ അയ്യായിരത്തിലേറെ കള്ളുഷാപ്പുകളുണ്ട്. ന്യായവിലയ്ക്ക് അവശ്യ ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് നല്കാന് റേഷന്‍ കടകള്‍ ഇല്ലെങ്കിലും ഗ്രാമങ്ങള്‍ തോറും കള്ളുഷാപ്പിന് ലൈസന്‍സ് കൊടുക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ല. ഈ ഷാപ്പുകള്‍ക്കെല്ലാം വില്ക്കാന് ആവശ്യമായ കള്ള് കേരളത്തിലെ മുഴുവന്‍ തെങ്ങുകളും ചെത്തിയാല് കിട്ടുമെന്ന് തോന്നുന്നില്ല. ഷാപ്പുകള്‍ വഴി വില്‍ക്കപ്പെടുന്ന കള്ളിന്റെ പത്തിലൊന്ന് കള്ളുപോലും യഥാര്‍ത്ഥത്തില്‍ ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാരിനും ഷാപ്പ് നടത്തിപ്പുകാര്‍ക്കും അബ്കാരി നയതീരുമാനങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അറിവുള്ളതാണ്. അപ്പോള്‍ ഷാപ്പുകളില്ക്കൂടി കള്ളെന്നപേരില് വില്‍ക്കപ്പെടുന്നത് കൃത്രിമമായി ഉണ്ടാക്കിയ പാനീയമാണെന്ന് ഇവര്‍ക്കറിയാം. അപ്പോള്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.
ജനങ്ങളുടെ ആരോഗ്യം തകര്‍ക്കുന്ന മാരകമായ വിഷമാണ് കള്ളെന്ന പേരില്‍ സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തിട്ടുള്ള ഷാപ്പുകളില്‍ നിന്ന് ദിവസവും വിറ്റഴിക്കപ്പെടുന്നത്. നിയമവിരുദ്ധവും അധാര്‍മികവുമായ ഈ ഇടപാടിന് സംസ്ഥാനത്തെ എക്സൈസ് വകുപ്പ് കണ്ണടച്ചുകൊടുത്തത് അബ്കാരികളില് നിന്ന് ഭീമമായ കൈക്കൂലി വാങ്ങിക്കൊണ്ടാണ്. വിഷക്കള്ള് ഉണ്ടാക്കാനുള്ള വ്യാജ സ്പിരിറ്റ് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കടത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ തന്നെയാണ് ഒത്താശ ചെയ്തുകൊടുക്കുന്നത്. ജനങ്ങളില്‍ പാവങ്ങളില്‍ പാവങ്ങളാണ് കള്ളുഷാപ്പില്‍ മദ്യപിക്കാന്‍ പോകുന്നത്. അവരോട് തരിമ്പെങ്കിലും കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ നീതിരഹിതമായ ഈ ദ്രോഹത്തിന് കൂട്ടുനില്‍ക്കുമായിരുന്നോ? മലപ്പുറത്തെ വിഷക്കള്ള് ദുരന്തം അനേകം പേരുടെ ജീവന് അപഹരിച്ചു. ജില്ലയിലെ കള്ളുഷാപ്പുകളെല്ലാം പൂട്ടാന്‍ മന്ത്രി പി.കെ. ഗുരുദാസന് നിര്‍ദ്ദേശം നല്കിയിരിക്കുന്നു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തിനു വേണ്ടി..? ആര്‍ക്കു വേണ്ടി..? ഓരോ ദുരന്തങ്ങളും കഴിയുമ്പോള്‍ നമ്മള് കൊറേ കാലം അതിന്റെ പേരില്‍ പല കാര്യങ്ങളും (നടപ്പിലാക്കാത്തത്) പറയും. എന്നിട്ടൊടുവില്‍ മറ്റൊരു മദ്യദുരത്തം ഉണ്ടാകുമ്പോള്‍ വീണ്ടും… പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു. ഇടതായാലും വലതായാലും ഈകാര്യത്തില്‍ വ്യത്യാസം ഒന്നും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ഓരോ ദുരന്തമുണ്ടാകുമ്പോഴും പതിവുള്ള കണ്ണീരും ഒഴുകിക്കൊണ്ടിരിക്കുന്നു. വൈപ്പിന്‍ മദ്യദുരന്തം, പുനലൂര്‍ ദുരന്തം, കല്ലുവാതുക്കല്‍ ദുരന്തം, കുപ്പണ ദുരന്തം ഇങ്ങനെ എത്രയെത്ര മദ്യദുരന്തങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളം കണ്ടു. അന്വേഷണങ്ങള്‍ നടന്നു. വിലപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ സര്‍ക്കാരിന്റെ പക്കലുണ്ട്. വല്ല പ്രയോജനവും അതുകൊണ്ടുണ്ടായോ? അതുപോലെ മലപ്പുറം വിഷക്കള്ള് ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടും വരും. ദുരന്തത്തിന്റെ കാരണവും ദുരന്തം വന്ന വഴികളും വലിയ വൈദഗ്ധ്യമൊന്നുമില്ലാത്തവര്ക്കുപോലും അറിയാവുന്നതാണ്. സംസ്ഥാന സര്‍ക്കാരാണ് ഈ സംഭവത്തിലെ ഒന്നാം പ്രതി. മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസന് രാജിവെച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണത്തിന് വഴിയൊരുക്കുക.
മുപ്പതു വേണോ മുപ്പത്…?
പല തരത്തില്‍ പല പേരില്‍ വ്യാജന് ഇന്ന് കേരളത്തില്‍ സുലഭമായി നാട്ടും പുറങ്ങളില്‍ കിട്ടും. ആന മയക്കി, ഇഴയന്‍, പാമ്പ്,മശിഹ( ദൈവമേ നീ തന്നെ ഇവരോട് പൊറുക്കേണമേ..), ഏഴരമുഖന്( പല സ്വഭാവം കാണിക്കും),കിടുമ്പന്‍, കോടാലി,ട്യൂബു(സൈക്കിള്‍ ട്യൂ ബില്‍ ലഭിക്കുന്നതിനാല്‍), കുഞ്ഞന്‍… അങ്ങനെ ദേശവും, സ്ഥലഭേദവും അനുസരിച്ച് പേരുകള്‍ മാറി കൊണ്ടേയിരിക്കും. എന്നാലിതാ ഒന്ന് കൂടി മുപ്പത്. തിരുന്നാവായ മേഖലയില്‍ ’30′ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന വീര്യം കൂടിയ കള്ളാണ് നിരവധിപേരുടെ ജീവനെടുത്ത മദ്യ ദുരന്തത്തിനിടയാക്കിയത്.ഒരു ഗ്ലാസിന് മുപ്പത് രൂപ ആയതിനാലാണ് ഈ മദ്യത്തിന് മുപ്പത് എന്ന പേരുവരാന്‍ കാരണം. 15 രൂപ കൊടുത്താല്‍ ഗ്ലാസിന്റെ പകുതി കിട്ടും. സാധാരണ നിലയ്ക്ക് ഫിറ്റാവാന്‍ ഒരു ഗ്ലാസ് മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. മുപ്പത് രൂപയ്ക്ക് മിനുങ്ങാമെന്നത് താഴെത്തട്ടിലുള്ള തൊഴിലാളികളെയും മുഴുക്കുടിയന്മാരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു. കൂലിപ്പണിക്കാരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടി എത്തിയവരെല്ലാം. ഇവരില്‍ ഭൂരിപക്ഷവും മുപ്പതിനും നാല്‍പ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്.
പല തരത്തില്‍ പല പേരില്‍ വ്യാജന് ഇന്ന് കേരളത്തില്‍ സുലഭമായി നാട്ടും പുറങ്ങളില്‍ കിട്ടും. ആന മയക്കി, ഇഴയന്‍, പാമ്പ്,മശിഹ( ദൈവമേ നീ തന്നെ ഇവരോട് പൊറുക്കേണമേ..), ഏഴരമുഖന്( പല സ്വഭാവം കാണിക്കും),കിടുമ്പന്‍, കോടാലി,ട്യൂബു(സൈക്കിള്‍ ട്യൂ ബില്‍ ലഭിക്കുന്നതിനാല്‍), കുഞ്ഞന്‍… അങ്ങനെ ദേശവും, സ്ഥലഭേദവും അനുസരിച്ച് പേരുകള്‍ മാറി കൊണ്ടേയിരിക്കും. എന്നാലിതാ ഒന്ന് കൂടി മുപ്പത്. തിരുന്നാവായ മേഖലയില്‍ ’30′ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന വീര്യം കൂടിയ കള്ളാണ് നിരവധിപേരുടെ ജീവനെടുത്ത മദ്യ ദുരന്തത്തിനിടയാക്കിയത്.ഒരു ഗ്ലാസിന് മുപ്പത് രൂപ ആയതിനാലാണ് ഈ മദ്യത്തിന് മുപ്പത് എന്ന പേരുവരാന്‍ കാരണം. 15 രൂപ കൊടുത്താല്‍ ഗ്ലാസിന്റെ പകുതി കിട്ടും. സാധാരണ നിലയ്ക്ക് ഫിറ്റാവാന്‍ ഒരു ഗ്ലാസ് മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. മുപ്പത് രൂപയ്ക്ക് മിനുങ്ങാമെന്നത് താഴെത്തട്ടിലുള്ള തൊഴിലാളികളെയും മുഴുക്കുടിയന്മാരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു. കൂലിപ്പണിക്കാരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടി എത്തിയവരെല്ലാം. ഇവരില്‍ ഭൂരിപക്ഷവും മുപ്പതിനും നാല്‍പ്പതിനും ഇടയ്ക്ക് പ്രായമുള്ളവരാണ്.
6 അഭിപ്രായ(ങ്ങള്):
പ്രിയ റ്റോംസ് കോനുമഠം, നാട്ടിൽ നടക്കുന്നതെല്ലാം കള്ളം തന്നെ, താങ്കൾ പറഞ്ഞതെല്ലാം ശരിതന്നെ. ഇത്തരം നല്ല വിമർശനങ്ങൾ എഴുതുമ്പോൾ, ആരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിർത്തുമ്പോൾ-ഇതിനു പരിഹാരം ഉണ്ടാക്കാൻ ആരുമില്ലേയെന്ന തോന്നലുണ്ടാക്കാൻ വേണ്ടി രണ്ടു വാചകം കൂടി ചേർത്തേക്കുക. കൊള്ളാം, നല്ല വിമർശനം.
വളരെ ഗൗരവമുള്ള വിഷയം! നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്! എന്നാണ് മലയാളികൾ മദ്യത്തിൽ നിന്ന് രക്ഷപെടുക
ഞാന്‍ കേരളത്തില്‍ വോട്ടവകാശമില്ലാത്ത ആളായതുകൊണ്ട് ഈ ലേഘനത്തിലെ രാഷ്ട്രീയത്തെ പറ്റി ഒന്നും പറയുന്നില്ല.
ഞാന്‍ താമസിക്കുന്ന ഇടത്ത് മദ്യത്തിനു നാട്ടിലേതിന്റെ നാലിലൊന്ന് വിലയേ ഉള്ളൂ. ആര്‍ക്കും യഥേഷ്ടം വാങ്ങാം. ധാരാളം മദ്യ ശാലകള്‍ ഉണ്ട് . എന്നിട്ടും ഇവിടെ ആരും ഫിറ്റായി വഴിയില്‍ കിടക്കുന്നതോ കുടിച്ചു ചാകുന്നതോ കണ്ടിട്ടില്ല.
അമിതമായ മദ്യാസക്തി ഉള്ളവര്‍ക്ക് ചികിത്സയും emotional സപ്പോര്‍ട്ടും ലഭിക്കാനുള്ള സംവിധാനമുണ്ട് . നിയമം നടപ്പാക്കാനും അനുസരിക്കാനും (ഏറെക്കുറെ) സന്നദ്ധതയുള്ള സമൂഹവും ഉണ്ട് .
അപ്പോള്‍ പ്രശ്നം എവിടെയാണെന്ന് ഞാന്‍ പറയണ്ടല്ലോ.
I have posted comment for this post here in this blog... Please check as soon as your time permits...
http://enikkuthonniyathuitha.blogspot.com/
Thanks & Regards
Pranavam Ravikumar
പണ്ട് കാലത്ത് സ്വയമ്പൻ വാറ്റുകളും,ധാരാളം കള്ളുഷാപ്പുകളും ഉള്ളകാലത്ത് ഒരു സധാരണക്കരനും മദ്യ ദുരന്തം കാരണം മരിക്കാറില്ലായിരിന്നു...!
മദ്യ വ്യവസായം പണമൊഴുകുന്ന പണിയായത് കൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെയും നേതാക്കന്മാരുടെയും പണത്തോടുള്ള ആസക്തിയാണ് ആദ്യം ഇല്ലാതാക്കേണ്ടത്. അതിനു സാന്മാര്ഗ്ഗികതയും ധര്‍മ്മ ബോധവും ഉണ്ടായാല്‍ മതി. ഇതൊന്നും ഇല്ലാതിരിക്കലാണ് അലങ്കാരമെന്നു കരുതുന്ന സമൂഹത്തിന് ഇനിയും ഇത്തരം അനര്‍ത്ഥങ്ങള്‍ വരില്ലെന്നുണ്ടോ?
Post a Comment