അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, August 18, 2010

ബലിമ്യഗങ്ങള്‍

ഭൂതം

മണ്ണിന്റെ ഓമന മക്കള്‍
ഹരിയുടെ ജനങ്ങള്‍
ഗിരിയുടെ ജനങ്ങള്‍

ഊഷരഭൂമിയില്‍ ചോരനീരാക്കി
കനകം വിളയിച്ച്
ഖജനാവുകള്‍ നിറക്കും
ബലിമ്യഗങ്ങള്‍

മാനവികത പൂത്ത് വിടര്‍ന്ന
പോയ നുറ്റാണ്ടിനുശേഷവും
കുടുതല്‍ ജീര്‍ണ്ണിതരായി പോയ
നിരക്ഷരരാം സോദരങ്ങള്‍

നിങ്ങള്‍ക്ക് അന്യമാം
ജനാധിപത്യത്തിന്റെ
ശ്രീകോവിലുകള്‍ നിലനിര്‍ത്തും
വോട്ടുബാങ്കുകള്‍

ചാതുര്‍വര്‍ണ്ണ്യത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍
കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന
ദുരമൂത്ത പുത്തന്‍ വികസനത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍

നിങ്ങള്‍ക്ക് വേണ്ടിയെന്ന്
വീമ്പിളക്കി നടന്നവര്‍ പോലും
തിന്നു കൊഴുത്തു

വര്‍ത്തമാനം

നിങ്ങളുടെ കൂരക്കടിയിലെ
ധാതുനിഷേപങ്ങള്‍ക്ക് വിലപറയും
ആഗോള കുത്തകള്‍ക്കായി
കാക്കേണ്ടവര്‍ തന്നെ കോഴകള്‍ വാങ്ങി
നിഷ്കരുണം കൂരകള്‍ പൊളിച്ച്
ചേരികളിലേക്ക് തള്ളിവിടുന്നു

ഭാവി

ഭൂമിയോളം താണ നിങ്ങളെ
ഇനി ഭൂമിയിലേക്കും താഴ്ത്തും
കള്ളന്മാരും കൊലപാതകിക്കളും
വേശ്യകളുമാക്കി കുടുതല്‍ അധ:പതിപ്പിക്കും

വരേണ്യ ഇരുകാലികളുടെ
ദുര അവസാനിക്കാത്തിടത്തോളം
ഇതു തന്നെയല്ലോ നിങ്ങളുടെ വിധി................

8 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി said...

ഭൂമിയോളം താണ നിങ്ങളെ
ഇനി ഭൂമിയിലേക്കും താഴ്ത്തും
കള്ളന്മാരും കൊലപാതകിക്കളും
വേശ്യകളുമാക്കി കുടുതല്‍ അധ:പതിപ്പിക്കും

വരികള്‍ നന്നായി.

എന്‍.ബി.സുരേഷ് said...

ബിഗുൽ ഇത് കവിതയുടെ പുറം കാഴ്ച മാത്രമേ ആകുന്നുള്ളൂ. ഒരു ലേഖനത്തിൽ പറയാനുള്ള ആശയങ്ങൾ കവിതയുടെ രൂപത്തിലേക്ക് വിവർത്തനം ചെയ്തു.ഉള്ളറകളിലേക്ക് ഇറങ്ങാൻ വായനക്കാർക്ക് അവസരം നിഷേധിച്ചൂ.വാതില്പടിയിൽ വച്ചു തന്നെ എല്ലാം തുറന്നു പറഞ്ഞ അനുഭവം.

എന്നാൽ കവിതയിൽ ഉന്നയിച്ച ആശയത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു.

പ്രാന്തവൽക്കരിക്കപ്പെട്ടവർ എന്നും അങ്ങനെ തന്നെ. ആഫ്രിക്കയിലെ ഒഗോണികളുടെ കാര്യം നമ്മുടെ മുൻപിൽ ഉണ്ടല്ലോ. അവർ പിന്നീട് തീവ്രവാദികളായി മാറി. അവരുടെ കൃഷിയിടങ്ങൾ മൈനിംഗ് മേഖലയും. അവർക്ക് വേണ്ടി വാദിച്ച കെൻ സരോവിവയെ തൂക്കിലേറ്റി. ആദിവാസികളടക്കമുള്ള ജനവഭാഗങ്ങളെ അവരുടെ ഭൂമിയിൽ നിന്നും ആട്ടിയ്യോടിച്ച് പിന്നീട് അവർ തിരിഞ്ഞു നിൽക്കുമ്പോൾ രാഷ്ട്ര ശത്രുക്കൾ എന്നു മുദ്ര കുത്തി ഉന്മൂലനമ ചെയ്യലാണല്ലോ നമ്മുടെ പണി.
ആനന്ദ് അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്ന നോവലിൽ കുറ്റവാളിസമൂഹങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ചർച്ച ചെയ്യുന്നുണ്ട്.

കവിതയിൽ ഒരു ശക്തമായ ആശയം പറയുമ്പോൾ കവിത കൂടി ശക്തമാക്കുക.

സുസ്മേഷ് ചന്ത്രോത്ത് said...

കവിത നന്നായി.മാനവികമായ വിഷയങ്ങള്‍.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആശയഗരിമയുണ്ടെങ്കിലും കവിതയിൽ കാവ്യാംശം കുറഞ്ഞുപോയി.. ആവിഷ്ക്ര്‌തമായ ചിന്തകളോട് സമരസപ്പെടുന്നു.. ആശംസകൾ

Unknown said...

ഓണാശംസകള്‍

ഒരു ലേഘനം പോലെ ആയി പോയി

the man to walk with said...

നന്നായി ..എന്നും പ്രസക്തമായ വിഷയം ..
ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാര്‍ക്ക്‌ പരിച്ചയമില്ലതതിനാലാവാം വായനക്കാര്‍ ആഫ്രികയിലെക്കും ലാടിന്‍ അമേരിക്കയിലേക്കും ഈ കലുഷിത കാലത്തിലും ഇവിടെ നോക്കാതെ തിരയുന്നത് !!

Unknown said...

നിങ്ങളുടെ കൂരക്കടിയിലെ
ധാതുനിഷേപങ്ങള്‍ക്ക് വിലപറയും
ആഗോള കുത്തകള്‍ക്കായി
കാക്കേണ്ടവര്‍ തന്നെ കോഴകള്‍ വാങ്ങി
നിഷ്കരുണം കൂരകള്‍ പൊളിച്ച്
ചേരികളിലേക്ക് തള്ളിവിടുന്നു.

നല്ല വരികള്‍.

സാഹിത്യം കുറഞ്ഞു പോയാലും കവിതയുടെ ആശയം നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം said...

നിങ്ങള്‍ക്ക് അന്യമാം
ജനാധിപത്യത്തിന്റെ
ശ്രീകോവിലുകള്‍ നിലനിര്‍ത്തും
വോട്ടുബാങ്കുകള്‍..........!

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP