അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Saturday, June 12, 2010

ഒരു യാത്രയുടെ ഓര്‍മ്മക്കായി

പ്രണയാതുരമായ ഹ്രസ്വസംഭാഷണം അവസാനിച്ചു. അപ്രതീക്ഷിത്മായി അവളുടെ അടുത്ത കോള്‍ വരുന്നതുവരെ ഇനി വിരഹത്തിന്റെ മണിക്കുറുകളോ, ചിലപ്പോ ദിവസങ്ങളോ ആണ്‌.

എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്‌ അവളുമായുള്ള ബന്ധം . അങ്ങ്‌ അകലെ ദല്‍ഹിയിലെ യമുനാതീരത്തിരുന്ന്‌ എന്നെ പ്രണയിക്കുന്ന, പക്ഷെ എനിക്കായി കാത്തിരിക്കാത്ത എന്‍റെ രാധ.

പലപ്പോഴും കളിയായും കാര്യമായും അവള്‍ പറയാറുണ്ട്‌ "പണ്ട്‌ ദ്വാപരയുഗത്തില്‍ യമുനാതീരത്ത്‌ രാധ കൃഷ്ണനു വേണ്ടി കാത്തിരുന്നു. കലിയുഗത്തിലും യമുനാതീരത്ത്‌ രാധയുണ്ട്‌. പക്ഷെ അവള്‍ ആര്‍ക്കും വേണ്ടി കാത്തിരിക്കുന്നില്ല. പക്ഷെ അവള്‍ വരില്ല എന്നറിഞ്ഞിട്ടും ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു. എന്റെ അടുക്കലേക്ക്‌ വരാനായി വീണ്ടും വീണ്ടും വൃഥാ പ്രേരിപ്പിക്കുന്നു."


രാധയുടെ ഓരോ തവണത്തെ വിളിക്ക്‌ ശേഷവുമുള്ള കുറെ മണിക്കുറുകള്‍ അവളെക്കുറിച്ചുള്ള ഒര്‍മ്മകള്‍ നവീകരികാന്‍ വേണ്ടിയുള്ളതാണ്‌.

അന്നൊരു ബുധനാഴ്ചയായിരുന്നു. 2004 സെപ്തംബര്‍ 15. എന്റെ ആദ്യത്തെ ദല്‍ഹി യാത്ര. ഒരുപാട്‌ നാളത്തെ ആഗ്രഹമായിരുന്നു ഒരാഴച്ച നീളുന്ന ദല്‍ഹി യാത്ര. യാത്ര സാധ്യമായത്തിന്റെ ആവേശത്തിലായിരുന്നു. ഒരു നഴ്സറി ക്ളാസുകാരന്റെ ആവേശത്തോടെ എറണാകുളത്തുനിന്നും ഞാന്‍ ട്രെയിന്‍ കയറി. ഫസ്റ്റ് ക്ളാസ്‌ .സി.കോച്ചിലെ കാലിയായിരുന്ന എന്റെ കാബിനിലിരുന്നു. സഹയാത്രികരെ കാണത്തിരുന്നത്‌ എന്നെ നിരാശപ്പെടുത്തി. ഞാന്‍ പുറത്തേക്ക്‌ നോക്കിയിരിക്കാന്‍ തുടങ്ങി.

തൃശൂര്‍ എത്തിയപ്പോള്‍ എന്റെ കാബിനിലേക്ക്‌ രണ്ട്‌ മദ്ധ്യവയസ്കര്‍ കയറി ബര്‍ത്തില്‍ ബാഗുകള്‍ വെച്ചു. ഞാന്‍ അവരെ നോക്കി ചിരിച്ചു. അവര്‍ തിരിച്ച്‌ ചിരിച്‌ പുറത്തേക്ക്‌ ഇറങ്ങിയതും കാബിനിലേക്ക്‌ സുന്ദരിക്കളായ രണ്ട്‌ കൊച്ചുപെണ്‍കുട്ടികള്‍ കയറി, കൂടെ സുന്ദരിയായ അവരുടെ അമ്മയും .

അവരെ കണ്ടതും ഞാനൊന്നു അമ്പരുന്നു പോയി. മുഖത്തു നിന്നും എനിക്ക്‌ കണ്ണെടുക്കാന്‍ പറ്റിയില്ല. ട്രെയിന്‍ ചലിച്ച്‌ തുടങ്ങിയപ്പോള്‍ അവരും ,കുട്ടികളും യാത്രയാക്കാന്‍ വന്നവര്‍ക്ക്‌ നേരെ കൈ വീശി കാണിച്ചു. അപ്പോഴും എന്റെ കണ്ണുകള്‍ അവരുടെ മുഖത്തു തന്നെയായിരുന്നു.

അവര്‍ എന്നെ ഒന്നു സുക്ഷിച്ച്‌ നോക്കിയപ്പോള്‍ ഞാന്‍ എന്റെ കണ്ണുക്കളെ പുറകോട്ട്‌ വലിച്ച് വീണ്ടും പുറത്തേക്ക്‌ നോക്കിയിരിക്കാന്‍ തുടങ്ങി. പക്ഷെ എന്റെ മനസ്സ്‌ നിറയെ അവളായിരുന്നു. ഒരു പക്ഷെ ആരും വിശ്വസിക്കില്ല, ഒരു സ്വപ്നജീവി ആയതുകൊണ്ടായിരിക്കാം കൌമാരത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ഞാന്‍ പതിവായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു. വെളുത്ത്‌ സുന്ദരമായ മുഖമുള്ള, ചുകന്ന ചെറിയ പൊട്ടു തൊട്ട്‌, കറുപ്പ് ചുരിദാറും , വെള്ള മുത്തുമാലയും നാനാവര്‍ണ്ണങ്ങളില്ലുള്ള കുപ്പി വളകളും ധരിച്ച പെണ്‍കുട്ടി എന്റെ അരികില്‍ വരുന്നത്‌. സ്വപ്നം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവള്‍ ക്ക്‌ ഒരു പേരിട്ടു 'രാധ്‌'. എന്നെങ്കിലും ഒരിക്കല്‍ അവളെ കണ്ടെത്തും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവള്‍ക്കായി കാത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പ്‌ പൂര്‍ത്തിയായിരിക്കുന്നു. അവരുടെ വേഷവും എന്റെ സ്വപ്നത്തിലേത്‌ പോലെയായിരുന്നു. വെള്ളമുത്ത്‌ മാലയുടെ കൂടെ ഒരു താലി മാലയും , കുപ്പി വളക്കളുടെ കൂടെ സ്വര്‍ണ്ണവളക്കളും , പിന്നെ നെറ്റിയിലെ സിന്ദൂരവും ഒഴിച്ച്‌. ഇനി പേരു കൂടെ അറിയണം . ഒരു അവസരത്തിനായി ഞാന്‍ കാത്തിരുന്നു.

അതിനിടയില്‍ ഞാന്‍ എപ്പഴോ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കും പുറത്ത്‌ ഇരുട്ട്‌ പടര്‍ന്നിരുന്നു. രണ്ടു സുന്ദരി കുട്ടികളും അമ്മയുടെ മടിയില്‍ പൂച്ചകുട്ടിക്കളെ പോലെ പറ്റി പിടിച്‌ കിട്ടന്നുറങ്ങുന്നു. അവരും പാതി മയക്കത്തിലാണ്‌ എന്നു തോന്നുന്നു. ഞാന്‍ അവരെ നോക്കിയിരുപ്പായി. തിരുപ്പുര്‍ എത്തിയപ്പോള്‍ അവരുണര്‍ന്നു. എന്നെ ഒന്നു തുറിച്ച്‌ നോക്കി.

അല്പം ഭയത്തോടെ ഞാന്‍ ചോദിച്ചു പേരന്താ?

രാധ.

ഞാന്‍ ഒരിക്കല്‍ കൂടി ഞെട്ടി.

എന്റെ മുഖഭാവം കണ്ടിട്ടാവണം അവര്‍ ആശ്ചര്യത്തോടെ തിരക്കി എന്തേ?

ഒന്നുമില്ല എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.

രാധ എന്നെ നോക്കി ചിരിച്ചു.

ഞങ്ങള്‍ പരിചയപ്പെട്ടു. അവരും ദല്‍ഹിയിലേക്കാണ്‌. ഭര്‍ത്താവ്‌ ഗാര്‍മന്റ്‌ എക്സ്പോര്‍ട്ടറാണ്‌. ഈറോഡ്‌ എത്തുന്നതുവരെ ഞങ്ങള്‍ നാട്ടുകാര്യങ്ങള്‍ സംസാരിചിരുന്നു. ഈറോഡ്‌ എത്തിയപ്പോള്‍ കുട്ടിക്കളെ ഉണര്‍ത്തി അവര്‍ ഭക്ഷ്ണം കഴിക്കാന്‍ ഇരുന്നപ്പോള്‍ എന്നെയും ക്ഷണിച്ചു. ഞാന്‍ എന്റെ പാര്‍സലും തുറന്നു. ഞങ്ങള്‍ കറികള്‍ പങ്കുവെച്ചു. ഭക്ഷണം കഴിഞ്ഞു കുറച്ച്‌ നേരത്തെ സംസാരത്തിന്‌ ശേഷം മാളുവും , ഇന്ദുവും അപ്പര്‍ ബര്‍ത്തില്‍ കയറി വീണ്ടും ഉറങ്ങാന്‍ തുടങ്ങി.

രാധയും എന്നെപോലെ വൈകി ഉറങ്ങുന്ന ശീലകാരിയാണ്‌. അതുകൊണ്ട്‌ ഞങ്ങളുടെ സംസാരം വീണ്ടും നീണ്ടു. ട്രെയിന്‍ മുന്നോട്ട്‌ നീങ്ങുന്നതിനൊപ്പം ഞങ്ങളുടെ ബന്ധവും മുന്നോട്ട്‌ നീങ്ങുന്നതായി എനിക്ക്‌ തോന്നി. ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി തോന്നിയ ഒരു സന്ദര്‍ഭത്തില്‍ തെറ്റുധരിക്കരുതെന്ന മുഖവുരയോടെ മടിച്ച്‌ മടിച്ച്‌ ഞാന്‍ രഹസ്യം വെള്ളിപ്പെടുത്തി. വര്‍ഷങ്ങളായി പലരാത്രികളിലും അവളെ ദിവസത്തെ അതെ വേഷത്തില്‍ സ്വപ്നം കണ്ടിരുന്നതും, അവളുടെ പേരും പോലും എനിക്ക്‌ അറിയാമായിരുന്നതും.

ഒരു നിമിഷം അവള്‍ എന്നെ സംശയത്തോടെ നോക്കി. പിന്നെ ഒന്നും ഉരിയാടാതെ പുറത്തേക്ക്‌ നോക്കിയിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ജൊളാര്‍പെട്ടയ്യ് സ്റ്റേഷനിലെത്തി.

രാധയുടെ മറുപടിക്ക്‌ വേണ്ടി ഞാന്‍ കുറച്ച്‌ നിമിഷങ്ങള്‍ കാത്തിരുന്നു. എന്റെ വെളിപ്പെടുത്തല്‍ രാധ അവിശ്വസിച്ചെന്നു തോന്നു. അവള്‍ അപ്പോഴും പുറത്തേക്ക്‌ നോക്കിയിരുപ്പാണ്‌.

പിന്നെയൊന്നും സംസാരിക്കന്‍ തോന്നാതുകൊണ്ട്‌ ഞാന്‍ അവള്‍ക്ക്‌ ശുഭരാത്രി നേര്ന്ന്‌ കൊണ്ട്‌ ഉറങ്ങാന്‍ കിട്ടുന്നു. എങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു. ട്രെയിന്‍ കുറച്ച്‌ ദൂരം കൂടി മുന്‍പോട്ട്‌ നീങ്ങിയപ്പോള്‍ രാധയും ഉറങ്ങാന്‍ കിടന്നു. പലവട്ടം ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി നിദ്രക്ക്‌ വഴിമാറി. എപ്പോഴോ ഉറക്കത്തിന്‌ എഴുന്നേറ്റപ്പോള്‍ പുറത്തേക്ക്‌ നോക്കി കണ്ണീര്‍ തൂവുന്ന രാധയെയാണ്‌ ഞാന്‍ കണ്ടത്‌.

എന്റെ ഉള്ളില്‍ കുറ്റബോധം ഉടലെടുത്തു.

ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ടയുടനെ അവള്‍ കണ്ണീര്‍ തുടച്ച്‌ എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴും കണ്ണുകള്‍ നിറഞ്ഞു തന്നെ ഇരുന്നിരുന്നു.

എന്തു പറ്റി എന്ന്‌ ഞാന്‍ നാലഞ്ചാവര്‍ത്തി ചോദിച്ചു.

ഉത്തരം മൌനമായിരുന്നു.

ഞാന്‍ എഴുന്നേറ്റ്‌ അവളുടെ അരുകിലിരുന്നു. അവളുടെ വലതു കൈ എന്റെ കൈക്കുള്ളിലാക്കി. അവള്‍ മ്രുദുവായി കൈ വലിക്കാന്‍ നോക്കിയെങ്കിലും ഞാന്‍ വിട്ടില്ല. ഞാന്‍ കൈ താലോലിച്ചു കൊണ്ടിരുന്നു.

നീണ്ട നേരത്തെ മൌനം ഭഞ്ജിച്ച്‌ കൊണ്ട്‌ ഞാന്‍ മെല്ലെ ചോദിച്ചു.

എന്തു പറ്റി. എന്നോട്‌ പറയില്ലേ?

ഒരു കണ്ണിര്‍ പുഴപോലെ അവളുടെ ദു:ഖങ്ങള്‍ എന്നിലേക്ക്‌ ഒഴുകിവന്നു. സാഹിത്യം പഠിക്കാന്‍ ആഗ്രഹിച്ച പ്രീഡിഗ്രികാരിയായ പെണ്‍കുട്ടി അച്ഛന്റെ ബിസിനസ്സ്‌ തകര്‍ച്ചയോടെ എല്ലാം നഷ്ട്പ്പെട്ടപ്പോള്‍ ഇരട്ടിപ്രായമുള്ള തന്റെ മുറചെറുക്കനെ കല്യാണം കഴിച്ചതും . പണം ഇരട്ടിക്കാന്‍ മാത്രം വ്യഗ്രത കാണിക്കുന്ന തൊട്ടതിനും , പിടിച്ചതിന്നും കുറ്റം മാത്രം കണ്ടെത്തുന്ന ഭാര്യയെയും , മക്കളെയും ഒരു കാഴ്ച വസ്തുവായി മാത്രം കാണുന്ന സംശയ രോഗിയായ ഭര്‍ത്താവും . അങ്ങനെ ഓരോന്നോരോന്നായി രാധയുടെ ദു:ഖങ്ങളെല്ലാം ഞാന്‍ അറിഞ്ഞു. അവ ഞങ്ങളുടെ ദു:ഖങ്ങളായി മാറി.


വീണ്ടും വാക്കുകള്‍ മുറിഞ്ഞു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു. അപ്പോഴും അവളുടെ വലതു കൈ എന്റെ കരങ്ങള്‍ ക്കുള്ളിലായിരുന്നു. കൈ സ്വത്രന്ത്രമാക്കി ഞാന്‍ അവളെ തലോടിയപ്പോള്‍ അവള്‍ എന്റെ ചുമലിലേക്കു ചാഞ്ഞിരുന്നു.

നീണ്ട നേരത്തെ മൌനത്തിനു അവള്‍ പറഞ്ഞു 'നിന്നെ പോലൊരാളെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌'.

പിന്നെയുള്ള ഞങ്ങളുടെ സംസാരം മുഴുവന്‍ ഒരിക്കലും നടക്കാതിരുന്ന കൌമാര സ്വപ്നങ്ങളെ കുറിച്ചായിരുന്നു. പരസ്പരം മൂളികേട്ടും തര്‍ക്കിച്ചും കളിയാക്കിയും ഞങ്ങള്‍ നേരം വെളുപ്പിച്ചു.

പ്രഭാതം വിടര്‍ന്നപ്പോള്‍ ഞങ്ങള്‍ അകന്നിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ആന്ധ്രയിലൂടെയുള്ള പ്രയാണം തുടങ്ങിയിരുന്നു.

കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ പല്ലുതേച്ച്‌ ബ്രഡും ,ബിസ്ക്കറ്റും ,പാക്കറ്റ്‌ ജൂസും കഴിച്ചു. കുറച്ച്‌ നേരം കുട്ടികളുടെ കൂടെ കളിച്ച ശേക്ഷം ഞാന്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനരുകില്‍ നിന്ന്‌ മാഞ്ഞുപോകുന്ന കാഴ്ച്ചകള്‍ നോക്കി നിന്നു.

പെട്ടന്ന്‌ എന്നെ പുറകില്‍ നിന്ന്‌ ചെറുതായി ഒന്നു തള്ളി പേടിപ്പിച്ചുകൊണ്ട്‌ രാധ എന്റെ അടുത്ത്‌ വന്നു നിന്നു. ഞാന്‍ അവളോട്‌ കൂടുതല്‍ അടുത്തു നിന്നു. ഞങ്ങള്‍ ഒന്നായി നിന്ന്‌ പുറം കാഴ്ചക്കളില്‍ മുഴുകി. ആ നില്പ്‌ വെയിലിനു ശക്തി കൂടുന്നതുവരെ നീണ്ടു.

കാബിനില്‍ മടങ്ങിയത്തിയ ഞങ്ങള്‍ മാളുവിന്റെയും ,ഇന്ദുവിന്റെയും കൂടെ കഥകളും , കടങ്കഥക്കളും പറഞ്ഞും , പാട്ടു പാടിയും , ഭക്ഷണം കഴിച്ചും ഒരു പാട്‌ രസിച്ചു. അതിനിടെ പലവട്ടം രാധയുടെ കണ്ണുനിറയുന്നതു ഞാന്‍ കണ്ടു. കാലം തെറ്റി വന്ന നല്ല ദിവസത്തിന്‌ വേഗം വളരെ കൂടുതലായിരുന്നു. നേരം ഇരുട്ടിയതോടെ എന്റെ മനസ്സിലെ ആധി കൂടി വന്നു. നാളെ ഉച്ചക്ക്‌ രാധ നഷ്ടപ്പെട്ടുമെന്നുള്ള ആധി. ഞങ്ങളുടെ കളിച്ചിരികള്‍ രാത്രി വരെ നിണ്ടു.

കുട്ടികള്‍ ഉറങ്ങിയപ്പോള്‍ ഞാന്‍ അവളുടെ അരികില്‍ ചെന്നിരുന്ന്‌ തലോടി കൊണ്ട്‌ വിളിച്ചു.
രാധേ....
ഉം .അവള്‍ വിളികേട്ടു.
നീ എന്റെ കൂടെ വരുമോ?
ഇല്ല.
നിനക്ക്‌ എന്നെ ഇഷ്ട്മല്ലേ?
ഉം
പിന്നെയെന്താ?
എനിക്ക്‌ മക്കളുണ്ട്‌. പിന്നെ പേരിന്‌ ഒരു ഭര്‍ത്താവും .
സരമില്ല ഞാന്‍ നിന്നെയും നിന്റെ മക്കളെയും നല്ലപോലെ നോക്കാം .
കണ്ണാ നീ വേറെയെന്തെങ്കിലും പറ.
അപ്പോ നീ എന്നെ മറക്കുമോ?
ഇല്ല.
ഇന്നി നമ്മള്‍ കാണുമോ?
ഇല്ല.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ?
ഇല്ല.
വല്ലപ്പോഴും ?
ഇല്ല.
നീ എനിക്ക്‌ കത്തെഴുത്തുമോ?
ചിലപ്പോ
എന്നെ വിളിക്കുമോ?
ചിലപ്പോ
എല്ലാ കാലവും വിളിക്കുമോ?
ഇല്ല.
പിന്നെ?
നിന്റെ കല്യാണം കഴിയുന്നതുവരെ.

ഒരു നിരാശകാമുകന്റെ ഭാവത്തോടെ ഞാന്‍ രാധയെ മാറോട്‌ ചേര്‍ത്തു. പക്ഷെ അവള്‍ അകന്നു മാറി നിര്‍വികാരതയോടെ എന്നെ നോക്കി. ഞാന്‍ കൂടുതല്‍ ബലത്തോടെ അവളേ എന്നോട്‌ അണച്ചു. ഞങ്ങള്‍ ഇണകുരുവികളായി സംസ്ഥാനങ്ങള്‍ താണ്ടി.

ഒരിക്കലും വരരുതെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചെങ്കിലും വിധിഹിതമനുസരിച്ച്‌ വന്ന പ്രഭാതം ഞങ്ങളെ വീണ്ടും അകറ്റി.

കുട്ടികളുണര്‍ന്നത്തോടെ ഞങ്ങള്‍ വീണ്ടും കഥകളിലേക്കും പാട്ടുകളിലേക്കും മടങ്ങിപ്പോയി. ട്രെയിന്‍ ആഗ്രയിലും ,മഥുരയിലും എത്തിയപ്പോള്‍ ഞനും,രാധയും കാതരമായ നോട്ടങ്ങള്‍ കൈമാറി. നിസാമുദീന്‍ എത്തുന്നതുവരെ ഞങ്ങളുടെ കളിചിരികള്‍ നിണ്ടു. പിരിയാനുള്ള സമയമായപ്പോള്‍ ഞങ്ങള്‍ നാലുപേരും ഒരു പോലെ വിഷമിച്ചു. കുട്ടികളുടെ ശ്രദ്ധയകന്ന ഒരു നിമിഷത്തില്‍ ഒരിക്കില്‍ കൂടി ഞാന്‍ അവളെ എന്നോട്‌ ചേര്‍ത്തു. ഞങ്ങള്‍ അന്ത്യ ചുംബനം കൈമാറി.

മിനിറ്റുകള്‍ ക്കുള്ളില്‍ ട്രെയിന്‍ ന്യൂദല്‍ഹി സ്റ്റേഷനിലെത്തി. മരവിച്ച മനസ്സോടെ ഞാന്‍ രാധയോടും , കുടുംബത്തോടും യാത്ര പറഞ്ഞ്‌ ആള്‍ കുട്ടത്തില്‍ ലയിച്ചു.

അതിനുശേഷം എത്രയോ തവണ ഞാന്‍ ദല്‍ഹിയില്‍ വന്നു പോയി. പക്ഷെ ഒരിക്കല്‍ പോലും അവളെ കണ്ടില്ല. ദല്‍ഹിയില്‍ വന്നാല്‍ ഞാന്‍ താമസ്സിക്കാറുള്ള റാഫിമാര്‍ഗിലെ എന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നും മയൂര്‍വിഹാറിലേക്ക്‌ കഷ്ടി ഒരു മണിക്കുര്‍ യാത്ര മതി. എന്നിട്ടും ഞാന്‍ എന്റെ രാധയെ അന്വേഷിച്ച് പോയില്ല. പലവട്ടം അങ്ങനെ വിചാരിച്ചെങ്കിലും .

എന്നാലും ചിലപ്പോ ദീര്‍ ഘവും , ചിലപ്പോള്‍ ഹ്രസ്വവുമായ ഇടവേളക്കളില്‍ രാധ എന്നെ വിളിക്കും . മനോഹര യാത്രയുടെ ഓര്‍മ്മ പുതുക്കാനായി. മറ്റൊരു രാധയെ ഞാന്‍ സ്വന്തമക്കുന്നതു വരെ വിളി എനിക്ക് പ്രതീക്ഷിക്കാം...................

8 അഭിപ്രായ(ങ്ങള്‍):

Nileenam said...

നന്നായി പറഞ്ഞു

പാവപ്പെട്ടവന്‍ said...

കുറേകൂടി ഒതുക്കി പറഞ്ഞാല്‍ ഇതിലും സൌന്ദര്യം കൂടും ശ്രദ്ധിക്കുമല്ലോ

usman said...

വൃത്തിയായി കഥ പറഞ്ഞിരിക്കുന്നു.. പരത്തിപ്പറഞ്ഞതുകൊണ്ടോ എന്തോ വൈകാരികത കുറഞ്ഞുപോയപോലെ തോന്നി

http://ozhiv.blogspot.com/

purakkadan said...

വിവാഹിതയായ പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍ഒരു കുന്നു കയറുന്നതു പോലെയാണ്‌. കിതച്ചും തളര്‍ന്നും ഇടക്കിടെ നിന്നും, ആരെങ്കിലും പുറകെ വരുന്നുണ്ടോ എന്നു നോക്കിയും... ചിലപ്പോള്‍ ഭയപ്പാടോടെ.. നന്നായിട്ടുണ്ട്‌ ഈ കഥ..

കൂതറHashimܓ said...

നല്ല കഥ
(രാധക്ക് അനിയത്തി ഉണ്ടോ എന്ന് ചോദിക്കാന്‍ തോനുന്നു)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഒരു കുഞ്ഞുകാര്യം വളരെയേറെ പറഞ്ഞുവല്ലൊ
അവതരണം കൊള്ളാം കേട്ടൊ

lekshmi. lachu said...

കഥ ഇഷ്ടമായി..പക്ഷെ എന്തോ ഒരു
പോരായിമ തോന്നി.. ചിലപ്പോ എന്‍റെ
മാത്രം തോന്നല്‍ ആകാം ടൌ..

ബിഗു said...

സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി.

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP