അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Monday, June 28, 2010

ചിറക് മുളച്ച കൂപമണ്ഡൂകങ്ങൾ                    ദിനാന്ത്യയാമത്തിൽ പൊട്ടക്കിണറ്റിൽ നിന്നും, പൊത്തുകൾക്കുള്ളിലെ മണിമന്ദിരവാതായനങ്ങൾ തുറന്ന്, മണ്ഡൂകന്മാർ ഓരോരുത്തരായി പുറത്തിറങ്ങി. തലയും ഉടലും പുറത്ത് കാണിക്കാതെ വീട്ടിനകത്തിരിക്കുന്ന എല്ലാ മണ്ഡൂകിമാരോടും ‘റ്റാറ്റ’ പറഞ്ഞ് അവർ സ്വവസതികളുടെ പൂമുഖവാതിൽ ബന്ധിച്ച് അരക്കിട്ട് ഒട്ടിച്ച് മുദ്രവെച്ചു. മണ്ഡൂകൻ തിരിച്ച് വരുന്നത്‌വരെ, അവരുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഒരു മണ്ഡൂകിയും മുൻ‌വാതിൽ തുറന്ന് പുറത്തിറങ്ങുകയില്ല.
‘പിൻ‌വാതിൽ തുറന്ന് പുറത്തിറങ്ങാൻ മണ്ഡൂകിമാർക്ക് കഴിയും എന്നത് പരസ്യമായ രഹസ്യമായതിനാൽ, അത് ‘രഹസ്യം’ ആയിത്തന്നെ എക്കാലത്തും സൂക്ഷിക്കുന്നു’.
                        ചുറ്റുമുള്ള അന്ധകാരത്തിന്റെ ആവരണത്തിന് കട്ടികൂടുന്തോറും അവർ ചാടിച്ചാടി കിണറിനു മുകളിൽ എത്തി. പിന്നെ വിശാലമായ ഇരുട്ടിലേക്ക് നിശബ്ദമായി ഊളിയിട്ട് ആൺ‌മണ്ഡൂകങ്ങൾ ഇറങ്ങിനടന്നു. 

                        പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കടലിൽ നിന്നും കരയിലേക്ക് വന്നവരുടെ സന്തതികളായ ഒരു കൂട്ടം മണ്ഡൂകങ്ങൾ അന്നും ഇന്നും ഒരു പൊട്ടക്കിണറ്റിന്റെ അടിത്തട്ടിൽ തന്നെയാണ് പാർക്കുന്നത്. അവർ പാർക്കുന്ന ആ പൊട്ടക്കിണർ ഒരു മുന്തിരിത്തോപ്പാണെന്ന് അവർ വിശ്വസിച്ചു. അവിടെ പകൽ‌വെളിച്ചത്തിന് പ്രവേശനം നിഷേധിച്ചതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യം വരാറില്ല.  അവർ ആയിരമായി തൊള്ളായിരമായി പതിനായിരമായി കാക്കതൊള്ളായിരമായി പെറ്റുപെരുകി. കൂപത്തിന്റെ മുക്കിലും മൂലയിലും നിറയെ പൊത്തുകളും തുരങ്കങ്ങളും നിർമ്മിച്ച് അതിനുള്ളിൽ മണിമന്ദിരങ്ങൾ പണിതു. ഏറ്റവും സുന്ദരമായി ശാന്തമായി ജീവിക്കാൻ അവർക്ക് കഴിഞ്ഞു. മനസ്സിൽ ഓർക്കുന്നതെല്ലാം മുന്നിൽ എത്തിക്കാനുള്ള കഴിവ് അവരുടെ ആൺസന്തതികൾക്ക് ഉണ്ടായിരുന്നു.
                        മണ്ഡൂക യുവാക്കൾ കൂപത്തിനു പുറത്ത് പോയി ആനന്ദജീവിതത്തിൽ ആറാടി. കവർച്ചയും, കൊള്ളയും, കൊലയും, ചെയ്ത് തിരിച്ച്‌വരുമ്പോൾ  കിട്ടാവുന്നത്ര സമ്പത്ത് വാരിയെടുത്ത് കൂപത്തിലെ സ്വവസതികളിൽ നിറക്കുന്നത് അവരുടെ വെറും വിനോദമായി ,മാറി. അവരുടെ അമ്മ, പെങ്ങൾ, ഭാര്യ, മകൾ തുടങ്ങിയ എല്ലാവരുടെയും മുന്നിൽ എന്നും സുഖജീവിതം അവർ കാഴ്ചവെച്ചു.

                         മണ്ഡൂകിമാർ ഒരിക്കലും മറ്റുള്ളവരെ കാണാനോ, കൂപം‌വിട്ട് പുറത്തിറങ്ങാനോ ആഗ്രഹിച്ചിരുന്നില്ല. പെണ്ണുങ്ങൾക്ക് പ്രധാനതൊഴിൽ വംശവർദ്ധനവാണ്; അതായത് അംഗസഖ്യ കൂട്ടുക. അക്കാര്യത്തിൽ മണ്ഡൂകികൾ മിടുക്കികളാണ്. അവർക്ക് വിവരം‌വെക്കാതിരിക്കാനും പുറം‌ലോകം കാണാതിരിക്കാനും വേണ്ട എല്ലാ സൂത്രപ്പണികളും ആണുങ്ങൾ ചെയ്യാറുണ്ട്. അതിനായി പ്രത്യേക നിയമങ്ങളും കോടതികളും രൂപീകരിച്ചു.

                       മണ്ഡൂകിമാരുടെ രാത്രിചര്യകൾക്ക് മാറ്റം വന്ന് ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഏതാനും വർഷം മുൻപാണ്. അതുവരെ ആണുങ്ങൾ പുറത്ത്‌പോകുമ്പോൾ വീടിന്റെ വാതിൽ അടച്ചുകുറ്റിയിടാറില്ല. മറ്റൊരു ലോകത്തെകുറിച്ച് അജ്ഞാതമായ, കൂപമണ്ഡൂകികൾ ജനിച്ച്‌വളർന്ന ഈ പൊട്ടക്കിണർ വിട്ട് പുറം‌ലോകത്തെപറ്റി ചിന്തിക്കുമെന്ന് വിശ്വസിക്കാത്ത ഒരു കാലത്താണ്, ആണുങ്ങളില്ലാത്ത അർദ്ധരാത്രിയിൽ ഒരു ചിറകുള്ള ചെകുത്താൻ വന്നത്. രാത്രിയിലെ യാമങ്ങളിൽ നക്ഷത്രക്കണ്ണുകളുമായി പറക്കുന്ന ആ ചെകുത്താന്റെ വാക്കുകളിൽ മയങ്ങി ഏതാനും തവളച്ചിമാർ വഴിതെറ്റിയതിനു ശേഷം മണ്ഡൂകന്മാർ വളരെ ശ്രദ്ധാലുക്കളാണ്. വഴിതെറ്റിയവളുമാരെയും അവർക്ക് പിറന്ന സന്താനങ്ങളെയും ഒന്നിച്ച് തീയിലിട്ട് കൊന്ന കഥയോർക്കുമ്പോൾ എല്ലാവരും പേടിച്ച് വിറക്കും.

                        സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപായിരുന്നു. അർദ്ധരാത്രി ആണുങ്ങളില്ലാത്ത നേരത്ത് കൂപമണ്ഡൂകികളുടെ ഗാനമേള കേട്ടാണ് ചിറകുള്ള വാവൽ ഗന്ധർവ്വൻ കിണറ്റിൽ പറന്നിറങ്ങിയത്. പിന്നീട് പലരാത്രികളിലും ഗന്ധർവ്വൻ വന്ന് പാട്ടുപാടാനും നൃത്തം ചെയ്യാനും തുടങ്ങി. അവൻ കൂപത്തിന് പുറത്തുള്ള ലോകത്തെപറ്റി ധാരാളം കഥകൾ പറയാൻ തുടങ്ങി. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെപറ്റിയും, വിശാലമായ കാടുകളുടെയും കായലുകളുടെയും കടലുകളുടെയും കഥകൾ പറയുന്നത് കേൾക്കാൻ എല്ലാ മണ്ഡൂകിമാരും പുറത്തിറങ്ങി. ഇക്കാര്യം മണ്ഡൂകന്മാരിൽനിന്നും രഹസ്യമാക്കി വെക്കാൻ പെണ്ണുങ്ങൾ ശ്രദ്ധിച്ചു.

                         അങ്ങനെ പുറം‌ലോകത്തെപറ്റി അറിയാൻ തുടങ്ങിയ മണ്ഡൂകികൾക്ക് അവർ പാർക്കുന്ന പൊട്ടക്കിണറിൽ നിന്നും പുറത്തുചാടാൻ കൊതിയായി. അവരുടെ അടച്ചുപൂട്ടിയ ജീവിതത്തെ വെറുക്കാൻ തുടങ്ങി. ഓരോ പകലും വിശാലമായ ആകാശത്തെ സ്വപ്നം കണ്ട് അവർ ഉറങ്ങി. എങ്ങനെയെങ്കിലും പുറത്ത് കടക്കാനുള്ള സുവർണ്ണാവസരത്തിനായി ഓരോ മണ്ഡൂകിയും കൊതിച്ചു.
                          ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വലിയ അപകടം സംഭവിച്ചത്. ‘പുതുമഴക്ക് ശേഷം കൂപത്തിൽ പിറക്കുന്ന എല്ലാ മണ്ഡൂകസന്തതികൾക്കും ചിറക് മുളച്ചിരിക്കുന്നു’! വാർത്തകൾ അറിഞ്ഞ മണ്ഡൂകന്മാർ ഞെട്ടി. കൂപത്തിനു പുറത്ത്, ഒരിക്കലും എത്തിനോക്കുകപോലും ചെയ്യാത്ത ഈ മണ്ഡൂകിമാർ പിഴച്ചിരിക്കുന്നു.  

                         അർദ്ധരാത്രിതന്നെ അടിയന്തിര മണ്ഡൂകസഭ ചേർന്നു. എല്ലാവരും ഒന്നിച്ച് പറയാൻ തുടങ്ങി, 
‘പിഴച്ച സന്തതികളെയും അമ്മമാരെയും കൂട്ടമായി കൊല്ലുക. ഈ കൂപത്തിനു പുറത്ത് മണ്ഡൂകികൾക്ക് ഒരു ലോകം ഉണ്ടാവാൻ പാടില്ല’.
അങ്ങിനെ അവർ ഒരു  കൂട്ടക്കുരുതിയിലൂടെ വർഗ്ഗശുദ്ധീകരണം നടത്തിയപ്പോൾ പ്രശ്നം പരിഹരിച്ചു.
                       മണ്ഡൂകിമാർ പൊട്ടക്കിണറിനു പുറത്തുള്ള ലോകത്തെകുറിച്ച് പിന്നീടൊരിക്കലും സ്വപ്നം കണ്ടില്ല. അതിനുശേഷം പൊട്ടക്കിണറ്റിൽ പിറവിയെടുക്കുന്ന മണ്ഡൂകസന്താനങ്ങൾക്ക് ഒരിക്കൽ‌പോലും ചിറക് മുളച്ചില്ല.കഥ: മിനി

6 അഭിപ്രായ(ങ്ങള്‍):

ഉമേഷ്‌ പിലിക്കൊട് said...

:-)

തെച്ചിക്കോടന്‍ said...

കൂപമണ്ഡൂകങ്ങള്‍! :)

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

“പുതുമഴക്ക് ശേഷം കൂപത്തിൽ പിറക്കുന്ന എല്ലാ മണ്ഡൂകസന്തതികൾക്കും ചിറക് മുളച്ചിരിക്കുന്നു’!“

ദ്വയാർഥങ്ങളിൽ കൂടിയും ഈ കഥ വായിച്ചു രസിക്കാം കേട്ടൊ ടീച്ചറേ...

കുഞ്ഞൂസ് (Kunjuss) said...

കൂപമണ്ഡൂകങ്ങള്‍! അര്‍ത്ഥസമ്പുഷ്ടമായ പേര്.
ഒരു കാലഘട്ടത്തിന്റെ കഥ നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍...

ബിഗു said...

Nice one :)

jayarajmurukkumpuzha said...

aasalayi ee akhyaanam...... aashamsaka......

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP